അഹമ്മദാബാദ്: ഏഷ്യാ കപ്പിലെ കിരീട വിജയത്തിനു പിന്നാലെ ടീം ഇന്ത്യ വീണ്ടും കളത്തിലേക്ക്. ടി20 ക്രിക്കറ്റിന്റെ ആവേശച്ചൂടില്‍ നിന്നും റെഡ് ബോള്‍ ചാലഞ്ചിലേക്കാണ് ഇന്ത്യ ചുവടുമാറ്റുന്നത്. വെസ്റ്റ് ഇന്‍ഡീസുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനു നാളെ (വ്യാഴം) തുടക്കമാവുകയാണ്. രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലാണ് കരീബിയന്‍ പടയുമായി ഇന്ത്യ കൊമ്പുകോര്‍ക്കുക.
നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന പോരാട്ടത്തില്‍ മികച്ച വിജയത്തോടെ തുടങ്ങാനായിരിക്കും ശുഭ്മന്‍ ഗില്‍ നയിക്കുന്ന ടീമിന്റെ ലക്ഷ്യം. ഇംഗ്ലണ്ടുമായുള്ള കഴിഞ്ഞ കടുപ്പമേറിയ ടെസ്റ്റ് പരമ്പര 2-2നു അവസാനിപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാവും കരീബിയന്‍ പടയുമായി ഇന്ത്യ കൊമ്പുകോര്‍ക്കുക.
ഗില്ലിനു കീഴില്‍ ഇന്ത്യ നാട്ടില്‍ കളിക്കുന്ന ആദ്യ ടെസ്റ്റ് കൂടിയാണിത്. അഹമ്മദാബാദ് ടെസ്റ്റിനുള്ള ഇന്ത്യയുടെ ശക്തമായ പ്ലെയിങ് ഇലവില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നമുക്കു പരിശോധിക്കാം.

ഇലവനില്‍ ആരൊക്കെ?
ഇംഗ്ലണ്ടുമായുള്ള അവസാനത്തെ ആന്‍ഡേഴ്‌സന്‍-ടെണ്ടുല്‍ക്കര്‍ ട്രോഫിയില്‍ കളിച്ച ടീമില്‍ കാര്യമായ അഴിച്ചുപണികളൊന്നും ഇന്ത്യ നടത്തിയിട്ടില്ല. അതുകൊണ്ടു തന്നെ ഏറെക്കുറെ അതേ ഇലവനെ തന്നെ വെസ്റ്റ് ഇന്‍ഡീസുമയുള്ള ഒന്നാമങ്കത്തിലും പ്രതീക്ഷിക്കാം.
കെഎല്‍ രാഹുലും യശസവി ജയ്‌സ്വാളും ചേര്‍ന്നായിരിക്കും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുക. ഇംഗ്ലണ്ടിലും അതിനു മുമ്പ് ഓസ്‌ട്രേലിയയിലുമെല്ലാം ക്ലിക്കായ ഈ ജോടിയില്‍ മികച്ച കൂട്ടുകെട്ടുകളാണ് വിന്‍ഡീസിനെതിരേയും ടീം പ്രതീക്ഷിക്കുന്നത്. മൂന്നം നമ്പറില്‍ യുവ ഇടംകൈയന്‍ ബാറ്റര്‍ സായ് സുദര്‍ശനെ നമുക്കു കാണാം.
ഇംഗ്ലണ്ടുമായുള്ള കഴിഞ്ഞ പരമ്പരയിലൂടെ അരങ്ങേറിയ അദ്ദേഹം ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. വിന്‍ഡീസിനെതിരേ നാട്ടിലെ അനുകൂലമായ സാഹചര്യങ്ങളില്‍ വലിയ സ്‌കോറുകളാണ് ടീം പ്രതീക്ഷിക്കു്ന്നത്. നാലാമതായി പതിവുപോലെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ തന്നെയാണ് ബാറ്റിങിനിറങ്ങുക.
അഞ്ചാം നമ്പറില്‍ കളിച്ചേക്കുക മറുനാടന്‍ മലയാളി താരം ദേവ്ദത്ത് പടിത്തക്കലായിരിക്കും. ഇംഗ്ലണ്ട് പര്യടനത്തില്‍ ടീമിലുണ്ടായിരുന്ന മറ്റൊരു മറുനാടന്‍ മലയാളി ബാറ്റര്‍ കരുണ്‍ നായര്‍ക്കു പകരാണ് ദേവ്ദത്ത് ടെസ്റ്റ് ടീമിലേക്കു തിരിച്ചെത്തിയത്. ആഭ്യന്തര ക്രിക്കറ്റിലെയും ലിസ്റ്റ് എയിലെയും മികച്ച ഫോമാണ് അദ്ദേഹത്തെ ഇതിനു സഹായിച്ചത്.
കരുണിനു ,സീറ്റുറപ്പിക്കാന്‍ പോയിടത്തു മികച്ച ഇന്നിങ്‌സുമായി സ്ഥാനം ഭദ്രമാക്കാനിയിരിക്കും ദേവ്ദത്തിന്റെ ശ്രമം. ആറാമനായി ക്രീസിലെത്തുക യുവ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലായിരിക്കും. പരിക്കു കാരണം റിഷഭ് പന്ത് ഈ പരമ്പരയുടെ ഭാഗമല്ല. ഇംഗ്ലണ്ട് പര്യടനത്തിലേറ്റ പരിക്കു കാരണം അദ്ദേഹം വിശ്രമത്തിലാണ്. ഇതാണ് ജുറേലിനു ഫസ്റ്റ് ചോയ്‌സ് കീപ്പര്‍ റോളിലേക്കു പ്രൊമോഷന്‍ നേടിക്കൊടുത്തത്.

ജുറേലിനു ശേഷം ഏഴാമനായി വെറ്ററന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയിറങ്ങും. ഇംഗ്ലണ്ടില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ജഡ്ഡു ഇനി വിന്‍ഡീസിനെതിരേയും ഇതു ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. എട്ടാമനായി ബാറ്റിങിനെത്തുക മറ്റൊരു സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലായിരിക്കും.
ഇംഗ്ലണ്ട് പര്യടനത്തില്‍ തഴയപ്പെട്ട അദ്ദേഹത്തിന്റെ തിരിച്ചുവരവ് കൂടിയാവും ഈ പരമ്പരയിലേത്. ഒമ്പതാം നമ്പറില്‍ മറ്റൊരു സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ പ്രതീക്ഷിക്കാം. ഇതോടെ ഏഷ്യാ കപ്പില്‍ കസറിയ കുല്‍ദീപ് യാദവിനു ബെഞ്ചിലിരിക്കേണ്ടി വന്നേ്ക്കും. പേസ് നിരയില്‍ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറയ്‌ക്കൊപ്പം ഇംഗ്ലണ്ടിലെ ഹീറോ മുഹമ്മദ് സിറാജുമുണ്ടാവും.
ആദ്യ ടെസ്റ്റിലെ ഇന്ത്യന്‍ 11
കെഎല്‍ രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.