ബ്രിഡ്ജ്ടൗണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ പ്ലേയിങ് 11 പുറത്തുവന്നതോടെ ആരാധകര്‍ കടുത്ത നിരാശരായിരിക്കുകയാണ്. സഞ്ജു സാംസണ്‍ പ്ലേയിങ് 11 ഉണ്ടാവുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ സജീവമായിരുന്നെങ്കിലും പ്ലേയിങ് 11 പ്രഖ്യാപിച്ചപ്പോള്‍ സഞ്ജു പടിക്ക് പുറത്ത്. നാലാം നമ്പര്‍ ബാറ്റ്‌സ്മാനായും വിക്കറ്റ് കീപ്പറായും ഇഷാന്‍ കിഷനെയാണ് ഇന്ത്യ പരിഗണിച്ചിരിക്കുന്നത്. മധ്യനിരയില്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ അത്യാവശ്യമാണ്.
ടീമിന്റെ ബാലന്‍സിങ്ങിന് ഇടം കൈയന്‍ മധ്യനിരയിലുണ്ടാകേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ടാണ് സഞ്ജുവിനെ മറികടന്ന് ഇഷാന്‍ പ്ലേയിങ് 11ലേക്കെത്തിയത്. എന്നാല്‍ ഇടവേളക്ക് ശേഷം ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിലേക്ക് തിരിച്ചെത്തിയിട്ടും സഞ്ജുവിന്റെ അവസ്ഥക്ക് മാറ്റമില്ല. ഏകദിന പരമ്പരയിലുടെനീളം സഞ്ജു ബെഞ്ചിലിരിക്കാനാണ് സാധ്യത. വിന്‍ഡീസ് പരമ്പര കളിച്ചില്ലെങ്കിലും ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും സ്വാഭാവികമായി പരിഗണിക്കപ്പെടുന്നവനാണ് ഇഷാന്‍.

എന്നാല്‍ സഞ്ജുവിനെ സംബന്ധിച്ച് കാര്യങ്ങള്‍ അങ്ങനെയല്ല. ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും പരിഗണിക്കപ്പെടണമെങ്കില്‍ സഞ്ജുവിന് വിന്‍ഡീസ് പരമ്പര മുതലാക്കേണ്ടത് അത്യാവശ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്ലേയിങ് 11 പുറത്തിരുത്തിയതോടെ സഞ്ജുവിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ക്കും അത് വലിയ തിരിച്ചടിയായിരിക്കുകയാണ്. സഞ്ജുവിന്റെ പ്രതിഭയെ വാഴ്ത്താന്‍ ആളുകള്‍ ഏറെയാണെങ്കിലും ടീം മാനേജ്‌മെന്റിന് പ്ലേയിങ് 11 ഉള്‍പ്പെടുത്താന്‍ ധൈര്യമില്ല.
രോഹിത് ശര്‍മയുടെ ഇഷ്ട താരമാണ് ഇഷാന്‍ കിഷന്‍. മുംബൈ ഇന്ത്യന്‍സില്‍ ഒന്നിച്ച് കളിക്കുന്നതിന്റെ സ്‌നേഹമാണ് ഇഷാനോട് രോഹിത് കാട്ടുന്നത്. ഇതോടെ സഞ്ജുവിന് മുന്നില്‍ വാതില്‍ അടയുകയാണ്. ഇഷാന്‍ വിന്‍ഡീസ് പരമ്പരയില്‍ മികവ് കാട്ടുന്നതോടൊപ്പം ഏഷ്യാ കപ്പിലൂടെ കെ എല്‍ രാഹുല്‍ തിരിച്ചെത്തുകയും ചെയ്താല്‍ സഞ്ജുവിന് ഏഷ്യാ കപ്പില്‍ പോലും സീറ്റ് ലഭിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്ന് പറയാം.
എന്തായാലും സഞ്ജുവിന്റെ പ്രതീക്ഷകള്‍ക്ക് മുകളിലുള്ള വലിയ തിരിച്ചടിയാണ് ഈ തഴയലെന്ന് പറയാം. ടി20യില്‍ സ്ഥിരതയില്ലെങ്കിലും ഏകദിനത്തില്‍ മികച്ച കണക്ക് സഞ്ജുവിന് അവകാശപ്പെടാം. 11 മത്സരത്തില്‍ നിന്ന് 66ന് മുകളിലാണ് സഞ്ജുവിന്റെ ശരാശരി. ഇത്രയൊക്കെ മികവുകാട്ടിയിട്ടും ഇപ്പോഴും തഴയപ്പെടുകയാണ്. ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ ഹാട്രിക് ഗോള്‍ഡന്‍ ഡെക്ക് വഴങ്ങിയ സൂര്യകുമാര്‍ യാദവിന് വീണ്ടും പ്ലേയിങ് 11 ഇടം ലഭിച്ചു.
എന്നാല്‍ സ്ഥിരതയോടെ കളിക്കുന്ന സഞ്ജുവിന് ഇന്ത്യ അവസരം നല്‍കാത്തത് നിരാശപ്പെടുത്തുന്ന കാര്യമാണെന്നാണ് ആരാധകര്‍ പറയുന്നത്. മലയാളി താരത്തിന്റെ ഭാവി തകര്‍ക്കാനുള്ള ബോധ പൂര്‍വ്വമായ ശ്രമമാണെന്നും മുംബൈ താരങ്ങള്‍ക്ക് ലഭിക്കുന്ന മുന്‍തൂക്കത്തിനും പിന്തുണക്കും മുന്നില്‍ സഞ്ജു നിസ്സഹായനാണെന്നും ആരാധകര്‍ പ്രതികരിക്കുന്നു. സൂര്യകുമാറിനെക്കാള്‍ മികച്ച പ്രകടനം സഞ്ജു സമീപകാലത്തായി നടത്തിയിട്ടുണ്ട്.
അവസാന ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഫിനിഷര്‍ റോളില്‍ സഞ്ജു തിളങ്ങുകയും ചെയ്തിരുന്നു. നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ അവസരം അര്‍ഹിക്കുന്ന താരമാണ് സഞ്ജുവെന്നും ഇത്തരത്തില്‍ തഴയപ്പെടുന്നത് വൃത്തികെട്ട രാഷ്ട്രീയമാണെന്നും ആരാധകര്‍ ആരോപിക്കുന്നു. എന്തായാലും പ്ലേയിങ് 11 നിന്ന് തഴയപ്പെട്ടത് സഞ്ജുവിന്റെ ഏഷ്യാ കപ്പ്, ലോകകപ്പ് ടീമില്‍ സീറ്റെന്ന സ്വപ്നത്തെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പ്.
പ്ലേയിങ് 11- ഇന്ത്യ- രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, വിരാട് കോലി, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാര്‍
വെസ്റ്റ് ഇന്‍ഡീസ്-ഷെയ് ഹോപ്പ് (c), കെയ്ല്‍ മെയേഴ്‌സ്, ബ്രണ്ടന്‍ കിങ്, അലിക് അതനാസെ, ഷിംറോന്‍ ഹെറ്റ്‌മെയര്‍, റൊമാരിയോ ഷിഫേര്‍ഡ്, യാനിക് കാറിഹ്, റോവ്മാന്‍ പവല്‍, ഡൊമിനിക് ഡ്രേക്‌സ്, ജെയ്ഡന്‍ സീല്‍സ്, ഗുദാകേഷ് മോത്തി