IND vs WI: ഉത്തരവാദിത്തം ഇല്ല, അവസരം മുതലാക്കാന്‍ അറിയണം! സഞ്ജുവിനെതിരേ പാര്‍ഥിവ്
ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയിരിക്കുകയാണ്. ആദ്യ ടി20യില്‍ 12 പന്തില്‍ 12 റണ്‍സ് നേടിയാണ് സഞ്ജു പുറത്തായത്. ഫിനിഷര്‍ റോളിലിറങ്ങിയ സഞ്ജു റണ്ണൗട്ടായാണ് പുറത്തായത്. ഇതിനെ ദൗര്‍ഭാഗ്യമെന്ന് വിളിക്കാം. പക്ഷെ രണ്ടാം ടി20യിലെ സഞ്ജുവിന്റെ പ്രകടനത്തിനെ ന്യായീകരിക്കുക പ്രയാസമാണ്. ഏഴ് പന്ത് നേരിട്ട് ഏഴ് റണ്‍സ് നേടിയാണ് സഞ്ജു മടങ്ങിയത്.
നിര്‍ണ്ണായക സമയത്ത് ക്രീസില്‍ നിന്ന് കയറി കളിച്ചാണ് സഞ്ജു വിക്കറ്റ് തുലച്ചത്. അക്കീല്‍ ഹൊസീനെ സിക്‌സര്‍ പറത്താനുള്ള ശ്രമം പാളിയപ്പോള്‍ വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പുരാന്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. യാതൊരു ഉത്തരവാദിത്തവും കാട്ടാതെയാണ് സഞ്ജു വിക്കറ്റ് വലിച്ചെറിഞ്ഞത്. സഞ്ജുവിന് ഇന്ത്യ അവസരം നല്‍കുന്നില്ലെന്ന് മുറവിളി കൂട്ടുന്നവര്‍ ഏറെയാണ്. എന്നാല്‍ ലഭിക്കുന്ന അവസരങ്ങളെ മുതലാക്കി ആരാധകരോടും ടീമിനോടും നീതി കാട്ടാന്‍ സഞ്ജുവിന് സാധിക്കുന്നില്ല.
ഇപ്പോഴിതാ സഞ്ജുവിന്റെ പ്രകടനത്തിനെതിരേ വ്യാപക വിമര്‍ശനം ഉയരുകയാണ്. മലയാളി താരത്തിന്റെ ഉത്തരവാദിത്തമില്ലാത്ത പ്രകടനത്തെ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായ പാര്‍ഥിവ് പട്ടേല്‍. 'ഇന്ത്യ തോല്‍ക്കുന്ന സമയത്തെല്ലാം നമ്മള്‍ നെഗറ്റീവ് പോയിന്റാണ് ചിന്തിക്കുന്നത്. ഈ പരമ്പരയില്‍ ബാറ്റ്‌സ്മാന്‍മാരുടെ മോശം പ്രകടനമാണ് പ്രശ്‌നമായിട്ടുള്ളത്.
സഞ്ജു സാംസണ്‍ ടീമില്‍ നിന്ന് തഴയപ്പെടുന്ന സാഹചര്യങ്ങളിലെല്ലാം അത് വലിയ ചര്‍ച്ചയാവുകയും സഞ്ജുവിന് കൂടുതല്‍ അവസരം നല്‍കണമെന്ന ആവശ്യം ശക്തമാവുകയും ചെയ്യാറുണ്ട്. എന്നാല്‍ ലഭിക്കുന്ന അവസരങ്ങളൊന്നും മുതലാക്കാന്‍ ഇതുവരെ സഞ്ജുവിന് സാധിച്ചിട്ടില്ല. സമയം മുന്നോട്ട് പോവുകയാണ്. സത്യസന്ധമായി പറഞ്ഞാല്‍ സഞ്ജുവിന് മികവ് കാട്ടാന്‍ ആവശ്യത്തിന് അവസരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും വിനിയോഗിക്കാന്‍ സഞ്ജുവിന് സാധിച്ചില്ലെന്നതാണ് വസ്തുത.

നിലവിലെ പരമ്പരയില്‍ ഒരു ബാറ്റ്‌സ്മാനെ മാത്രമാണ് മികച്ചവനെന്ന് വിളിക്കാനാവൂ. അത് തിലക് വര്‍മയാണ്'- ക്രിക്ബസില്‍ സംസാരിക്കവെ പാര്‍ഥിവ് പറഞ്ഞു. സഞ്ജുവിന് തുടര്‍ അവസരങ്ങള്‍ നല്‍കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ മികച്ച പ്രകടനം നടത്തുമെന്ന് പ്രതീക്ഷയില്ലാത്ത സഞ്ജുവിന് തുടര്‍ അവസരങ്ങള്‍ നല്‍കാനാവില്ല. സ്ഥിരതയില്ലാത്തതാണ് സഞ്ജുവിന്റെ പ്രധാന പ്രശ്‌നം. ആദ്യ മത്സരത്തില്‍ ഫിനിഷറായപ്പോള്‍ അദ്ദേഹം ഫ്‌ളോപ്പായി.
ഫിനിഷര്‍ റോള്‍ സഞ്ജുവിന് ചേരാത്തതാണ് മോശം പ്രകടനത്തിന് കാരണമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെട്ടത്. അതുകൊണ്ടുതന്നെ രണ്ടാം ടി20യില്‍ സഞ്ജുവിനെ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ അവസരം നല്‍കി. അപ്പോഴും നീതികാട്ടാന്‍ അദ്ദേഹത്തിനായില്ല. വെടിക്കെട്ട് ബാറ്റ്‌സ്മാനാണ് സഞ്ജുവെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ മത്സരത്തിന്റെ സാഹചര്യവും പിച്ചിന്റെ സ്വഭാവവും വിലയിരുത്തി കളിക്കാന്‍ സഞ്ജുവിന് സാധിക്കുന്നില്ല. സഞ്ജു തന്റെ ഷോട്ടുകളെ അമിതമായി വിശ്വസിക്കുന്നു.
നിലയുറപ്പിച്ച് കളിക്കേണ്ട സാഹചര്യത്തിലും അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് സഞ്ജു വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ് എന്നീ ടൂര്‍ണമെന്റുകളെല്ലാം വരാനിരിക്കെ സഞ്ജുവിന് മികവ് തെളിയിക്കാനുള്ള അവസരമായിരുന്നു മുന്നിലുണ്ടായിരുന്നത്. പക്ഷെ സഞ്ജു ഈ അവസരങ്ങളെല്ലാം നശിപ്പിച്ചിരിക്കുകയാണ്. പരമ്പരയില്‍ മൂന്ന് മത്സരങ്ങള്‍ ശേഷിക്കുന്നുണ്ട്. മൂന്നിലും സഞ്ജുവിന് മികവ് കാട്ടാനാവാത്ത പക്ഷം ടീമിലെ സീറ്റ് തെറിക്കുമെന്നുറപ്പാണ്.
യുവതാരം തിലക് വര്‍മയുടെ പ്രകടനത്തെ പാര്‍ഥിവ് പട്ടേല്‍ പ്രശംസിച്ചു. 'തിലക് സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് നന്നായി കളിച്ചു. സ്പിന്നര്‍മാര്‍ക്കെതിരേ കളിച്ച സ്വീപ് ഷോട്ടൊക്കെ വളരെ മനോഹരമായിരുന്നു. കവറിന് മുകളിലൂടെ പറത്തിയ സിക്‌സറിലൂടെത്തന്നെ തിലക് തന്റെ കഴിവ് ഉയര്‍ത്തിക്കാട്ടി. വെസ്റ്റ് ഇന്‍ഡീസിന്റെ ബൗളിങ് അത്ര മികച്ചതായിരുന്നില്ല. ഇതിനെ നന്നായി മുതലാക്കിയത് തിലക് മാത്രമാണ്. ഫീല്‍ഡിങ്ങിലും മികവ് കാട്ടാന്‍ തിലകിന് കഴിവുണ്ട്'- പാര്‍ഥിവ് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications