വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ടി20 ടീമില്‍ നിന്നും തഴയപ്പെട്ടതിനു ബാറ്റ് കൊണ്ടു സെലക്ടര്‍മാര്‍ക്കു മറുപടി നല്‍കിയിരിക്കുകയാണ് യുവതാരം റിങ്കു സിങ്. ദുലീപ് ട്രോഫി റെഡ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് ടി20 ശൈലിയില്‍ താരം വെടിക്കെട്ട് ഇന്നിങ്‌സ് കളിച്ചത്. ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ വെസ്റ്റ് സോണിനെതിരേ സെന്‍ട്രല്‍ സോണ്‍ ടീമിനു വേണ്ടിയാണ് റിങ്കു കളിച്ചത്.
ബൗളര്‍മാരെ തല്ലിത്തകര്‍ത്ത താരം രണ്ടാമിന്നിങ്‌സില്‍ 30 ബോളില്‍ 40 റണ്‍സോടൈ തിളങ്ങുകയായിരുന്നു. ബൗണ്ടറികളേക്കാള്‍ സിക്‌സറുകളടിക്കാനാണ് റിങ്കു ആവേശം കാണിച്ചത്. 133.33 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. മൂന്നു വീതം ബൗണ്ടറികളും സിക്‌സറുമടക്കം 40 റണ്‍സ് നേടി റിങ്കു പുറത്താവുകയായിരുന്നു.

അപകടകരമാം വിധം ബാറ്റ് ചെയ്ത അദ്ദേഹത്തിനു പക്ഷെ ഫിഫ്റ്റി തികയ്ക്കാനായില്ല. ഫിഫ്റ്റിക്കു 10 റണ്‍സ് അകലെ നില്‍ക്കെ യുവരാജ് സിങ് ദോഡിയ റിങ്കുവിനെ പുറത്താക്കുകയയിരുന്നു. അര്‍സാന്‍ നാഗസ്വല്ലയായിരുന്നു ക്യാച്ചെടുത്തത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി ഫിനിഷറുടെ റോളില്‍ മിന്നിച്ച റിങ്കു ദുലീപ് ട്രോഫിയിലും ഇതേ ഫോം ആവര്‍ത്തിക്കുകയായിരുന്നു.
പക്ഷെ റിങ്കുവിന്റെ പ്രകടനത്തിനു ടീമിനെ വിജയത്തിലെത്തിക്കാനായില്ല. 390 റണ്‍സിന്റെ വന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന സെന്‍ട്രല്‍ സോണിനു നാലു വിക്കറ്റിനു 128 റണ്‍സാണ് നേടാനായത്. ഇതോടെ മല്‍സരം സമനിലയില്‍ കലാശിക്കുകയും ചെയ്തു. ആദ്യ ഇന്നിങ്‌സില്‍ നേടിയ ലീഡിന്റെ കരുത്തില്‍ വെസ്റ്റ് സോണ്‍ ഫൈനലിലേക്കും മുന്നേറി. ഫൈനലില്‍ സൗത്ത് സോണാണ് വെസ്റ്റ് സോണിന്റെ എതിരാളികള്‍.
ഈ മല്‍സരത്തില്‍ മഴയ്ക്കും ഒരു നിര്‍ണായക റോളുണ്ടായിരുന്നു. മഴയെതുടര്‍ന്നു കളിയില്‍ നിരവധി ഓവറുകള്‍ നഷ്ടമായിരുന്നു. റണ്‍ചേസില്‍ മതിയായ ഓവറുകള്‍ ബാറ്റ് ചെയ്യാന്‍ പോലും സാധിക്കാതെയാണ് സെന്‍ട്രല്‍ സോണ്‍ പുറത്തായത്. രണ്ടാമിന്നിങ്‌സില്‍ മാത്രമല്ല സെന്‍ട്രല്‍ സോണിനായി ആദ്യ ഇന്നിങ്‌സിലും റിങ്കു ബാറ്റിങില്‍ മിന്നിച്ചിരുന്നു.

69 ബോളില്‍ 48 റണ്‍സോടെ അദ്ദേഹം ടീമിന്റെ ടോപ്‌സ്‌കോററായിരുന്നു. ആറു ഫോറുകളുള്‍പ്പെടെയായിരുന്നു ഇത്. വെസ്റ്റ് സോണിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 220 റണ്‍സ് പിന്തുടര്‍ന്ന സെന്‍ട്രല്‍ സോണിന്റെ ടീം ടോട്ടല്‍ 128 വരെയെത്തിച്ചത് റിങ്കുവിന്റെ പ്രകടനമായിരുന്നു.
വെറും ടി20 സ്‌പെഷ്യലിസ്റ്റ് മാത്രമല്ല റിങ്കു. റെഡ് ബോള്‍ ക്രിക്കറ്റിലും മികച്ച ബാറ്റിങ് കാഴ്ചവയ്ക്കാന്‍ തനിക്കാവുമെന്നു അദ്ദേഹത്തിന്റെ ഫസ്റ്റ് ക്ലാസ് കരിയര്‍ തെളിയിക്കുന്നു. 25 കാരനായ താരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 42 മല്‍സരങ്ങളില്‍ നിന്നും 57.82 എന്ന തകര്‍പ്പന്‍ ശരാശരിയോടെ 3007 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്കു റിങ്കു മല്‍സരരംഗത്തില്ലെങ്കിലും വൈകാതെ തന്നെ ഇന്ത്യന്‍ എ ടീമിനായി കളിക്കാനുള്ള സാധ്യത കൂടുതലാണ്.
വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നിന്നും അവഗണിക്കപ്പെട്ടെങ്കിലും അതിനു ശേഷം നടക്കാനിരിക്കുന്ന അയര്‍ലാന്‍ഡ് പര്യടനത്തിലെ ടി20 പരമ്പരയില്‍ റിങ്കുവിന് ഉറപ്പായും ഇന്ത്യന്‍ ടീമിലേക്കു വിളിയെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റിങ്കുവിനെക്കൂടാതെ വിന്‍ഡീസുമായുള്ള ടി20 ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദിനും അയര്‍ലാന്‍ഡ് പര്യടനത്തിലെ ടീമില്‍ ഇടം ലഭിച്ചേക്കും.
അടുത്ത മാസം 13നാണ് ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള അഞ്ചു ടി20കളുടെ പരമ്പര അവസാനിക്കുന്നത്. അതിനു പിന്നാലെ ഇന്ത്യന്‍ സംഘം അയര്‍ലാന്‍ഡിലേക്കു പറക്കും. ആഗസ്റ്റ് 18, 20, 23 തിയ്യതികളിലാണ് ഐറിഷ് ടീമുമായുള്ള ഇന്ത്യയുടെ ടി20 മല്‍സരങ്ങള്‍.