വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന്റെ ജയം നേടിയെങ്കിലും ചര്‍ച്ചയായത് സഞ്ജു സാംസണിന്റെ അഭാവമാണ്. ഏകദിനത്തില്‍ 66 ശരാശരിയുണ്ടായിട്ടും സഞ്ജു തഴയപ്പെടുകയും മോശം ഫോമിലുള്ള സൂര്യകുമാര്‍ യാദവ് പ്ലേയിങ് 11ലേക്കെത്തുകയും ചെയ്തത് ആരാധകരെ നിരാശരാക്കുന്ന കാര്യമാണ്. സൂര്യകുമാര്‍ യാദവ് ഫ്‌ളോപ്പാവുകയും ചെയ്തതോടെ സഞ്ജുവിനായുള്ള മുറവിളി ശക്തമാവുകയും ചെയ്തു.
മുംബൈയുടെ ലോബിയുടെ ആധിപത്യത്തിന് മുന്നില്‍ സഞ്ജു സാംസണിന് സീറ്റ് നഷ്ടമാവുന്നത് ഇതാദ്യമായല്ല. പ്ലേയിങ് 11ന്റെ സംതുലിതാവസ്ഥക്ക് മധ്യനിരയില്‍ ഇടം കൈയന്‍ വേണമെന്നതിനാല്‍ ഇഷാന്‍ കിഷന് ഇന്ത്യ മുന്‍തൂക്കം നല്‍കിയതിനെ തെറ്റുപറയാനാവില്ല. ഫിഫ്റ്റിയോടെ ഇഷാന്‍ അവസരം മുതലാക്കുകയും ചെയ്തു. എന്നാല്‍ സഞ്ജുവിനെ മറികടന്ന് സൂര്യകുമാറിനെ കളിപ്പിച്ചതിനെ ന്യായീകരിക്കുക പ്രയാസമാണ്.

ടി20യില്‍ സൂര്യയുടെ സ്ഥാനത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കുമാവില്ല. എന്നാല്‍ ഏകദിനത്തില്‍ സൂര്യയെക്കാള്‍ മികച്ചവന്‍ സഞ്ജുവാണ്. ഇത് വ്യക്തമാക്കുന്ന മൂന്ന് കാരണങ്ങള്‍ പരിശോധിക്കാം. ഒന്നാമത്തെ കാര്യം ഏകദിന ഫോര്‍മാറ്റിലെ സഞ്ജുവിന്റെ കണക്കുകളാണ്. 2021 ജൂലൈയിലാണ് സൂര്യകുമാര്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. 24 ഏകദിനം ഇന്ത്യക്കായി കളിച്ച സൂര്യകുമാര്‍ 23.78 ശരാശരിയില്‍ 452 റണ്‍സാണ് നേടിയത്.
ഇതില്‍ രണ്ട് അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടും. അതേ സമയം സഞ്ജുവിന് 10 ഇന്നിങ്‌സാണ് ഏകദിനത്തില്‍ കളിക്കാന്‍ അവസരം ലഭിച്ചത്. 66 ശരാശരിയില്‍ 330 റണ്‍സ് നേടിയ സഞ്ജു രണ്ട് അര്‍ധ സെഞ്ച്വറികളും പേരിലാക്കി. പുറത്താവാതെ 86 റണ്‍സ് നേടിയതാണ് സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍. ഈ കണക്കുകളില്‍ നിന്ന് തന്നെ സഞ്ജുവിന്റെ മുന്‍തൂക്കം വ്യക്തം. രണ്ടാമത്തെ കാരണം സഞ്ജുവിന്റെ വലിയ ഇന്നിങ്‌സ് കളിക്കാനുള്ള കഴിവാണ്.
സൂര്യകുമാര്‍ യാദവ് ടി20യിലെ അതേ ശൈലിയാണ് ഏകദിനത്തിലും പിന്തുടരുന്നത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ വലിയ ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ സൂര്യക്ക് സാധിക്കാതെ വരുന്നു. ഒന്നോ രണ്ടോ സിക്‌സുകള്‍ പറത്തി ആരാധകരെ ആവേശത്തിലാക്കുന്നതിലപ്പുറം ടീമിന് അടിത്തറ പാകാന്‍ സൂര്യക്ക് സാധിക്കുന്നില്ല. അതേ സമയം സഞ്ജുവിന് വലിയ ഇന്നിങ്‌സ് കളിക്കാനുള്ള കഴിവുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് സഞ്ജു.
നിലയുറപ്പിച്ച് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോകാനും അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും സഞ്ജുവിന് കഴിവുണ്ട്. മധ്യനിരയില്‍ ബാറ്റുചെയ്ത് അവസാന ഓവറുകളില്‍ ആഞ്ഞടിക്കാന്‍ സഞ്ജുവിന് സാധിക്കും. ഈ മികവ് സൂര്യക്കില്ലെന്നതാണ് വസ്തുത. മൂന്നാമത്തെ കാര്യം റിഷഭ് പന്തിന്റെ ഉത്തമ പകരക്കാരനാവാന്‍ സാധിക്കുമെന്നതാണ്.
ഇഷാന്‍ കിഷന്‍ മികച്ച പ്രകടനം നടത്താന്‍ കഴിവുള്ളവനാണെങ്കിലും സ്ഥിരതയോടെ മുന്നോട്ട് പോകുക പ്രയാസമാണ്. എന്നാല്‍ ഏകദിനത്തില്‍ സഞ്ജു സ്ഥിരതയുള്ള ബാറ്റ്‌സ്മാനാണ്. കൂടാതെ വിക്കറ്റിന് പിന്നില്‍ ഇഷാനെക്കാള്‍ മികവ് സഞ്ജുവിനുണ്ട്. ഏത് ബാറ്റിങ് പൊസിഷനിലും സഞ്ജുവിന് കളിക്കാന്‍ സാധിക്കും. ഇഷാന് മധ്യനിരയില്‍ തിളങ്ങാനാവുമോയെന്നത് ചോദ്യമാണ്. എന്നാല്‍ സഞ്ജു ടോപ് ഓഡറിലും മധ്യനിരയിലും ഒരുപോലെ കളിച്ച് മികവ് തെളിയിച്ചിട്ടുള്ളവനാണ്.
ഇക്കാരണങ്ങളെല്ലാം വിലയിരുത്തുമ്പോള്‍ ഏകദിനത്തില്‍ സഞ്ജു തുടര്‍ അവസരങ്ങള്‍ അര്‍ഹിക്കുന്നു. സഞ്ജുവിന്റെ പ്രതിഭ നന്നായി അറിയാവുന്ന രാഹുല്‍ ദ്രാവിഡ് പരിശീലകനായി ഉണ്ടായിട്ടും മലയാളി താരത്തിന് അവസരം ലഭിക്കുന്നില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. വെസ്റ്റ് ഇന്‍ഡീസിനെതിരായ ശേഷിക്കുന്ന രണ്ട് ഏകദിനത്തിലും സഞ്ജു പ്ലേയിങ് 11 ഇടം നേടുമെന്ന് പ്രതീക്ഷിക്കാം. ഇനിയും തഴഞ്ഞാല്‍ സഞ്ജുവിന് ഏകദിന ലോകകപ്പിലെ സീറ്റ് മറക്കേണ്ടി വന്നേക്കും.