വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യ മത്സരം ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ജയിച്ചു. സീനിയേഴ്‌സിന് വിശ്രമം അനുവദിച്ച് ഇന്ത്യ നടത്തിയ പരീക്ഷണത്തെ മുതലാക്കിയാണ് ആതിഥേയര്‍ ജയിച്ചത്. എന്നാല്‍ മൂന്നാം മത്സരത്തില്‍ ഇതേ യുവനിരയുമായി ഇന്ത്യ വിജയവും പരമ്പരയും നേടിയെന്നതാണ് എടുത്തു പറയേണ്ടത്. ഏഷ്യാ കപ്പും ഏകദിന ലോകകപ്പും നടക്കാനിരിക്കെ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന പരമ്പര നേട്ടമാണിത്.
ഇന്ത്യ പല ചോദ്യങ്ങള്‍ക്കും വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലൂടെ ഉത്തരം തേടിയിരുന്നു. ഇതില്‍ ചിലതിന് ഉത്തരം ലഭിച്ചെങ്കിലും ഇപ്പോഴും ചിലത് ബാക്കിയാണ്. ഇത്തരത്തില്‍ പരമ്പര നേട്ടത്തിന് ശേഷവും ഇന്ത്യക്ക് തലവേദനയായി തുടരുന്ന മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം സൂര്യകുമാര്‍ യാദവ്-സഞ്ജു സാംസണ്‍ എന്നിവരില്‍ ആര് വേണമെന്നതില്‍ തീരുമാനത്തിലേക്കെത്താനായിട്ടില്ല. സഞ്ജു സാംസണ്‍ രണ്ടാം മത്സരത്തില്‍ ഫ്‌ളോപ്പായപ്പോഴും മൂന്നാം മത്സരത്തില്‍ തിളങ്ങി.
വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയാണ് അദ്ദേഹം നേടിയത്. ആക്രമണോത്സകത കാട്ടി സഞ്ജു കൈയടി നേടിയെങ്കിലും ഇപ്പോഴും സഞ്ജുവിന്റെ മികവില്‍ ടീം മാനേജ്‌മെന്റിന് വിശ്വാസമായിട്ടില്ല. എന്നാല്‍ സൂര്യകുമാര്‍ യാദവിന് ടി20യിലെ മികവ് ഏകദിനത്തില്‍ ആവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. എങ്കിലും സൂര്യക്ക് കൂടുതല്‍ പിന്തുണ നല്‍കാനാണ് ടീം മാനേജ്‌മെന്റ് പദ്ധതിയിടുന്നത്. നിലവില്‍ ഫിനിഷര്‍ റോളിലേക്ക് സൂര്യകുമാറിനെ പരിഗണിക്കാനാണ് ദ്രാവിഡ് ആലോചിക്കുന്നത്.
എന്തായാലും സഞ്ജു, സൂര്യകുമാര്‍ എന്നിവരിലൊരാള്‍ക്ക് മാത്രമേ ഏകദിന ലോകകപ്പിന്റെ 15 അംഗ ടീമില്‍ ഇടം നേടാന്‍ സാധിക്കുകയുള്ളൂ. അത് ആരായിരിക്കണമെന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലൂടെ തീരുമാനിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്. എന്നാല്‍ ഈ പരമ്പരയിലെ പ്രകടനം വിലയിരുത്തി ഇവരില്‍ ആരുവേണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്.

ഇന്ത്യയുടെ ബാക്കപ്പ് പേസ് ബൗളര്‍മാര്‍ ആരൊക്കെയെന്ന കാര്യത്തില്‍ തീരുമാനത്തിലേക്കെത്താനായിട്ടില്ല. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ പേസര്‍മാരായി ഉണ്ടാവും. ഹര്‍ദിക് പാണ്ഡ്യയും ശര്‍ദ്ദുല്‍ ടാക്കൂറും ഉണ്ടെങ്കിലും ഇന്ത്യക്ക് പേസ് നിരയില്‍ മികച്ച ബാക്കപ്പുകളെ ആവശ്യമാണ്. മുകേഷ് കുമാര്‍, ഉമ്രാന്‍ മാലിക്, ജയദേവ് ഉനദ്ഘട്ട് എന്നിവരെയാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ പരിഗണിച്ചത്.
എന്നാല്‍ ഇവര്‍ക്കാര്‍ക്കും വലിയൊരു പ്രകടനത്തിലൂടെ കൈയടി നേടാനായിട്ടില്ല. പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍, അര്‍ഷദീപ് സിങ് ഇങ്ങനെ പല താരങ്ങളും അവസരം തേടുന്നു. ഇതില്‍ ആരെ പരിഗണിക്കുമെന്നതിന് ഇപ്പോഴും ഉത്തരമായിട്ടില്ല. സ്പിന്‍ കൂട്ടുകെട്ട് രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും തമ്മില്‍ ആയിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. എന്നാല്‍ കുല്‍ദീപിന്റെ ബാക്കപ്പായി ആരെന്നതിനും ടീം മാനേജ്‌മെന്റിന് ഉത്തരമില്ല.
ഇന്ത്യയുടെ ബാറ്റിങ് ഓഡര്‍ സംബന്ധിച്ചും തീരുമാനമായിട്ടില്ല. 4, 6, 7 ബാറ്റിങ് ഓഡറില്‍ ഇപ്പോഴും ആശയക്കുഴപ്പം തുടരുന്നു. നാലാം നമ്പറില്‍ കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരാണ് അവസരം തേടുന്നത്. ഇവരിലാര് വേണമെന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനത്തിലേക്കെത്താനായിട്ടില്ല. അഞ്ചാം നമ്പറില്‍ ഹര്‍ദിക് പാണ്ഡ്യ കളിച്ചാല്‍ ഫിനിഷര്‍ റോളില്‍ ആരു വേണമെന്നതും പ്രസക്തമായ ചോദ്യം.
സൂര്യകുമാര്‍ യാദവാണ് നിലവില്‍ ഫിനിഷര്‍ റോളിലേക്ക് പരിഗണിക്കപ്പെടുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ഏകദിന ഫോര്‍മാറ്റിലെ പ്രകടനം പ്രതീക്ഷക്കൊത്തുള്ളതല്ല. ഇതെല്ലാം വലിയ തലവേദന സൃഷ്ടിക്കുന്നതാണ്. ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന മറ്റൊരു ഫിനിഷറുമില്ല. അതുകൊണ്ടുതന്നെ ലോകകപ്പിന് മുമ്പ് ദ്രാവിഡും രോഹിത്തും ഇനിയും വെള്ളം കുടിക്കേണ്ടി വരും.