Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ഗില്ലും റിഷഭുമില്ല!! നയിക്കാന്‍ രാഹുല്‍? സഞ്ജുവിനു കോളെത്തുമോ; സാധ്യതാ ടെസ്റ്റ് ടീം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നിലവില്‍ ഏഷ്യാ കപ്പിന്റെ ചൂടിലാണെങ്കിലും ഇതിനു തൊട്ടുപിന്നാലെ അടുത്തയാഴ്ച ടെസ്റ്റ് ചാലഞ്ച് കാത്തിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസുമായി നാട്ടില്‍ നടക്കാനിരിക്കുന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയ്ക്കു അടുത്ത മാസം രണ്ടിനു തുടക്കമാവും. ഈ മാസം 28നാണ് ഏഷ്യാ കപ്പിന്റെ കലാശപ്പോര് നടക്കാനിരിക്കുന്നത്.

അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഫൈനലില്‍ തീര്‍ച്ചയായും ഇന്ത്യയെ കാണാം. അങ്ങനെ വന്നാല്‍ വിന്‍ഡീസിനെതിരായ ആദ്യത്തെ ടെസ്റ്റിനു മുമ്പ് വെറും മൂന്നു ദിവസത്തെ ബ്രേക്ക് മാത്രമേ ഇന്ത്യക്കു ലഭിക്കുകയുള്ളൂ. അതുകൊണ്ടു തന്നെ ഏഷ്യാ കപ്പ് സംഘത്തിലെ ചിലര്‍ക്കു ടെസ്റ്റില്‍ വിശ്രമവും നല്‍കിയേക്കുമെന്നാണ് സൂചനകള്‍.

പാക്കിനെതിരേ അവന്‍ വേണ്ട!! സഞ്ജുവിനായി സൂര്യ ആ 'ത്യാഗം' ചെയ്യണം, ആവശ്യം ഗവാസ്‌കറുടേത്

ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ പുതിയ സീസണില്‍ (2025-27) ഇന്ത്യയുടെ രണ്ടാമത്തെ പരമ്പര കൂടിയാവും ഇത്. ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ 2-2നു തളയ്ക്കാന്‍ ഇന്ത്യക്കായിരുന്നു. വിന്‍ഡീസുമായുള്ള ടെസ്റ്റ് ടീമിനെ നാളെയോ (തിങ്കളാഴ്ച) മറ്റെന്നാളോ പ്രഖ്യാപിക്കും. സാധ്യതാ സ്‌ക്വാഡ് എങ്ങനെയാവുമെന്നു നോക്കാം.

RAHUL GILL

ടീമില്‍ ആരൊക്കെ?

വെസ്റ്റ് ഇന്‍ഡീസുമായുള്ള ടെസ്റ്റ് പരമ്പരയില്‍ നായകനും യുവ സൂപ്പര്‍ താരവുമായ ശുഭ്മന്‍ ഗില്ലിനു ഇന്ത്യ ബ്രേക്ക് നല്‍കിയേക്കും. കാരണം ഇംഗ്ലണ്ട് പര്യടനത്തിനു പിന്നാലെ അദ്ദേഹം ഇപ്പോള്‍ ഏഷ്യാ കപ്പിലും കളിക്കുകയാണ്. ഇനി ദൈര്‍ഘ്യമേറിയ ഓസ്‌ട്രേലിയന്‍ പര്യടനവും അടുത്ത മാസം പകുതിക്കു ശേഷം ആരംഭിക്കാനിരിക്കുകയാണ്.

അതിനാല്‍ വിന്‍ഡീസിനെതിരേ ഗില്ലിനു ബ്രേക്ക് നല്‍കാനാണ് അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ആലോചിക്കുന്നത്. പകരം സ്റ്റാര്‍ പ്ലെയറായ കെഎല്‍ രാഹുലാവും ടീമിനെ നയിച്ചേക്കുക. ടെസ്റ്റ് ടീമിന്റെ നിലവിലെ വൈസ് ക്യാപ്റ്റന്‍ റിഷഭ് പന്താണെങ്കിലും അദ്ദേഹം പരിക്കേറ്റ് വിശ്രമത്തിലാണ്. വിന്‍ഡീസിനെതിരേ കളിക്കാനുമിടയില്ല.

രാഹുലും യുവ താരം യശസ്വി ജയ്‌സ്വാളുമായിരിക്കും വിന്‍ഡീസിനെതിരേ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍മാര്‍. മൂന്നാം നമ്പറില്‍ യുവ ഇടംകൈയന്‍ ബാറ്ററായ സായ് സുദര്‍ശനെ കാണാം. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ നിരാശപ്പെടുത്തിയ മറുനാടന്‍ മലയാളി താരം കരുണ്‍ നായരെ വിന്‍ഡീസിനെതിരേ തഴഞ്ഞേക്കും. പകരം ദേവ്ദത്ത് പടിക്കല്‍, ശ്രേയസ് അയ്യര്‍ എന്നിവരിലൊരാള്‍ക്കാവും ടീമിലേക്കു നറുക്കു വീഴുക.

റിഷഭിന്റെ അഭാവത്തില്‍ യുവതാരം ധ്രുവ് ജുറേലായിരിക്കും ടീമിന്റെ ഫസ്റ്റ് ചോയ്‌സ് കീപ്പറാവുക. ബാക്കപ്പായി മലയാളി താരം സഞ്ജു സാംസണിനു ആദ്യമായി ടെസ്റ്റ് ടീമിലേക്കു വിളിയെത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ടെസ്റ്റിലേക്കു അദ്ദേഹം പരിഗണനയിലുണ്ടെന്നു നേരത്തേ കോച്ച് ഗൗതം ഗംഭീറും സൂചിപ്പിച്ചിരുന്നു.

പക്ഷെ സഞ്ജുവിനു വലിയ വെല്ലുവിളിയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്‍ ജഗദീശന്‍. ആഭ്യന്തര ക്രിക്കറ്റിലും ലിസ്റ്റ് എ ക്രിക്കറ്റിലുമെല്ലാം സ്ഥിരതയാര്‍ന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന ടെസ്റ്റില്‍ റിഷഭിന്റെ ബാക്കപ്പായി ജഗദീശനെ ടീമിലേക്കു വിളിക്കുകയും ചെയ്തിരുന്നു.

INDIAN TEST TEAM

ഓള്‍റൗണ്ടര്‍മാരായി ടീമിലുണ്ടാവുക രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറുമായിരിക്കും. ആര്‍ അശ്വിന്‍ വിരമിച്ചതിനാല്‍ അക്ഷര്‍ പട്ടേലും ടീമിലേക്കു മടങ്ങിയെത്തിയേക്കും. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു വിശ്രമം നല്‍കാനാണ് സാധ്യത. പകരം മുഹമ്മദ് സിറാജിനായിരിക്കും പേസ് ബൗളിങ് ചുമതല. പ്രസിദ്ധ് കൃഷ്ണ, ആകാശ്ദീപ് എന്നിവരുമുണ്ടാവും. കുല്‍ദീപ് യാദവാകും സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍.

വിന്‍ഡീസിനെതിരേ സാധ്യതാ ടെസ്റ്റ് ടീം

കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, അഭിമന്യു ഈശ്വരന്‍, സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍, ശ്രേയസ് അയ്യര്‍, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), നാരായണ്‍ ജഗദീശന്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ്ദീപ്, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍.

Story first published: Sunday, September 21, 2025, 18:28 [IST]
Other articles published on Sep 21, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+