IND vs WI: ഏകദിനത്തില്‍ ഇവരെ തഴയരുത്, ഉറപ്പായും അവസരം നല്‍കണം- ഇതാ മൂന്നു പേര്‍
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലേറ്റ വന്‍ പരാജയത്തിനു ശേഷം ടീം ഇന്ത്യക്കു ഇതു അവധിക്കാലമാണ്. ഇനിയൊരു മാസത്തേക്കു താരങ്ങള്‍ക്കു തിരിച്ചടികളുടെ മുറിവുണക്കി കൂടുതല്‍ കരുത്താര്‍ജിച്ചു തിരിച്ചുവരാനുള്ള സമയമാണ്. അടുത്ത മാസം പകുതിയോടെ ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനു തുടക്കമാവുകയാണ്. ടെസ്റ്റ്, ഏകദിനം, ടി20 പരമ്പരകളിലാണ് ടീം ഇന്ത്യ കരീബിയന്‍ മണ്ണില്‍ മാറ്റുരയ്ക്കുക. രണ്ടു ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ചു ടി20കളുമാണ് വിന്‍ഡീസ് പര്യടത്തിലുള്ളത്.
ഇതില്‍ ഏകദിന പരമ്പര ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഈ വര്‍ഷം നാട്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് തയ്യാറെടുപ്പ് നടത്താനുള്ള അവസരം കൂടിയാണ്. അതുകൊണ്ടു തന്നെ ശരാശരി ടീം മാത്രമായ വിന്‍ഡീസിനെതിരേ ഇന്ത്യക്കു പ്ലെയിങ് ഇലവനില്‍ ചില പരീക്ഷണങ്ങളും നടത്താവുന്നതാണ്. ലോകകപ്പിനു മുന്നാടിയായി തങ്ങളുടെ ബെഞ്ച് കരുത്ത് എത്രത്തോളമുണ്ടെന്നു ഈ പരമ്പരയില്‍ ഇന്ത്യക്കു അളക്കുകയും ചെയ്യാം.
അവസാനമായി 2011ലെ ടൂര്‍ണമെന്റില്‍ മുത്തമിട്ട ഇന്ത്യ 12 വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടില്‍ വീണ്ടുമൊരു വിശ്വകിരീടം സ്വപ്‌നം കാണുകയാണ്. സമാപിച്ച ഐപിഎല്ലില്‍ ഇന്ത്യയുടെ നിരവധി യുവതാരങ്ങളുടെ മിന്നുന്ന പ്രകടനം കണ്ടിരുന്നു. പ്രതിഭ കൊണ്ട് മാത്രമല്ല നിര്‍ഭയമായ സമീപനം കൊണ്ടു കൂടിയാണ് ഇവര്‍ ശ്രദ്ധിക്കപ്പെട്ടത്.
ഐസിസി ടൂര്‍ണമെന്റുകളില്‍ ഈ തരത്തില്‍ ഫിയര്‍ലെസ് ക്രിക്കറ്റ് കളിക്കാന്‍ ശേഷിയുള്ളവരെയാണ് ഇന്ത്യന്‍ ടീമിനു ആവശ്യം. വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന പരമ്പരയില്‍ ചില യുവ ബാറ്റര്‍മാര്‍ക്കു ഇന്ത്യ കഴിവ് പ്രദര്‍ശിപ്പിക്കാന്‍ അവസരം നല്‍കിയേ തീരൂ. ഇവര്‍ ആരൊക്കെയാവുമെന്നു നോക്കാം.
യുവ ഓപ്പണിങ് ബാറ്റര്‍ റുതുരാജ് ഗെയ്ക്വാദാണ് ഇവരിലൊരു താരം. ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കഴിഞ്ഞ മൂന്നു സീസണുകളിലും സ്ഥിരതയാര്‍ന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചിട്ടുള്ളത്. ഈ കാരണത്താല്‍ തന്നെയാണ് സൗത്താഫ്രിക്കയുടെ സൂപ്പര്‍ താരം ഫഫ് ഡുപ്ലെസിയെപ്പോലും കൈവിട്ട് റുതുരാജിനെ സിഎസ്‌കെ നിലനിര്‍ത്തിയത്.
കഴിഞ്ഞ സീസണില്‍ ചെന്നൈയ്ക്കു വേണ്ടി 16 മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം 42.14 ശരാശരിയില്‍ 147.50 സ്‌ട്രൈക്ക് റേറ്റോടെ 590 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. ലോകത്തിലെ ഏതു മികച്ച ബൗളര്‍മാര്‍ക്കുമെതിരേ തനിക്കു റണ്‍സ് വാരിക്കൂട്ടാന്‍ കഴിയുമെന്നു റുതുരാജ് കാണിച്ചുതന്നു. ആഭ്യന്തര ക്രിക്കറ്റിലെ ഏകദിന ഫോര്‍മാറ്റില്‍ വളരെ മികച്ച റെക്കോര്‍ഡുള്ള താരം കൂടിയാണ് അദ്ദേഹം.
വിജയ് ഹസാരെ ട്രോഫിയില്‍ അവസാനമയി കളിച്ച 10 മല്‍സരങ്ങളില്‍ നിന്നും റുതുരാജ് അടിച്ചെടുത്തത് എട്ടു സെഞ്ച്വറികളാണ്. 2022-23 സീസണിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉത്തര്‍പ്രദേശിനെതിരേ ഡബിള്‍ സെഞ്ച്വറിയും താരം നേടി. ഈ കളിയില്‍ ഒരോവറില്‍ ഏഴു സിക്‌സറടിച്ചും റുതുരാജ് ഞെട്ടിച്ചിരുന്നു. അതുകൊണ്ടു തന്നെ വിന്‍ഡീസിനെതിരേ അദ്ദേഹം തീര്‍ച്ചയായും ഇന്ത്യന്‍ ഇലവനില്‍ സ്ഥാനവുമര്‍ഹിക്കുന്നു.
തമിഴ്‌നാട്ടുകാരനായ വിക്കറ്റ് കീപ്പര്‍ നാരായണ്‍ ജഗദീശനാണ് ഈ ലിസ്റ്റിലെ രണ്ടാമന്‍. കഴിഞ്ഞ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പം പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ താരത്തിനായിരുന്നില്ല. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരമായി റണ്‍സ് വാരിക്കൂട്ടുന്നയാളാണ് ജഗദീശന്‍.

2022-23ലെ വിജയ് ഹസാരെ ട്രോഫിയില്‍ ഏറ്റവുമധികം റണ്‍സെടുത്തത് അദ്ദേഹമായിരുന്നു. എട്ടു മല്‍സരങ്ങളില്‍ നിന്നും 830 റണ്‍സായിരുന്നു സമ്പാദ്യം. ഒരു ഡബിള്‍ സെഞ്ച്വറിയടക്കം അഞ്ചു സെഞ്ച്വറിയാണ് ജഗദീശന്‍ സ്‌കോര്‍ ചെയ്തത്.
മൂന്നാമത്തെയാള്‍ ഇടംകൈയന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി 14 മല്‍സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളുമടക്കം 625 റണ്‍സെടുത്ത അദ്ദേഹം എമേര്‍ജിങ് പ്ലെയറായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ പ്രകടനത്തിനു പിന്നാലെ ലോക ടെസ്റ്റ് ചംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ ബാക്കപ്പ് താരങ്ങളിലൊരാളായും ജയ്‌സ്വാളിനെ ഉള്‍പ്പെടുത്തിയിരുന്നു.
കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിലും മികച്ച പ്രകടനമായിരുന്നു താരത്തിന്റേത്. മുംബൈയ്ക്കായി ആറു മല്‍സരങ്ങളില്‍ നിന്നും 396 റണ്‍സ് ജയ്‌സ്വാള്‍ നേടിയിരുന്നു. അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ അത് ഇടംകൈ-വലംകൈ ഓപ്പണിംഗ് കോമ്പിനേഷന്‍ നിലനിര്‍ത്താന്‍ ഇന്ത്യയെ സഹായിക്കുകയും ചെയ്യും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications