For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: ധവാന്റെ മൂന്ന് റെക്കോഡ് 'സേഫല്ല', തകര്‍ത്തടുക്കാന്‍ ജയ്‌സ്വാള്‍! ചരിത്ര നേട്ടത്തിനരികെ

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലൂടെ വരവറിയിച്ചിരിക്കുകയാണ് യശ്വസി ജയ്‌സ്വാള്‍. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും തിളങ്ങിയിരുന്ന ജയ്‌സ്വാള്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം സെഞ്ച്വറിയോടെയാണ് ആഘോഷിച്ചത്. അരങ്ങേറ്റ ടെസ്റ്റില്‍ത്തന്നെ കളിയിലെ താരമായി മാറാനും ജയ്‌സ്വാളിനായി. ഇതോടെ ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ പ്രതീക്ഷ നല്‍കാന്‍ യുവതാരത്തിന് സാധിക്കുന്നു. ഇടവേളക്ക് ശേഷമാണ് ജയ്‌സ്വാളിനെപ്പോലൊരു മികച്ച ഇടം കൈയന്‍ ഓപ്പണറെ ഇന്ത്യക്ക് ലഭിക്കുന്നത്.

ശിഖര്‍ ധവാന് ശേഷം മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന ഓപ്പണറായാണ് ജയ്‌സ്വാള്‍ വളരുന്നത്. അരങ്ങേറ്റ ടെസ്റ്റിലെ പ്രകടനത്തിലൂടെ പല വമ്പന്‍ റെക്കോഡുകളും ജയ്‌സ്വാള്‍ തകര്‍ത്തിട്ടുണ്ട്. രണ്ടാം ടെസ്റ്റിലും വലിയ നേട്ടങ്ങള്‍ ജയ്‌സ്വാളിനെ കാത്തിരിക്കുന്നു. എന്നാല്‍ ഓപ്പണറെന്ന നിലയില്‍ ശിഖര്‍ ധവാന്റെ ചില റെക്കോഡുകള്‍ തകര്‍ക്കാനുള്ള അവസരം ജയ്‌സ്വാളിന് മുന്നിലുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

ആദ്യത്തെ 10 ടെസ്റ്റ് ഇന്നിങ്‌സില്‍ നിന്ന് കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യക്കാരന്റെ റെക്കോഡില്‍ ധവാന്റെ റെക്കോഡ് തകര്‍ക്കാന്‍ ജയ്‌സ്വാളിന് മുന്നില്‍ അവസരമുണ്ട്. ആദ്യത്തെ 10 ടെസ്റ്റ് ഇന്നിങ്‌സില്‍ നിന്ന് 532 റണ്‍സാണ് ധവാന്‍ നേടിയത്. ഈ റെക്കോഡില്‍ ആറാം സ്ഥാനത്തുള്ള ഇന്ത്യക്കാരനാണ് ധവാന്‍. വിനോദ് കാംബ്ലി (880), സുനില്‍ ഗവാസ്‌കര്‍ (831), മായങ്ക് അഗര്‍വാള്‍ (605) എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. ഈ റെക്കോഡുകള്‍ തകര്‍ക്കാനും ജയ്‌സ്വാളിന് സാധിച്ചേക്കും.

ടെസ്റ്റില്‍ അമിത പ്രതിരോധത്തിലൂന്നി കളിക്കുന്ന താരമല്ല ശിഖര്‍ ധവാന്‍. വീരേന്ദര്‍ സെവാഗുമായി താരതമ്യപ്പെടുത്താനാവില്ലെങ്കിലും ഭേദപ്പെട്ട രീതിയില്‍ റണ്‍സുയര്‍ത്താന്‍ ധവാന് കഴിവുണ്ട്. ഒരു ടെസ്റ്റ് ഇന്നിങ്‌സിലെ ധവാന്റെ ഉയര്‍ന്ന സ്‌ട്രൈക്കറേറ്റ് 113.09 ആണ് (100ലധികം പന്ത് നേരിട്ട്). 2017ല്‍ ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു ധവാന്റെ നേട്ടം. ഈ റെക്കോഡ് തകര്‍ക്കാന്‍ ജയ്‌സ്വാളിന് കഴിവുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ അതിവേഗത്തില്‍ ബാറ്റുചെയ്യുന്ന താരമാണ് ജയ്‌സ്വാള്‍.

Yashasvi Jaiswal

100ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍ കളിക്കാന്‍ യുവതാരത്തിന് സാധിച്ചിട്ടുണ്ട്. അരങ്ങേറ്റ ടെസ്റ്റില്‍ ക്ഷമയോടെയാണ് ജയ്‌സ്വാള്‍ കളിച്ചതെങ്കിലും താരത്തിന്റെ സ്വാഭാവിക ശൈലി അതല്ല. ആത്മവിശ്വാസത്തോടെ ബാറ്റുചെയ്യുന്ന താരം ധവാന്റെ സ്‌ട്രൈക്കറേറ്റ് റെക്കോഡ് തകര്‍ക്കാനും സാധ്യതയുണ്ട്. ഈ റെക്കോഡില്‍ മുന്നിലുള്ള ഇന്ത്യന്‍ താരം റിഷഭ് പന്താണ്. 2022ല്‍ ഇംഗ്ലണ്ടിനെതിരേ 131.53 സ്‌ട്രൈക്കറേറ്റിലാണ് റിഷഭ് കളിച്ചത്. 115.35 സ്‌ട്രൈക്കറേറ്റുള്ള സെവാഗ് രണ്ടാം സ്ഥാനത്താണ്. 2009ല്‍ ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു സെവാഗിന്റെ ഈ പ്രകടനം.

ഒരു ടെസ്റ്റ് ഇന്നിങ്‌സിന്റെ ഒരു സെക്ഷനില്‍ കൂടുതല്‍ റണ്‍സ് നേടിയ റെക്കോഡില്‍ ധവാനെ മറികടക്കാനുള്ള അവസരവും ജയ്‌സ്വാളിന് മുന്നിലുണ്ട്. ആദ്യ സെക്ഷനിലുള്ളില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഏക ഇന്ത്യന്‍ താരം ധവാനാണ്. 2018ല്‍ അഫ്ഗാനിസ്ഥാനെതിരേ ആദ്യ സെക്ഷനില്‍ത്തന്നെ ധവാന്‍ 104 റണ്‍സാണ് നേടിയത്. വീരേന്ദര്‍ സെവാഗ് 2006ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ 99 റണ്‍സും നേടിയിട്ടുണ്ട്. ആക്രമിച്ച് കളിക്കാനറിയാവുന്ന ജയ്‌സ്വാള്‍ അധികം വൈകാതെ തന്നെ ഇൗ റെക്കോഡില്‍ ഒന്നാമനായേക്കും.

രണ്ടാം ടെസ്റ്റിലെ ജയ്‌സ്വാളിന്റെ പ്രകടനം നിര്‍ണ്ണായകമാണ്. ശുബ്മാന്‍ ഗില്‍ ഓപ്പണിങ് സ്ഥാനം വിട്ടുകൊടുത്തതിനെത്തുടര്‍ന്നാണ് ജയ്‌സ്വാളിന് അവസരം ലഭിക്കുന്നത്. ആദ്യ മത്സരത്തില്‍ നീതികാട്ടാന്‍ ജയ്‌സ്വാളിന് സാധിച്ചിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തിലും ഇത് ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്ക് ശേഷം ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര.

ഈ പരമ്പരയ്ക്കുള്ള ടീമില്‍ സ്ഥാനം നേടാന്‍ രണ്ടാം ടെസ്റ്റിലും ജയ്‌സ്വാള്‍ തിളങ്ങേണ്ടതായുണ്ട്. അധികം വൈകാതെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ ഓപ്പണര്‍ സ്ഥാനം ജയ്‌സ്വാളിന് നല്‍കിയേക്കും. രോഹിത് ശര്‍മ പടിയിറങ്ങിയാല്‍ ശുബ്മാന്‍-ജയ്‌സ്വാള്‍ ഓപ്പണിങ് കൂട്ടുകെട്ടുമായി ഇന്ത്യ മുന്നോട്ട് പോയേക്കും.

Story first published: Tuesday, July 18, 2023, 6:57 [IST]
Other articles published on Jul 18, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+