
വളരെ ശക്തമായ ടീമിനെയാണ് ഏകദിന പരമ്പരയ്ക്കായി ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്. രോഹിത്തിനെക്കൂടാതെ മുന്‍ നായകന്‍ വിരാട് കോലി, ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍ എന്നിവരാണ് ഇന്ത്യയുടെ നിര്‍ണായക താരങ്ങള്‍. ആദ്യ ഏകദിനത്തില്‍ രാഹുലിനു ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. രണ്ടാം ഏകദിനത്തിലാണ് അദ്ദേഹം ടീമിനൊപ്പം ചേരുക. രാഹുല്‍ ഇല്ലാത ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ സാധ്യതാ ഇലവനില്‍ ആരൊക്കെയുണ്ടാവുമെന്നു നോക്കാം.

രോഹിത്, ധവാന്‍, കോലി
ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളി പരിചയസമ്പന്നനായ ശിഖര്‍ ധവാനായിരിക്കും. വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണിങ് സഖ്യം കൂടിയാണ് ഇവരുടേത്. ന്യൂസിലാന്‍ഡിനെതിരേ അവസാനമായി കളിച്ച ടി20 പരമ്പരയില്‍ രോഹിത് മിന്നുന്ന ഫോമിലായിരുന്നു. പ്ലെയര്‍ ഓഫ് ദി സീരീസായും അദ്ദേഗം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വിന്‍ഡീസിനെതിരേയും ഈ ഫോം ആവര്‍ത്തിക്കുകയാവും അദ്ദേഹത്തിന്റെ ലക്ഷ്യം.

ധവാനാവട്ടെ കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു. പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി കൂടുതല്‍ റണ്ണെടുത്തതും അദ്ദേഹമായിരുന്നു. രണ്ടു ഫിഫ്റ്റികള്‍ ധവാന്‍ ഈ പരമ്പരയില്‍ നേടിയിരുന്നു. നേരത്തേ ഇന്ത്യക്കു വേണ്ടി ഒരുപാട് മികച്ച തുടക്കങ്ങള്‍ നല്‍കിയിട്ടുള്ള ഓപ്പണിങ് ജോടികളാണ് രോഹിത്തും ധവാനും.

രോഹിത്തിനു കീഴില്‍ വിരാട് കോലി ആദ്യമായി കളിക്കുന്ന പരമ്പരയെന്ന പ്രത്യേകത ഈ പരമ്പരയ്ക്കുണ്ട്. ക്യാപ്റ്റന്‍സി ഭാരമൊഴിഞ്ഞ കോലിക്കു സെഞ്ച്വറിക്കായുള്ള കാത്തിരിപ്പ് വിന്‍ഡീസിനെതിരേയെങ്കിലും അവസാനിപ്പിക്കാന്‍ കഴിയുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. സൗത്താഫ്രിക്കയ്‌ക്കെതിരായ കഴിഞ്ഞ ഏകദിന പരമ്പരയില്‍ അദ്ദേഹത്തിനു ഇതിനായില്ല. രണ്ടു ഫിഫ്റ്റികള്‍ കോലി നേടിയിരുന്നെങ്കിലും ഇവ സെഞ്ച്വറിയിലെത്തിക്കാനാവാതെ പുറത്താവുകയായിരുന്നു.

സൂര്യകുമാര്‍, ശ്രേയസ്, റിഷഭ്
നാലാം നമ്പറില്‍ അറ്റാക്കിങ് ബാറ്റര്‍ സൂര്യകുമാര്‍ യാദവും അഞ്ചും ആറും സ്ഥാനങ്ങളില്‍ ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവരും ഇറങ്ങാനാണ് സാധ്യത. ആദ്യ ഏകദിനത്തില്‍ രാഹുല്‍ ഇല്ലാതിരുന്നതില്‍ കൂടുതല്‍ സന്തോഷിക്കുന്ന രണ്ടു പേര്‍ സൂര്യയും ശ്രേയസുമായിരിക്കും. കാരണം രാഹുലുണ്ടെങ്കില്‍ ഇവരില്‍ ഒരാള്‍ക്കു മാത്രമേ അവസരം ലഭിക്കുകയുള്ളൂ. അദ്ദേഹമില്ലാത്തതിനാല്‍ രണ്ടു പേര്‍ക്കും സ്ഥാനമുറപ്പായിരിക്കുകയാണ്. സൗത്താഫ്രിക്കയ്്‌ക്കെതിരായ അവസാന കളിയില്‍ മാത്രമേ സൂര്യയെ ഇന്ത്യ ഇറക്കിയിരുന്നുള്ളൂ. ഇതില്‍ 39 റണ്‍സ് നേടുകയും ചെയ്തു.

നാലാം നമ്പറില്‍ ശ്രേയസിനെ ഇന്ത്യ ഇറക്കും. സൗത്താഫ്രിക്കയ്‌ക്കെതിരായ കഴിഞ്ഞ ഏകദിന പരമ്പരയില്‍ ശ്രേയസ് വന്‍ ഫ്‌ളോപ്പായിരുന്നു. പരമ്പരയിലെ മൂന്നു മല്‍സരങ്ങളിലും അദ്ദേഹത്തെ ഇന്ത്യ പരീക്ഷിച്ചെങ്കിലും റണ്ണെടുക്കാന്‍ ശരിക്കും രാടുപെട്ടു. മൂന്നു മല്‍സരങ്ങളില്‍ നിന്നും വെറും 54 റണ്‍സ് മാത്രമായിരുന്നു ശ്രേയസിന്റെ സമ്പാദ്യം. മൂന്നു ബൗണ്ടറികള്‍ മാത്രമേ പരമ്പരയിലാകെ താരം നേടിയുള്ളൂ. എങ്കിലും വിന്‍ഡീസിനെതിരേ ശ്രേയസിനു ഇന്ത്യ ഒരവസരം കൂടി നല്‍കിയേക്കും.

കഴിഞ്ഞ പരമ്പരയില്‍ കോലിക്കു പിറകെ നാലാമനായാണ് റിഷഭ് കളിച്ചതെങ്കിലും വിന്‍ഡീസിനെതിരേ ലോവര്‍ ഓര്‍ഡറില്‍ ഫിനിഷറുടെ റോളിലേക്കു മാറാനാണ് സാധ്യത. സൗത്താഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ റിഷഭ് 85 റണ്‍സുമായി തിളങ്ങിയിരുന്നു. അതിവേഗം റണ്‍സ് അടിച്ചെടുക്കാന്‍ മിടുക്കനായതിനാല്‍ തന്നെ ഫിനിഷറുടെ റോളില്‍ അദ്ദേഹത്തിനു തിളങ്ങാനും കഴിയും.

വാഷിങ്ടണ്‍, ചാഹല്‍
ആര്‍ അശ്വിന്റെ അഭാവത്തില്‍ യുസ്വേന്ദ്രേ ചാഹലിന്റെ സ്പിന്‍ ബൗളിങ് പങ്കാളിയായി ഓള്‍റൗണ്ടര്‍ കൂടിയായ വാഷിങ്ടണ്‍ സുന്ദര്‍ ടീമിലേക്കു വന്നേക്കും. മല്‍സരം ഇന്ത്യയിലായതിനാല്‍ തന്നെ ഒരു സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറുള്ളത് ടീമിനു ഗുണം ചെയ്യും. പരിക്കു കാരണം കുറച്ചു കാലമായി വാഷിങ്ടണ്‍ ഇന്ത്യക്കായി കളിച്ചിട്ടില്ല. മികച്ച പ്രകടനത്തോടെ ദേശീയ ടീമിലേക്കു ശക്തമായ തിരിച്ചുവരവ് നടത്താനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം.

സൗത്താഫ്രിക്കയുമായുള്ള കഴിഞ്ഞ ഏകദിന പരമ്പരയില്‍ ഇംപാക്ടുണ്ടാക്കാനായില്ലെങ്കിലും സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്ന ഇന്ത്യന്‍ പിച്ചുകളില്‍ ചാഹല്‍ കൂടുതല്‍ അപകടകാരിയായി മാറും. ടീമിലെ സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ ഈ പരമ്പരയില്‍ അദ്ദേഹത്തിനു മികച്ച പ്രകടനം നടത്തിയേ തീരൂ. കാരണം രവി ബിഷ്‌നോയിയെപ്പോലെയുള്ള താരങ്ങള്‍ അവസരം കാത്ത് ടീമിനു പുറത്തു നില്‍ക്കുകയാണ്.

ശര്‍ദ്ദുല്‍, ദീപക്, സിറാജ്
ഇന്ത്യയുടെ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക ശര്‍ദ്ദുല്‍ ടാക്കൂര്‍, ദീപക് ചാഹര്‍, മുഹമ്മദ് സിറാജ് എന്നിവരായിരിക്കും. ഇവരില്‍ ശര്‍ദ്ദുലും ചാഹറും ബാറ്റിങിലും ടീമിനു വേണ്ടി നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ സാധിക്കുന്ന കളിക്കാരാണ്. കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ ബൗളിങിനേക്കാള്‍ ബാറ്റിങിലാണ് ശര്‍ദ്ദുല്‍ തിളങ്ങിയത്. ഒരു ഫിഫ്റ്റിയും 40 റണ്‍സും അദ്ദേഹം നേടിയിരുന്നു.

സീം ബൗളിങ് ഓള്‍റൗണ്ടറെന്ന നിലയിലേക്കു വളര്‍ന്നുകൊണ്ടിരിക്കുന്ന ചാഹര്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ന്യൂബോള്‍ ബൗളര്‍ കൂടിയാണ്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരുടെ അഭാവത്തില്‍ ഇന്ത്യയുടെ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കേണ്ട ചുമതല കൂടി അദ്ദേഹത്തിനുണ്ട്. സൗത്താഫ്രിക്കയ്‌ക്കെതിരായ അവസാന മല്‍സരത്തില്‍ രണ്ടു വിക്കറ്റുകളെടുത്ത ചാഹര്‍ ഫിഫ്റ്റിയോടെ ബാറ്റിങിലും കസറിയിരുന്നു.

വിന്‍ഡീസിനെതിരേ ഇന്ത്യയുടെ മൂന്നാമത്തെ പേസര്‍ സിറാജാവാനാണ് സാധ്യത. സമീപകാലത്തു ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി അദ്ദേഹം നാട്ടിലും വിദേശത്തും ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. ഏകദിനത്തില്‍ പക്ഷെ സിറാജിനു വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ വിന്‍ഡീസുമായുള്ള പരമ്പര ഈ കുറവ് നികത്താന്‍ അദ്ദേഹത്തിനു ലഭിക്കുന്ന അവസരം കൂടിയായിരിക്കും.


Click it and Unblock the Notifications