ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോടേറ്റ നാണക്കേടിനു ശേഷം ടീം ഇന്ത്യ ജൂലൈയില്‍ അടുത്ത ദൗത്യത്തിനു ഇറങ്ങുകയാണ്. ലോക ക്രിക്കറ്റിലെ മുന്‍ രാജാക്കന്‍മാരും, ഇപ്പോള്‍ ശക്തി ക്ഷയിച്ച് പാപ്പരുമായ വെസ്റ്റ് ഇന്‍ഡീസിലേക്കാണ് ഇന്ത്യന്‍ സംഘം പറക്കുന്നത്. ജൂലൈ- ആഗസ്റ്റ് മാസങ്ങളിലായി വിന്‍ഡീസില്‍ രണ്ടു ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ചു ടി20കളും ഇന്ത്യന്‍ ടീം കളിക്കും.
വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തെ ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു വൈറ്റ് ബോള്‍ പരമ്പരകളില്‍ നിന്നും വിശ്രമം നല്‍കിയേക്കുമെന്നും പുതുമുഖ താരങ്ങള്‍ക്കു വിവിധ പരമ്പരകളില്‍ ഇന്ത്യ അവസരം കൊടുത്തേക്കുമെന്നും സൂചനകളുണ്ട്. എന്നാല്‍ മൂന്നു പരമ്പരകളിലും ഇന്ത്യന്‍ ടീം സെലക്ഷനു യോഗ്യരല്ലാത്ത ചില കളിക്കാരുണ്ട്. ഇവര്‍ ആരൊക്കെയെന്നു നോക്കാം.

മുന്‍ വൈസ് ക്യാപ്റ്റനും ഓപ്പണിങ് ബാറ്ററുമായ കെഎല്‍ രാഹുലാണ് ആദ്യത്തെയാള്‍. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടി കളിക്കുന്നതിനിടെ കാല്‍ത്തുടയ്ക്കു പരിക്കേറ്റ ശേഷം അദ്ദേഹം ശസ്ത്രക്രിയക്കു വിധേയനായിരുന്നു. നിലവില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലെ എന്‍സിഎയിലാണ് രാഹുല്‍ ഉള്ളത്. ആഗസ്റ്റില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിലൂടെ അദ്ദേഹത്തിനു മല്‍സരരംഗത്തേക്കു തിരിച്ചെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനാല്‍ തന്നെ വിന്‍ഡീസ് പര്യടനത്തിലേക്കു രാഹുലിനെ പരിഗണിക്കില്ല.
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ലിസ്റ്റിലെ രണ്ടാമന്‍. കഴിഞ്ഞ വര്‍ഷം സപ്തംബര്‍ മുതല്‍ അദ്ദേഹം കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. പുറംഭാഗത്തിനേറ്റ പരിക്കിനെ തുടര്‍ന്നാണിത്. നിലവില്‍ വിശ്രമിത്തുള്ള ബുംറയ്ക്കു ഉടനെയൊന്നും മല്‍സരരംഗത്തേക്കു തിരിച്ചുവരാന്‍ സാധിക്കില്ല.
ആഗസ്റ്റില്‍ നടക്കാനിരിക്കുന്ന അയര്‍ലാന്‍ഡ് പര്യടനത്തിലൂടെ അദ്ദേഹം തിരിച്ചുവന്നേക്കുമെന്നായിരുന്നു അടുത്തിടെ ദിനേശ് കാര്‍ത്തിക് സൂചിപ്പിച്ചത്. പരിക്കു കാരണം കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പും ഐസിസിയുടെ ടി20 ലോകകപ്പും ബുംറയ്ക്കു നഷ്ടമായിരുന്നു.
മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരാണ് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനു വേണ്ടി സെലക്ഷനു ലഭ്യമല്ലാത്ത അടുത്തയാള്‍. പരിക്ക് തന്നെയാണ് അദ്ദേഹത്തിനും വില്ലനായത്. ജസ്പ്രീത് ബുംറയെപ്പോലെ ശ്രേയസിന്റെയും പുറംഭാഗത്തിനാണ് പരിക്കേറ്റിരിക്കുന്നത്. ഐപിഎല്ലിനു മുമ്പ് ഓസ്‌ട്രേലിയക്കെതിരേ നടന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് അദ്ദേഹത്തിനു പരിക്കേല്‍ക്കുന്നത്.

ഏപ്രിലില്‍ ശസ്ത്രക്രിയക്കു വിധേയനായ ശ്രേയസിനു ഐപിഎല്ലിലും കളിക്കാനായിരുന്നില്ല. നിലവില്‍ വിശ്രമിക്കുന്ന താരത്തിനു ഒക്ടോബറില്‍ ഇന്ത്യയില്‍ ആരംഭിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിലൂടെ തിരിച്ചെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനു ഇല്ലാത്ത ഇന്ത്യയുടെ നാലാമത്തെ താരം. എന്നാല്‍ മറ്റു മൂന്നു പേരില്‍ നിന്നും വ്യത്യസ്തമായി ഗ്രൗണ്ടില്‍ വച്ചല്ല അദ്ദേഹത്തിനു പരിക്കേറ്റത്. കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റിഷഭ് നിലവില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് അദ്ദേഹമുള്ളത്. എന്നാല്‍ പൂര്‍ണ ഫിറ്റ്‌നസിലേക്കു തിരിച്ചെത്താന്‍ റിഷഭിനു ഇനിയും എത്ര മാസങ്ങള്‍ വേണ്ടി വരുമെന്നു വ്യക്തമല്ല. ഐസിസിയുടെ ഏകദിന ലോകകപ്പിലൂടെ റിഷഭ് തിരിച്ചെത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.