ടെസ്റ്റ് പരമ്പരയ്ക്കു ശേഷം ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും വൈറ്റ് ബോള്‍ ക്രിക്കറ്റിന്റെ ചൂടിലേക്കു കടക്കുകയാണ്. ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടത്തിനു നാളെ (ജൂലൈ 27) തുടക്കമാവും. ബാര്‍ബഡോസാണ് മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യ കളിക്കുക വേദിയാവുക. വിജയത്തോടെ തന്നെ പരമ്പരയ്ക്കു തുടക്കം കുറിക്കാനാണ് രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും ലക്ഷ്യം. ഇന്ത്യന്‍ സമയം വ്യാഴാഴ്ച രാത്രി ഏഴു മണിക്കാണ് മല്‍സരം തുടങ്ങുന്നത്.
വിന്‍ഡീസുമായുള്ള ഈ പരമ്പരയോടെ നാട്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പും ഇന്ത്യ ആരംഭിക്കുകയാണ്. ലോകകപ്പിലെ ഏറ്റവും മികച്ച പ്ലെയിങ് ഇലവന്‍ കണ്ടെത്താനുള്ള അവസം കൂടിയായിരിക്കും ഇന്ത്യക്കു തുടര്‍ന്നള്ള ഏകദിനങ്ങള്‍. ചില പൊസിഷനുകളില്‍ ഏറ്റവും മികച്ച താരം ആരാണെന്നതിനും ഇനിയുള്ള മല്‍സരങ്ങളിലൂടെ ഇന്ത്യക്കു ഉത്തരം ലഭിക്കും.

ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ മുന്‍നിരയില്‍ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ട. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളി ശുഭ്മന്‍ ഗില്ലായിരിക്കും. സമാപിച്ച ടെസ്റ്റ് പരമ്പരയില്‍ ഗില്ലിനു ബാറ്റിങില്‍ പ്രതീക്ഷയ്‌ക്കൊത്തുയരാനായിരുന്നില്ല. ഏകദിനത്തില്‍ ഇതാവര്‍ത്തിക്കാതിരിക്കാനായിരക്കും താരത്തിന്റെ ശ്രമം. ഈ പരമ്പരയിലും ഗില്‍ ഫ്‌ളോപ്പായാല്‍ സ്ഥാനം ചോദ്യം ചെയ്യപ്പെടുമെന്നുറപ്പാണ്.
മൂന്നാം നമ്പറില്‍ പതിവുപോല വിരാട് കോലി തന്നെ കളിക്കും. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിന്റെ ഊഴമായിരിക്കും ടി20യിലെ മിന്നുന്ന ഫോം അദ്ദേഹത്തിനു ടി20യില്‍ പുറത്തെടുക്കാനായിട്ടില്ല. ഏറ്റവും അവസാനമായി ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ മൂന്നു ഏകദിനങ്ങളിലും ഡെക്കായാണ് സൂര്യ ക്രീസ് വിട്ടത്. ഏകദിനത്തില്‍ തന്റെ മികവ് തെളിയിക്കാന്‍ സൂര്യക്കു ലഭിക്കുന്ന അവസാന അവസരമായിരിക്കും വിന്‍ഡീസുമായുള്ള പരമ്പര.
അഞ്ചാം നമ്പറിലെത്തുക മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണായിരിക്കും. ടീമിന്റെ വിക്കറ്റ് കാക്കുന്നതും അദ്ദേഹമായിരിക്കും. ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പറായി സ്‌ക്വാഡിലുണ്ടെങ്കിലും മുന്‍തൂക്കം സഞ്ജുവിനാണ്. സമാപിച്ച ടെസ്റ്റ് പരമ്പരയില്‍ കെഎസ് ഭരതില്‍ നിന്നും വിക്കറ്റ് കീപ്പറുടെ സ്ഥാനം ഇഷാന്‍ തട്ടിയെടുത്തിരുന്നു.
ഇത്തവണ ഇഷാനില്‍ നിന്നും അതു സഞ്ജുവിലേക്കു വരും. ഇഷാനെ പുറത്ത് ഇരുത്താനാണ് ഇന്ത്യയുടെ നീക്കം. സഞ്ജുവിനെ സംബന്ധിച്ച് തന്റെ കഴിവ് തെളിയിക്കാനും ലോകകപ്പില്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറാവാനുമുള്ള സുവര്‍ണാവസരമായിരിക്കും ഈ പരമ്പര.
മിന്നുന്ന പ്രകടനം നടത്താനായാല്‍ ഏഷ്യാ കപ്പിലേക്കും സഞ്ജു പരിഗണിക്കപ്പെട്ടേക്കും. ലോകകപ്പില്‍ റിഷഭ് പന്തിന്റെ അഭാവത്തില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലായിരിക്കും. ബാക്കപ്പിന്റെ സ്ഥാനത്തിനു വേണ്ടിയാണ് ഇഷാനും സഞ്ജുവും പോരടിക്കുക.

സഞ്ജു കഴിഞ്ഞാല്‍ വിന്‍ഡീസുമായുള്ള ഇന്ത്യന്‍ ഇലവനില്‍ ഫിനിഷര്‍മാരുടെ ഊഴമായിരിക്കും. ആറ്, ഏഴ് സ്ഥാനങ്ങളില്‍ ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരാണ് കളിക്കുക. ഇരുവരില്‍ നിന്നും ബാറ്റിങിനൊപ്പം ബൗളിങിലും മികച്ച സംഭാവനകള്‍ ഇന്ത്യ പ്രതീക്ഷിക്കുന്നു. ബാറ്റിങില്‍ ആവശ്യമെങ്കില്‍ മുകളിലേക്കും താഴേക്കും ഇറങ്ങിക്കളിക്കാനും ഹാര്‍ദിക്കിനും ജഡ്ഡുവിനും സാധിക്കും.
മൂന്നാമത്തെ ഓള്‍റൗണ്ടറായി ശര്‍ദ്ദുല്‍ ടാക്കൂര്‍, അക്ഷര്‍ പട്ടേല്‍ എന്നിവരിലൊരാള്‍ക്കായിരിക്കും നറുക്കുവീഴുക. പിച്ചും സാഹചര്യങ്ങളും നോക്കിയ ശേഷമായിരിക്കും ഇവരില്‍ ആരെ കളിപ്പിക്കണമെന്നു രോഹിത് തീരുമാനിക്കുക. സ്ലോ പിച്ചാണെങ്കില്‍ ശര്‍ദ്ദുലിനു പകരം അക്ഷറിനു ടീമില്‍ ഇടം ലഭിക്കും.
മുഹമ്മദ് ഷമിയുടെ അഭാവത്തില്‍ മുഹമ്മദ് സിറാജായിരിക്കും പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക. നേരത്തേ ടെസ്റ്റ് പരമ്പരയിലും ഈ റോള്‍ അദ്ദേഹത്തിനായിരുന്നു. സിറാജിന്റെ പേസ് ബൗളിങിലെ പങ്കാളി ഉമ്രാന്‍ മാലിക്കായിരിക്കും.
രണ്ടു സ്‌പെഷ്യലിസ്റ്റ് പേസര്‍മാരെ മാത്രമേ ഇന്ത്യ കളിപ്പിക്കാനിടയുള്ളൂ. സ്പിന്‍ ബൗളിങില്‍ കുല്‍-ചാ ജോടി വീണ്ടും ഒരുമിക്കുമെന്ന പ്രതീക്ഷ വേണ്ട. ഏകദിനത്തില്‍ നിലവില്‍ ടീം പ്ലാനിന്റെ ഭാഗമല്ല ചഹല്‍. അതിനാല്‍ തന്നെ കുല്‍ദീപ് മാത്രമേ ഇലവനിലുണ്ടാവുകയുള്ളൂ.
ആദ്യ ഏകദിനത്തിലെ ഇന്ത്യന്‍ പ്ലെയിങ് 11
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍/ ശര്‍ദ്ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്.