വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ നിന്നും മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ തഴഞ്ഞിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും സെലക്ടറുമായ ക്രിസ് ശ്രീകാന്ത്. സഞ്ജുവിന് പകരം ഇഷാന്‍ കിഷന്‍ തീര്‍ച്ചയായും മധ്യനിരയില്‍ ഇന്ത്യക്കു വേണ്ടി കളിക്കണമെന്നു തന്നെയാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
കൂടാതെ ഏകദിനത്തിലെ വമ്പന്‍ ഫ്‌ളോപ്പായ ടി20 സ്‌പെഷ്യലിസ്റ്റ് സൂര്യകുമാര്‍ യാദവും ഇന്ത്യന്‍ മധ്യനിരയില്‍ വേണമെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി. ചീക്കി ചീക്ക എന്ന സ്വന്തം യൂട്യൂബ് ചാനലില്‍ മകനും മുന്‍ ക്രിക്കറ്ററുമായ അനിരുദ്ധ് ശ്രീകാന്തിനൊപ്പം ഇന്ത്യന്‍ ടീമിനെക്കുറിച്ച് വിശകലനം നടത്തുകയായിരുന്നു ശ്രീകാന്ത്.

ഏകദിന പരമ്പരയില്‍ നാല്, അഞ്ച് സ്ഥാനങ്ങളിലാണ് ഇന്ത്യക്കു നിലവില്‍ ഒഴിവുകളുള്ളത്. സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നീ മൂന്നു പേരാണ് രണ്ടു സ്ഥാനങ്ങള്‍ക്കായി പോരടിക്കുന്നതെന്നും അനിരുദ്ധ് ശ്രീകാന്ത് ചൂണ്ടിക്കാട്ടി. സൂര്യകുമാര്‍ വളരെ ബ്രില്ല്യന്റായ ക്രിക്കറ്ററാണ്. ഏകദിനത്തില്‍ അദ്ദേഹത്തിനു ഇനിയും മതിയായ അവസരങ്ങള്‍ ഇന്ത്യ നല്‍കേണ്ടതുണ്ടെന്നു ഞാന്‍ കരുതുന്നു. ഇഷാന്‍ കിഷനും തീര്‍ച്ചയായും കളിക്കണമെന്നും ശ്രീകാത് ചൂണ്ടിക്കാട്ടി.
നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവും അഞ്ചാം നമ്പറില്‍ ഇഷാന്‍ കിഷനും കളിക്കുകയാണെങ്കില്‍ പിന്നെ സഞ്ജുസാംസണിനു ഇലവനില്‍ സ്ഥാനമില്ല. ഇഷാന്‍ ഉറപ്പായും ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ വേണ്ട താരമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശ് പര്യടനത്തില്‍ ഇഷാന്‍ വളരെ നന്നായി പെര്‍ഫോം ചെയ്തിരുന്നു. അതിനു ശേഷം ഇന്ത്യയിലേക്കു വന്ന ശേഷമുള്ള പരമ്പരകളില്‍ ഇഷാനു മതിയായ അവസരങ്ങള്‍ കിട്ടിയില്ലെന്നും ശ്രീകാന്ത് വിലയിരുത്തി.
ഇഷാന്‍ കിഷന്‍ ഇന്ത്യയുടെ മാച്ച് വിന്നറായി മാറാന്‍ കഴിവുള്ള ക്രിക്കറ്ററാണ്. അവനെ ഇനിയും കളിപ്പിക്കാതെ ഇന്ത്യ പുറത്ത് ഇരുത്തരുത്. സഞ്ജു സാംസണിന്റെ കാര്യമെടുക്കുകയാണെങ്കില്‍ അദ്ദേഹവും സ്ഥാനര്‍ഹിക്കുന്നയാള്‍ തന്നെയാണ്. എന്നാല്‍ പ്രഥമ പരിഗണന ഇഷാന്‍ കിഷനു കൊടുക്കൂ. അതിനു ശേഷം സഞ്ജുവിനെ പരിഗണിച്ചാല്‍ മതി. റുതുരുരാജ് ഗെയ്ക്വാദിനെ ഏകദിനത്തില്‍ കളിപ്പിക്കാന്‍ ഇന്ത്യക്കു പ്ലാനുണ്ടെങ്കില്‍ ഓപ്പണിങില്‍ ഇറക്കൂ. മധ്യനിരയില്‍ കളിപ്പിക്കാന്‍ പാടില്ലെന്നു ശ്രീകാന്ത് വിശദീകരിച്ചു.

ഐസിസിയുടെ ഏകദിന ലോകകപ്പിനു ഇനി മാസങ്ങള്‍ മാത്രം ശേഷിക്കെ വെസ്റ്റ് ഇന്‍ഡീസിലെ ഏകദിന പരമ്പര സൂര്യകുമാര്‍ യാദവിനു വളരെ പ്രധാനമാണ്. പക്ഷെ വെസ്റ്റ് ഇന്‍ഡീസുമായുള്ള പരമ്പരയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ നമുക്കു ആരെയും വിലിരുത്താന്‍ സാധിക്കില്ല.
വളരെ മോശം ഫോമിലൂടെ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്ന ടീമാണ് വിന്‍ഡീസ്. ലോകകപ്പിനു ഇനിയും യോഗ്യത പോലും അവര്‍ നേടിയിട്ടില്ല. ഇങ്ങനെയൊരു ടീമിനെ വച്ച് നിനക്കു വിലയിരുത്താന്‍ കഴിയുമോ? ഏകദിനത്തില്‍ മാത്രമല്ല ടെസ്റ്റിലും ഈ ടീമിനെ വച്ച് ആരെയും വിലയിരുത്താന്‍ നമുക്കു കഴിയില്ലെന്നും ശ്രീകാന്ത് നിരീക്ഷിച്ചു.
ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നും സര്‍ഫറാസ് ഖാന്‍ വീണ്ടും തഴയപ്പെട്ടതിനെയും ശ്രീകാന്ത് രൂക്ഷമായി വിമര്‍ശിച്ചു. സര്‍ഫറാസ് ഖാന്‍ ഉറപ്പായും ടെസ്റ്റ് ടീമില്‍ ഇടം പിടിക്കേണ്ടതായിരുന്നു. എത്ര നന്നായിട്ടാണ് ആഭ്യന്തര ക്രിക്കറ്റില്‍ അവന്‍ പെര്‍ഫോം ചെയ്തു കൊണ്ടിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാവണം ഒരു താരം ടെസ്റ്റ് ടീമില്‍ എത്തേണ്ടതെന്നു നമ്മള്‍ പറഞ്ഞു കൊണ്ടേയിരിക്കുന്ന കാര്യമാണ്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 106.07 ആണ് സര്‍ഫറാസിന്റെ ശരാശരി. ഇന്ത്യയുടെ പല സെലക്ഷനുകളും ഐപിഎല്ലിന്റെ അടിസ്ഥാനത്തിലാണെന്നു എനിക്കു തോന്നുന്നു. ഇതു ശരിയായ കാര്യമല്ല. ഐപിഎല്ലിലെ പ്രകടനം നോക്കി ടി20യില്‍ താരങ്ങളെയെടുക്കാം. പക്ഷെ ടെസ്റ്റിലേക്കു ഐപിഎല്‍ മാനദമണ്ഡമാക്കി കളിക്കാരെ എടുക്കാന്‍ കഴിയില്ല. പാവം സര്‍ഫാസ്. അവന്‍ ഇനി ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ കളിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്നും ശ്രീകാന്ത് ചോദിക്കുന്നു.
ഇന്ത്യന്‍ ഏകദിന ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശര്‍ദ്ദുല്‍ ടാക്കൂര്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ജയദേവ് ഉനാട്കട്ട്, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്, മുകേഷ് കുമാര്‍.