വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയെടുത്തിരിക്കുകയാണ് അരങ്ങേറ്റ താരം യശ്വസി ജയ്‌സ്വാള്‍. ഇന്ത്യക്കായി അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന 17ാമത്തെ താരമെന്ന റെക്കോഡിലേക്കാണ് ജയ്‌സ്വാളെത്തിയിരിക്കുന്നത്. 21കാരനായ താരം ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇതേ മികവ് അന്താരാഷ്ട്ര അരങ്ങേറ്റത്തിലും കാഴ്ചവെക്കാന്‍ ജയ്‌സ്വാളിനായിരിക്കുകയാണ്.
എലൈറ്റ് ലിസ്റ്റിലേക്കെത്തിയതോടെ നിരവധി റെക്കോഡുകളും ജയ്‌സ്വാള്‍ നേടിയെടുത്തു. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ഓപ്പണറാണ് ജയ്‌സ്വാള്‍. നേരത്തെ ശിഖര്‍ ധവാന്‍, പൃഥ്വി ഷാ എന്നിവരാണ് ഈ നേട്ടത്തിലേക്കെത്തിയത്. എന്നാല്‍ വിദേശത്ത് അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യത്തെ ഇന്ത്യന്‍ ഓപ്പണറെന്ന നേട്ടം ജയ്‌സ്വാളിന് മാത്രം അവകാശപ്പെട്ടതാണ്. ഈ പ്രകടനത്തോടെ തന്നെ വലിയ ഭാവി കല്‍പ്പിക്കപ്പെടുന്ന ഓപ്പണറായി മാറാന്‍ ജയ്‌സ്വാളിന് സാധിച്ചിരിക്കുകയാണ്.
എന്നാല്‍ ജയ്‌സ്വാളിനെപ്പോലെ തന്നെ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടുകയും വലിയ പ്രതീക്ഷ നല്‍കുകയും ചെയ്ത ചിലരുണ്ട്. തുടക്കം ഗംഭീരമായിരുന്നെങ്കിലും വലിയ ടെസ്റ്റ് കരിയര്‍ സൃഷ്ടിക്കാന്‍ ഇവരില്‍ ചിലര്‍ക്ക് സാധിക്കാതെ പോയി. ഇത്തരത്തില്‍ തിരിച്ചടി നേരിട്ട ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ താരം പൃഥ്വി ഷായാണ്. ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് പൃഥ്വി. വെടിക്കെട്ട് ശൈലികൊണ്ട് പേരെടുത്ത താരം വലിയ പ്രതീക്ഷ നല്‍കി.
2018ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ താരം 134 റണ്‍സുമായി കൈയടി നേടുകയും ചെയ്തു. അടുത്ത സെവാഗ് എന്ന് വിശേഷിപ്പിക്കപ്പെട്ട പൃഥ്വി ഇപ്പോള്‍ ഇന്ത്യന്‍ ടീമിന് പുറത്താണ്. ഒരു ഫോര്‍മാറ്റിലും അദ്ദേഹത്തിന് സീറ്റില്ല. ആഭ്യന്തര ക്രിക്കറ്റില്‍ ശോഭിക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സാധിക്കുന്നില്ല. 5 ടെസ്റ്റില്‍ നിന്ന് 42.38 ശരാശരിയില്‍ 339 റണ്‍സാണ് പൃഥ്വി നേടിയത്. 6 ഏകദിനത്തില്‍ നിന്ന് 189 റണ്‍സും നേടി. എന്നാല്‍ പ്രതീക്ഷിച്ച ഉയര്‍ച്ച കരിയറിലുണ്ടായില്ല.

ശിഖര്‍ ധവാനാണ് മറ്റൊരാള്‍. ഇന്ത്യക്കായി അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ഓപ്പണറാണ് ധവാന്‍. 2013ല്‍ ഓസ്‌ട്രേലിയക്കെതിരേയായിരുന്നു ധവാന്റെ അരങ്ങേറ്റം. 187 റണ്‍സുമായി ശ്രദ്ധ നേടാനും ധവാനായി. പക്ഷെ വലിയ ടെസ്റ്റ് കരിയര്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായില്ല. 34 ടെസ്റ്റിലാണ് ആകെ അവസരം ലഭിച്ചത്. 40ന് മുകളില്‍ ശരാശരിയില്‍ 2315 റണ്‍സും ധവാന്‍ നേടി. ഏഴ് സെഞ്ച്വറിയും അഞ്ച് ഫിഫ്റ്റിയും ധവാന്റെ ടെസ്റ്റ് കരിയറിലുണ്ട്.
പക്ഷെ 2018ന് ശേഷം അദ്ദേഹം തഴയപ്പെട്ടു. ഇപ്പോള്‍ എല്ലാ ഫോര്‍മാറ്റിലും ധവാന്‍ ഇന്ത്യന്‍ ടീമിന് പുറത്താണ്. ഇനിയൊരു തിരിച്ചുവരവ് ധവാനെ സംബന്ധിച്ച് പ്രയാസമായിരിക്കുമെന്നുറപ്പ്. മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയും അരങ്ങേറ്റ ടെസ്റ്റില്‍ ഗംഭീര പ്രകടനം നടത്തിയിരുന്നു. 2010ല്‍ ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു റെയ്‌നയുടെ ടെസ്റ്റ് അരങ്ങേറ്റം. 120 റണ്‍സാണ് അദ്ദേഹം നേടിയത്. എന്നാല്‍ ടെസ്റ്റില്‍ വലിയ കരിയര്‍ സൃഷ്ടിക്കാന്‍ റെയ്‌നക്കായില്ല.
ഇന്ത്യക്കായി 18 ടെസ്റ്റ് കളിച്ച് 768 റണ്‍സാണ് അദ്ദേഹം ആകെ നേടിയത്. 26.48 ശരാശരിയിലായിരുന്നു പ്രകടനം. അരങ്ങേറ്റ മത്സരത്തിലെ സെഞ്ച്വറിക്ക് ശേഷം ടെസ്റ്റില്‍ മറ്റൊരു സെഞ്ച്വറി പ്രകടനം നടത്താന്‍ റെയ്‌നക്കായില്ല. എന്നാല്‍ ഏകദിനത്തിലും ടി20യിലും തിളങ്ങാന്‍ റെയ്‌നക്ക് സാധിച്ചു. 226 ഏകദിനത്തില്‍ നിന്ന് 5615 റണ്‍സും 78 ടി20യില്‍ നിന്ന് 1604 റണ്‍സുമാണ് റെയ്‌ന നേടിയത്. പന്തുകൊണ്ടും ഇന്ത്യക്ക് നിര്‍ണ്ണായക സംഭാവന ചെയ്യാന്‍ റെയ്‌നക്ക് സാധിച്ചിരുന്നു.