ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയെടുത്തിരിക്കുകയാണ്. അഞ്ച് വിക്കറ്റിനാണ് ഇന്ത്യ ആതിഥേയരെ തകര്‍ത്തുവിട്ടത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത വെസ്റ്റ് ഇന്‍ഡീസ് 114 റണ്‍സില്‍ കൂടാരം കയറിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 163 പന്തുകള്‍ ബാക്കിനിര്‍ത്തി വിജയലക്ഷ്യം മറികടന്നു. കുല്‍ദീപ് യാദവിന്റെ നാല് വിക്കറ്റ് പ്രകടനവും ഇഷാന്‍ കിഷന്റെ (52) അര്‍ധ സെഞ്ച്വറി പ്രകടനവുമാണ് ഇന്ത്യക്ക് അനായാസ ജയമൊരുക്കിയത്.
മത്സരത്തില്‍ ഇന്ത്യ നിരവധി പരീക്ഷണങ്ങളാണ് ബാറ്റിങ് ഓഡറില്‍ വരുത്തിയത്. രോഹിത് ശര്‍മയും വിരാട് കോലിയും പിന്നോട്ടിറങ്ങി യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കി. ഇതില്‍ ഇഷാന്‍ കിഷനൊഴികെ മറ്റാര്‍ക്കും തിളങ്ങാനായില്ല. ഓപ്പണര്‍ ശുബ്മാന്‍ ഗില്‍ (7) തീര്‍ത്തും നിരാശപ്പെടുത്തി. ടെസ്റ്റ് പരമ്പരയില്‍ മോശം ഫോമിലായിരുന്ന ശുബ്മാന് ഏകദിന പരമ്പരയിലേക്കെത്തിയിട്ടും രക്ഷയില്ല. ഇപ്പോഴിതാ ശുബ്മാനെതിരേ വിമര്‍ശനം ശക്തമാവുകയാണ്.
ഫ്‌ളാറ്റ് പിച്ചും ആര്‍സിബി എതിരാളികളായും വരാതെ ശുബ്മാന് തിളങ്ങാനാവില്ലെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. അഹമ്മദാബാദിലെ ഫ്‌ളാറ്റ് പിച്ചില്‍ മാത്രം തിളങ്ങുന്ന താരമായി ശുബ്മാന്‍ മാറിയിരിക്കുകയാണ്. ശുബ്മാനെ അടുത്ത വിരാട് കോലിയെന്ന് വിളിച്ചത് തെറ്റായിപ്പോയെന്നാണ് കരുതുന്നതെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്. അവസാന ഐപിഎല്‍ സീസണിന് ശേഷം ശുബ്മാനില്‍ നിന്ന് മികച്ചൊരു പ്രകടനം കാണാന്‍ സാധിച്ചിട്ടില്ല.
ഏഷ്യാ കപ്പും ഏകദിന ലോകകപ്പും വരാനിരിക്കെ ശുബ്മാന്‍ ഗില്ലിന്റെ പ്രകടനം ആശങ്കയുണ്ടാക്കുന്നതാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ഐപിഎല്ലിലെ മികവ് പരിഗണിച്ചിട്ട് കാര്യമില്ലെന്നും വിദേശ പിച്ചുകളിലെ മികവ് നോക്കിയാല്‍ ശുബ്മാന്‍ ഗില്‍ ഇനിയുമേറെ വളരാനുണ്ടെന്നുമാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. വിരാട് കോലിയുമായി താരതമ്യപ്പെടുത്താന്‍ ഇനിയും സമയം വേണമെന്നും ഇപ്പോഴേ ഇതിഹാസ പട്ടം നല്‍കി താരത്തെ സമ്മര്‍ദ്ദത്തിലാക്കരുതെന്നുമാണ് ആരാധകര്‍ പറയുന്നത്.

വെസ്റ്റ് ഇന്‍ഡീസിനെപ്പോലെ ദുര്‍ബലമായ ബൗളിങ് നിരയുള്ള ടീമിനെതിരേ പോലും തിളങ്ങാനാവാത്ത ശുബ്മാന്‍ ഗില്ലിനെ അടുത്ത സൂപ്പര്‍ താരമെന്ന് വിളിക്കാനാവില്ല. ഓഫ് സ്റ്റംപിനോട് ചേര്‍ന്നെത്തുന്ന പന്തുകളില്‍ ശുബ്മാന്‍ ഗില്ലിന് പിഴക്കുന്നു. സ്ലിപ്പ്, ഗല്ലി ഭാഗങ്ങളില്‍ ശുബ്മാന്‍ കൂടുതല്‍ പുറത്താകുന്നതായാണ് കാണുന്നത്. താരത്തിന്റെ സാങ്കേതികത പരിശോധിക്കേണ്ട സമയമായിരിക്കുന്നു. നിലവിലെ രീതിയില്‍ ശുബ്മാനെ അടുത്ത സൂപ്പര്‍ താരമെന്ന് വിളിക്കാനാവില്ലെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.
ഓപ്പണിങ്ങില്‍ തന്റെ സ്ഥാനം സുരക്ഷിതമാണെന്ന് കരുതിയാണ് ശുബ്മാന്‍ ഗില്‍ ഇങ്ങനെ ചെയ്യുന്നതെങ്കില്‍ തെറ്റിയെന്നും യശ്വസി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക്‌വാദ് എന്നിവരെല്ലാം അവസരം കാത്ത് പുറത്തുണ്ടെന്ന് ശുബ്മാന്‍ മറന്ന് പോകരുതെന്നും ആരാധകര്‍ ഓര്‍മിപ്പിക്കുന്നു. ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും ശുബ്മാന്‍ ഗില്ലിനാണ് ഇന്ത്യ ഓപ്പണര്‍ റോളില്‍ മുന്‍തൂക്കം നല്‍കുന്നത്. എന്നാല്‍ താരത്തിന്റെ സമീപകാല പ്രകടനങ്ങള്‍ വലിയ പ്രതീക്ഷ നല്‍കുന്നതല്ല.
ഭാവി രാജകുമാരെന്ന് വിളിക്കുമ്പോള്‍ ഇന്ത്യക്ക് പുറത്ത് കളിപ്പിക്കാനാവാത്ത അവസ്ഥയാണ്. ഫ്‌ളാറ്റ് ട്രാക്കില്‍ മാത്രം തിളങ്ങുന്ന ശുബ്മാനായാണ് ശിഖര്‍ ധവാനെ ഇന്ത്യ ഓപ്പണിങ്ങില്‍ നിന്ന് മാറ്റിയതെന്നോര്‍ത്ത് നിരാശയുണ്ടെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്. ഫേവറേറ്റിസം മാറ്റി റുതുരാജ് ഗെയ്ക്‌വാദിന് അവസരം നല്‍കണമെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. എന്തായാലും ശുബ്മാന്‍ ഗില്ലിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. വരുന്ന രണ്ട് മത്സരങ്ങിലും തിളങ്ങാനാവാത്ത പക്ഷം കാര്യങ്ങള്‍ കടുപ്പമാവും.
അതേ സമയം സഞ്ജു സാംസണിനെ മറികടന്ന് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കെത്തിയ ഇഷാന്‍ കിഷന്‍ മികവുകാട്ടി. ഓപ്പണറായി ഇറങ്ങിയ ഇഷാന്‍ 46 പന്തില്‍ 7 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 52 റണ്‍സാണ് സ്വന്തമാക്കിയത്. ഇന്ത്യയുടെ മറ്റ് ബാറ്റ്‌സ്മാന്‍മാരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ ഇഷാന്‍ മാത്രമാണ് ഭേദപ്പെട്ട് നിന്നത്. ടെസ്റ്റ് പരമ്പരയിലും തിളങ്ങിയ ഇഷാന്‍ ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ സാധ്യത കൂടുതലാണ്.