മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വി മറന്ന് വെസ്റ്റ് ഇന്‍ഡീസ് പരമ്പരക്ക് തയ്യാറെടുക്കുകയാണ് ഇന്ത്യ. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ്, മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിനം, അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരകളാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസില്‍ കളിക്കാന്‍ പോകുന്നത്. ഏഷ്യാ കപ്പും ഏകദിന ലോകകപ്പും മുന്നില്‍ക്കണ്ട് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ത്തന്നെ വലിയ മാറ്റം വരുത്താനുള്ള പദ്ധതികളാണ് ഇന്ത്യ മെനയുന്നത്.
ഐപിഎല്ലില്‍ തിളങ്ങിയ യുവതാരങ്ങള്‍ക്ക് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയേക്കും. അഞ്ച് പുതുമുഖങ്ങള്‍ എത്തിയേക്കുമെന്ന റിപ്പോര്‍ട്ടും സജീവമാണ്. ഇപ്പോഴിതാ ഇന്ത്യയുടെ പരിമിത ഓവര്‍ പര്യടനത്തിനുള്ള ടീമിനെ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും പഞ്ചാബ് കിങ്‌സിന്റെ ബാറ്റിങ് പരിശീലകനുമായ വസിം ജാഫര്‍. ഇന്ത്യ ഭയമില്ലാത്ത ക്രിക്കറ്റ് കളിക്കുകയാണ് വേണ്ടതെന്നും അതിനുള്ള താരങ്ങളെ ടീമിലേക്ക് പരിഗണിക്കണമെന്നുമാണ് ജാഫര്‍ അഭിപ്രായപ്പെടുന്നത്.
'ഇന്ത്യ ഭയമില്ലാത്ത ക്രിക്കറ്റ് കളിക്കണം. പരിമിത ഓവറിലെ കളികള്‍ വളരെയധികം മാറിയിട്ടുണ്ട്. ഭയമില്ലാതെ അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന താരങ്ങളെയാണ് ഇന്നത്തെ ടീമില്‍ ആവശ്യം. ഇന്ത്യക്ക് കിരീടങ്ങള്‍ നേടണമെങ്കില്‍ ഈ ശൈലി സ്വീകരിക്കേണ്ടതായുണ്ട്. ടി20 ഫോര്‍മാറ്റിലേക്ക് വരുമ്പോള്‍ യശ്വസി ജയ്‌സ്വാളിനെയും റിങ്കു സിങ്ങിനെയും ഇന്ത്യക്ക് പരിഗണിക്കാവുന്നതാണ്'-സ്‌പോര്‍ട്‌സ് കീഡയില്‍ സംസാരിക്കെ ജാഫര്‍ പറഞ്ഞു.
രാജസ്ഥാന്‍ റോയല്‍സ് ഇടം കൈയന്‍ ഓപ്പണറായ യശ്വസി ജയ്‌സ്വാള്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്നവനാണ്. പവര്‍പ്ലേയില്‍ ഭയമില്ലാതെ കളിക്കുന്ന താരം 48ന് മുകളില്‍ ശരാശരിയില്‍ 625 റണ്‍സാണ് അവസാന ഐപിഎല്ലില്‍ അടിച്ചെടുത്തത്. അതും 163ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍. റിങ്കു സിങ്ങിനെ ഫിനിഷര്‍ റോളില്‍ വളര്‍ത്താവുന്നതാണ്. 59ന് മുകളില്‍ ശരാശരിയില്‍ 413 റണ്‍സാണ് റിങ്കു നേടിയത്. 149ന് മുകളില്‍ സ്‌ട്രൈക്കറേറ്റ് അദ്ദേഹത്തിനുണ്ട്.
ഒരോവറില്‍ അഞ്ച് സിക്‌സുകള്‍ പറത്തി അത്ഭുത ജയം സമ്മാനിച്ച താരമാണ് റിങ്കു. സഞ്ജു സാംസണ്‍ ഇന്ത്യയുടെ ഏകദിന, ടി20 ടീമുകളിലേക്ക് തിരിച്ചെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു തരക്കേടില്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ സ്ഥിരത പ്രശ്‌നമായിരുന്നു. ടി20യില്‍ റിഷഭ് പന്തിന്റെ അഭാവത്തില്‍ ഇഷാന്‍ കിഷനാവും മുഖ്യ പരിഗണന ലഭിക്കുക.
ഇഷാനില്ലാത്ത സാഹചര്യത്തില്‍ സഞ്ജുവിനെയല്ല ജിതേഷ് ശര്‍മയെ പരിഗണിക്കാമെന്നാണ് ജാഫര്‍ നിര്‍ദേശിക്കുന്നത്. ജിതേഷ് പഞ്ചാബ് കിങ്‌സിന്റെ താരമാണ്. ഫിനിഷര്‍ റോളില്‍ തിളങ്ങാന്‍ കഴിവുള്ള ജിതേഷ് നേരിടുന്ന ആദ്യ പന്ത് മുതല്‍ റണ്‍സുയര്‍ത്താനും മിടുക്കനാണ്. 'റിഷഭ് പന്ത് ഇപ്പോള്‍ ഇന്ത്യന്‍ ടീമിലില്ല. അതുകൊണ്ട് തന്നെ പകരക്കാരനായി ജിതേഷ് ശര്‍മയെ പരിഗണിക്കാം. 5,6 നമ്പറുകളില്‍ ബാറ്റുചെയ്യാന്‍ കഴിവുള്ള താരത്തെയാണ് വേണ്ടത്.

സഞ്ജു സാംസണിന് ഏകദിനമാണ് അല്‍പ്പം കൂടി ചേരുന്നത്. ഇന്ത്യ ഈ നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്നാണ് കരുതുന്നത്'-ജാഫര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യ വലിയ മാറ്റങ്ങള്‍ത്തന്നെ ടീമില്‍ വരുത്താന്‍ സാധ്യത കൂടുതലാണ്. ടെസ്റ്റിലേക്ക് യശ്വസി ജയ്‌സ്വാളിനെ പരിഗണിച്ചേക്കുമെന്നാണ് സൂചന. ചേതേശ്വര്‍ പുജാരക്ക് ഇനി ടെസ്റ്റില്‍ അവസരം ലഭിച്ചേക്കില്ല.
പകരം മൂന്നാം നമ്പറില്‍ ജയ്‌സ്വാളിനെയോ റുതുരാജ് ഗെയ്ക് വാദിനെ പരിഗണിച്ചേക്കും. ടി20യില്‍ ജയ്‌സ്വാളിനൊപ്പം റിങ്കു സിങ്ങും കളിക്കാനുള്ള സാധ്യത കൂടുതലാണ്. പേസ് നിരയിലേക്ക് പുതുമുഖങ്ങളെത്തിയേക്കില്ല. മൊഹ്‌സിന്‍ ഖാനെ ഇപ്പോള്‍ പരിഗണിച്ചേക്കില്ല.
ഏകദിനത്തിലും ഫിനിഷര്‍ റോളില്‍ റിങ്കുവിനെ പരിഗണിച്ചേക്കും. ബാക്കപ്പ് ഓപ്പണറായി ഇന്ത്യ ജയ്‌സ്വാളിനെയും വളര്‍ത്തിയേക്കും. ഏഷ്യാ കപ്പിനും ലോകകപ്പിനും മുമ്പ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലൂടെ പരീക്ഷണം നടത്തി മികച്ച ടീമിനെ കണ്ടെത്താനാവും ശ്രമിക്കുക.