മുംബൈ: ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്കുള്ള ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. രണ്ട് മത്സര ടെസ്റ്റ്, മൂന്ന് മത്സര ഏകദിന, അഞ്ച് മത്സര ടി20 പരമ്പരകളാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസില്‍ കളിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ട് തവണയും ഫൈനല്‍ തോറ്റ ഇന്ത്യ മൂന്നാം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരം വെസ്റ്റ് ഇന്‍ഡീസിനെതിരേ കളിക്കാന്‍ പോവുകയാണ്. ടീം തിരഞ്ഞെടുത്തുകഴിഞ്ഞതിനാല്‍ ഇനി പടയൊരുക്കത്തിന്റെ സമയമാണ്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ചില താരങ്ങള്‍ക്ക് വളരെ നിര്‍ണ്ണായകമാണ്. തിളങ്ങാനാവാതെ പോയാല്‍ ഇനിയൊരിക്കലും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ ഇവര്‍ക്ക് സാധിച്ചേക്കില്ല. പൂര്‍ണ്ണമായും തഴയപ്പെടാനുള്ള സാധ്യതയാണ് കൂടുതല്‍. ഇത്തരത്തില്‍ വിന്‍ഡീസ് പരമ്പരയില്‍ ഫ്‌ളോപ്പായാല്‍ ചീട്ടുകീറാന്‍ സാധ്യതയുള്ള ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. വിക്കറ്റ് കീപ്പര്‍ കെ എസ് ഭരത്താണ് ഒന്നാമത്തെ താരം.
ഇന്ത്യയില്‍ നടന്ന ഓസീസ് പരമ്പരയിലൂടെ അരങ്ങേറ്റം കുറിച്ച ഭരത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും നിരാശപ്പെടുത്തി. ഇപ്പോള്‍ നിര്‍ണ്ണായകമായ മൂന്നാം അവസരം ഭരത്തിന് ലഭിച്ചിരിക്കുകയാണ്. വിക്കറ്റിന് പിന്നിലും ബാറ്റിങ്ങിലും വലിയ മികവുകാട്ടാന്‍ ഭരത്തിന് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ വിന്‍ഡീസ് പരമ്പരയിലൂടെ ശ്രദ്ധ പിടിച്ചുപറ്റേണ്ടതായുണ്ട്. ഇഷാന്‍ കിഷന്‍ ബാക്കപ്പ് കീപ്പറായി ഒപ്പമുണ്ട്. സഞ്ജു സാംസണും അവസരം തേടുന്നു.

ഈ സാഹചര്യത്തില്‍ വിന്‍ഡീസ് പരമ്പര ഭരത്തിന്റെ നിലനില്‍പ്പിന്റെ പോരാട്ടമാണെന്ന് പറയാം. ശര്‍ദുല്‍ ഠാക്കൂറാണ് മറ്റൊരാള്‍. ഇന്ത്യ നിലവില്‍ വിശ്വാസം അര്‍പ്പിക്കുന്ന പേസ് ഓള്‍റൗണ്ടറാണ് ശര്‍ദുല്‍. എന്നാല്‍ സ്ഥിരതയില്ലാത്ത താരത്തെ ഇന്ത്യ വിദേശ പര്യടനങ്ങളില്‍ മാത്രമാണ് ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ മികച്ച പേസ് ഓള്‍റൗണ്ടറെ ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരണമെന്ന ആവശ്യം ഇതിനോടകം ശക്തമാണ്. ഈ സാഹചര്യത്തില്‍ ശര്‍ദുല്‍ മികവ് കാട്ടണം.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യ ഇന്നിങ്‌സില്‍ ഫിഫ്റ്റി നേടിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ നിറം മങ്ങി. ശര്‍ദുല്‍ ഠാക്കൂറിന് ഇനിയും ടീമില്‍ തുടരാന്‍ വിന്‍ഡീസ് പര്യടനം നന്നായി മുതലാക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം പകരക്കാരനെ കണ്ടെത്താന്‍ സെലക്ടര്‍മാര്‍ ശ്രമം നടത്തുമെന്ന കാര്യം ഉറപ്പാണ്. ഇടം കൈയന്‍ പേസര്‍ ജയദേവ് ഉനദ്ഘട്ടിന്റെ അവസാന പരമ്പരയായിരിക്കുമിത്.
ആഭ്യന്തര ക്രിക്കറ്റിലെ മികവ് പരിഗണിച്ച് ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും കളിക്കാന്‍ ആവശ്യത്തിന് അവസരം ജയദേവിന് ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ വിന്‍ഡീസ് പരമ്പരയില്‍ അദ്ദേഹത്തിന് അവസരം ലഭിച്ചേക്കും. മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിച്ചതിനാല്‍ പകരം അനുഭവസമ്പന്നനായ പേസറെന്ന നിലയിലും ഇടം കൈയനെന്ന നിലയിലും ഉനദ്ഘട്ടിനെ ഇന്ത്യ പരിഗണിക്കാനാണ് സാധ്യത. മികവുകാട്ടാനായില്ലെങ്കില്‍ ഉനദ്ഘട്ടിന് തിരിച്ചുവരവ് പ്രയാസമാവും.
നവദീപ് സൈനിയെ ടെസ്റ്റിലേക്ക് വളര്‍ത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. വെസ്റ്റ് ഇന്‍ഡീസില്‍ അവസരം ലഭിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. അവസരം ലഭിക്കാതിരുന്നാല്‍ ഷമി വരുമ്പോള്‍ സൈനി പുറത്താവാനുള്ള സാധ്യത കൂടുതലാണ്. കളിച്ചാല്‍ മികവ് തെളിയിക്കാനാവാത്ത പക്ഷം സൈനി ടീമിന് പുറത്തുപോവുമെന്ന കാര്യം ഉറപ്പാണ്. അജിന്‍ക്യ രഹാനെയെ സംബന്ധിച്ചും വിന്‍ഡീസ് പരമ്പര നിര്‍ണ്ണായകമാണ്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ രഹാനെ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. എന്നാല്‍ രഹാനെക്ക് പകരക്കാരനാവാന്‍ ശ്രേയസ് അയ്യര്‍, സര്‍ഫറാസ് ഖാന്‍ എന്നിവര്‍ അവസരം തേടുകയാണ്. ഈ സാഹചര്യത്തില്‍ ശേഷിക്കുന്ന മത്സരങ്ങൡലെല്ലാം രഹാനെ മികവ് കാട്ടണം. വിന്‍ഡീസ് പരമ്പരക്ക് ശേഷം ഡിസംബറില്‍ ദക്ഷിണാഫ്രിക്കയിലാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. ഈ സാഹചര്യത്തില്‍ വിന്‍ഡീസില്‍ രഹാനെക്ക് തിളങ്ങേണ്ടതായുണ്ട്.