വെസ്റ്റ് ഇന്‍ഡീസുമായുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ആരാവും ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന ആകാംക്ഷയിലാണ് ആരാധകര്‍. സഞ്ജു സാംസണും ഇഷാന്‍ കിഷനുമാണ് പ്ലെയിങ് ഇലവനിലെ സ്ഥാനത്തിനായി പോരടിക്കുന്നത്. സമാപിച്ച ടെസ്റ്റ് പരമ്പരയിലൂടെ ഇഷാന്‍ റെഡ് ബോള്‍ ക്രിക്കറ്റിലും അരങ്ങേറിയിരുന്നു. അവസാന ടെസ്റ്റിന്റെ അവസാന ഇന്നിങ്‌സില്‍ കന്നി ഫിഫ്റ്റി കുറിക്കുകയും ചെയ്തു.
ഏകദിന പരമ്പരയില്‍ പക്ഷെ ഇഷാന് അവസരം ലഭിക്കില്ലെന്നും സഞ്ജുവായിരിക്കും ഇന്ത്യക്കു വേണ്ടി വിക്കറ്റ് കാക്കുകയെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. ഇതിനുള്ള കാരണവും അദ്ദേഹം വിശദീകരിച്ചു. ഇഎസ്പിന്‍ ക്രിക്ക് ഇന്‍ഫോയുടെ ഷോയില്‍ സംസാരിക്കുകയായിരുന്നു ജാഫര്‍.

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീ തിരഞ്ഞെടുക്കപ്പെടുന്നതു വരെ ഇഷാന്‍ കിഷനും സഞ്ജു സാംസണും തമ്മിലായിരിക്കും ടീമിലെ സ്ഥാനത്തിനായുള്ള മല്‍സരം. സഞ്ജുവിന്റെ കാര്യമെടുത്താല്‍ വിന്‍ഡീസുമായുള്ള ഈ പരമ്പരയില്‍ അദ്ദേഹത്തിനു അവസരം കിട്ടുമെന്നാണ് ഞാന്‍ കരുതുന്നത്. ലോകകപ്പ് വരാനിരിക്കെ ഈ മല്‍സരങ്ങളെല്ലാം സഞ്ജുവിനെ സംബന്ധിച്ച് വലിയ പ്രാധാന്യമുള്ളവയാണെന്നും വസീം ജാഫര്‍ നിരീക്ഷിച്ചു.
ഏകദിന പരമ്പരയില്‍ സഞ്ജുവിനായിരിക്കും വിക്കറ്റ് കീപ്പറുടെ റോളിലേക്കു മുന്‍തൂക്കം ലഭിക്കുകയെന്നു ഞാന്‍ കരുതുന്നു. കാരണം ഇഷാന്‍ കിഷന്‍ മുന്‍നിരയിലാണ് ബാറ്റ് ചെയ്യാറുള്ളത്. എന്നാല്‍ ഇന്ത്യക്കു ഈ പരമ്പരയില്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും മുന്‍നിരയിലുണ്ട്.
അതുകൊണ്ടു തന്നെ ഇഷാന്‍ കിഷനു ഇത്തവണ അവസരം കിട്ടിയേക്കില്ല. ആര്‍ക്കാണോ അവസരം ലഭിക്കുന്നത്, ആരാണോ അതു മുതലാക്കുന്നത് അവര്‍ക്കായിരിക്കും ലോകകപ്പ് സ്‌ക്വാഡില്‍ ഇടം ലഭിക്കുകയെന്നും ജാഫര്‍ നിരീക്ഷിച്ചു.
ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നാട്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ റിഷഭ് പന്ത് കളിക്കില്ലെന്നു ഉറപ്പായിരിക്കുകയാണ്. അദ്ദേഹത്തിന്റെ അഭാവത്തില്‍ കെഎല്‍ രാഹുലിനായിരിക്കും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി നറുക്കുവീഴുക. ബാക്കപ്പ് വിക്കറ്റ് കീപ്പറുടെ റോളിലേക്കാണ് ഇഷാനും സഞ്ജുവും പോരടിക്കുന്നത്.

ടി20യിലെ മിന്നുന്ന ഫോം ഏകദിനത്തില്‍ ഇനിയും ആവര്‍ത്തിക്കാന്‍ 360 ബാറ്ററെന്നു വിശേഷിപ്പിക്കപ്പെടുന്ന സൂര്യകുമാര്‍ യാദവിനായിട്ടില്ലെങ്കിലും വിന്‍ഡീസുമായുള്ള പരമ്പരയില്‍ അദ്ദേഹത്തിനു അവസരം നല്‍കണമെന്നു ജാഫര്‍ ആവശ്യപ്പെട്ടു. നാലാം നമ്പര്‍ സൂര്യക്കു നല്‍കരുതെന്നും പകരം ലോവര്‍ ഓര്‍ഡറിലേക്കാണ് താരത്തെ ഇറക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
എന്റെ അഭിപ്രായത്തില്‍ സൂര്യയുടെ ഏറ്റവും മികച്ച ബാറ്റിങ് പൊസിഷന്‍ അഞ്ച്, ആറ് എന്നിവയാണ്. വെസ്റ്റ് ഇന്‍ഡീസുമായുള്ള ആദ്യ ഏകദിനത്തില്‍ അദ്ദേഹത്തിനു ആറാം നമ്പറായിരിക്കും ഞാന്‍ നല്‍കുക. കാരണം ടി20യില്‍ സൂര്യ ആ രീതിയിലാണ് കളിക്കുന്നത്. ടി20യില്‍ അദ്ദേഹം മൂന്ന്, നാല് നമ്പറിലാണ് ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്.
പക്ഷെ ഈ ഫോര്‍മാറ്റില്‍ ഓവറുകള്‍ കുറവാണ്. അതുകൊണ്ടു തന്നെ ഏകദിനത്തില്‍ സൂര്യക്കു നാലാം നമ്പര്‍ നല്‍കുകയാണെങ്കില്‍ അതു അല്‍പ്പം നേരത്തെ ആയിപ്പോവുമെന്നു ഞാന്‍ കരുതുന്നു. ഏകദിനത്തിലും അദ്ദേഹം നന്നായി സ്‌കോര്‍ ചെയ്യുന്നത് തുടരുകയാണെങ്കില്‍ സൂര്യയെ അഞ്ചാം നമ്പറിലേക്കോ, അതിനും മുകളിലേക്കോ കളിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും വസീം ജാഫര്‍ കൂട്ടിച്ചേര്‍ത്തു.
ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശര്‍ദ്ദുല്‍ ടാക്കൂര്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ജയദേവ് ഉനാട്കട്ട്, ഉമ്രാന്‍ മാലിക്ക്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍.