വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ പുതുമുഖവും യുവതാരവുമായ തിലക് വര്‍മയെ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്തിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ടി20യില്‍ ഒരു ലോവര്‍ മിഡില്‍ ഓര്‍ഡര്‍ ബാറ്ററെയാണ് ഇന്ത്യ നോക്കുന്നതെങ്കില്‍ റിങ്കു സിങായിരുന്നു കൂടുതല്‍ മെച്ചപ്പെട്ട ഓപ്ഷനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 15 അംഗ സംഘത്തെയാണ് പുതിയ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ക്കു കീഴിലുള്ള അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
തിലകിനെക്കൂടാതെ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളായിരുന്നു ടീമിലെ മറ്റൊരു പുതുമുഖം. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി ഫിനിഷറുടെ റോളില്‍ മിന്നിച്ച താരമാണ് റിങ്കു സിങ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിനു ഉറപ്പായും വിന്‍ഡീസ് പര്യടനത്തില്‍ ടീമില്‍ ഇടം ലഭിക്കുമെന്നു എല്ലാവരും പ്രതീക്ഷിക്കുകയും ചെയ്തിരുന്നു.

പക്ഷെ ടീം പ്രഖ്യാപനം വന്നപ്പോള്‍ റിങ്കുവില്ല. പകരം തിലകിനു നറുക്കുവീഴുകയായിരുന്നു. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് വിന്‍ഡീസ് പര്യടനത്തില്‍ റിങ്കുവിനു പകരം തിലകിനെ ഇന്ത്യന്‍ ടീമിലുള്‍പ്പടുത്തിയതിനെ ചോപ്ര ചോദ്യം ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ മധ്യനിരയെ എടുക്കുകയാണെങ്കില്‍ അവിടെ സൂര്യകുമാര്‍ യാദവ്, സഞ്ജു സാസണ്‍, തിലക് വര്‍മ, ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവരെല്ലാമുണ്ട്.
മൂന്നാം നമ്പറില്‍ തിലകിനെ കളിപ്പിക്കുന്നതിനെപ്പറ്റി ഇന്ത്യ ചിന്തിക്കുന്നുണ്ടാവുമെന്നു എനിക്കു തോന്നുന്നില്ല. ഹാര്‍ദിക് പാണ്ഡ്യക്കു ശേഷം ബാറ്റ് ചെയ്യാന്‍ ഒരാളെയാണ് ഇന്ത്യ തിരയുന്നതെങ്കില്‍ റിങ്കു സിങായിരുന്നു കൂടുതല്‍ നല്ലത്. തിലകിനെ മൂന്നാംനമ്പറില്‍ കളിപ്പിച്ചെങ്കില്‍ മാത്രമേ കാര്യമുള്ളൂവെന്നും ആകാശ് ചോപ്ര നിരീക്ഷിച്ചു.
തിലക് വര്‍മ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്നായിരിക്കും നിങ്ങള്‍ ആഗ്രഹിക്കുക. പക്ഷെ അതു സംഭവിക്കാന്‍ പോവുന്നില്ല. കാരണം സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരെയാണ് വിക്കറ്റ് കീപ്പര്‍മാരായി ടി20 ടീമിലെടുത്തിരിക്കുന്നത്. ഇവരില്‍ ആരെ കളിപ്പിച്ചാലും ഏറ്റവും മികച്ച ബാറ്റിങ് ഓപ്ഷന്‍ ടോപ് ത്രീയിലായിരിക്കും. അതിനാല്‍ തന്നെ തിലകിനെ കളിപ്പിക്കാനും പോവുന്നില്ലെന്നു ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി.
ശുഭ്മന്‍ ഗില്ലിനൊപ്പം യശസ്വി ജയ്‌സ്വാള്‍ ടി20 പരമ്പരയില്‍ ഓപ്പണ്‍ ചെയ്യുകയാണെങ്കില്‍ മൂന്നാം നമ്പറില്‍ സഞ്ജു, ഇഷാന്‍ എന്നിവരിലൊരാളെയായിരിക്കും ഹാര്‍ദിക് ക്രീസിലേക്ക് അയക്കുക. ചിലപ്പോള്‍ ഇഷാനെ ഓപ്പണറായും സഞ്ജുവിനെ മൂന്നാം നമ്പറിലും ഇന്ത്യ കളിപ്പിച്ചേക്കുകയും ചെയ്യും.

ടോപ്പ് ത്രീയില്‍ നിങ്ങള്‍ അവരെ നിലനിര്‍ത്തുകയാണെങ്കില്‍ തിലക് വര്‍മയ്ക്കു ബാറ്റിങില്‍ താഴേക്കു പോവേണ്ടതായി വരും. തിലക് താഴേക്കു പോയാല്‍ സൂര്യകുമാര്‍ യാദവിനെ നാലില്‍ താഴെ പൊസിഷനില്‍ അയക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കില്ല. സൂര്യക്കു അനുയോജ്യമായത് മൂന്നാം നമ്പറോ, നാലാം നമ്പറോയാണ്.
ഹാര്‍ദിക് പാണ്ഡ്യയായിരിക്കും അഞ്ചാം നമ്പറില്‍. തിലകിനു ആറാം നമ്പറില്‍ കളിക്കേണ്ടി വരും. അതു അവനു യോജിച്ച പൊസിഷനാണോ? ഇതായിരിക്കും ഒരു ചോദ്യം. കഴിഞ്ഞ ഐപിഎല്ലില്‍ തിലക് നന്നായി കളിച്ചിരുന്നു. മുംബൈ ഇന്ത്യന്‍സിനായി ടോപ് ഓര്‍ഡറില്‍ തുടക്കത്തിലാണ് അവന്‍ ബാറ്റ് ചെയ്തത്. നന്നായി കളിക്കുകയും ചെയ്തു. ബാംഗ്ലൂരിനെതിരേ തിലക് നേടിയ 70 റണ്‍സാണ് താന്‍ ഇപ്പോഴും ഓര്‍മിക്കുന്നതെന്നും ചോപ്ര വ്യക്തമാക്കി.
ആര്‍സിബിയുമായുള്ള ആ മല്‍സരത്തിനു ശേഷം തിലക് വര്‍മ ലോവര്‍ ഓര്‍ഡറിലായിരുന്നു ബാറ്റ് ചെയ്തത്. കാമറൂണ്‍ ഗ്രീനിനെ മുകളിലേക്കു കൊണ്ടു വന്നതോടെയായിരുന്നു തിലകിനു താഴേക്കു മാറേണ്ടി വന്നത്. അവിടെയും അവനു നന്നായി കളിക്കാന്‍ കഴിഞ്ഞു. പക്ഷെ ഇന്ത്യന്‍ ടീമില്‍ മൂന്നാം നമ്പറായിരുന്നു തിലകിനു ഏറ്റവും യോജിച്ചത്. അഞ്ച്-ഏഴ് വരെ പൊസിഷനുകളിലേക്കാണ് താരത്തെ വേണ്ടിയിരുന്നതെങ്കില്‍ റിങ്കുവിനെ ഉള്‍പ്പെടുത്താമായിരുന്നെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.