Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: രഹാനെയെ പരിഹസിച്ച് ഇഷാന്‍, വൈസ് ക്യാപ്റ്റനോടാണോ കളി! വീഡിയോ വൈറല്‍

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ അനായാസ ജയമാണ് നേടിയെടുത്തത്. ഇന്നിങ്‌സിനും 141 റണ്‍സിനുമാണ് ഇന്ത്യ ആതിഥേയരെ തുരത്തിയത്. ആദ്യം ബാറ്റുചെയ്ത വെസ്റ്റ് ഇന്‍ഡീസ് 150 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 421 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. രണ്ടാം ഇന്നിങ്‌സില്‍ വെറും 130 റണ്‍സിന് കൂടാരം കയറിയ ആതിഥേയര്‍ കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.

മത്സരത്തില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഇഷാന്‍ കിഷന്‍ ശ്രദ്ധ നേടി. വിക്കറ്റിന് പിന്നിലെ മിന്നല്‍ പ്രകടനത്തോടൊപ്പം റിഷഭ് പന്തിനെ ഓര്‍മ്മപ്പെടുത്തി ഇഷാന്‍ സ്റ്റംപിന് പിന്നില്‍ കളം നിറഞ്ഞുനിന്നു. വിന്‍ഡീസ് താരങ്ങളെ പ്രകോപിപ്പിച്ചും സഹതാരങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയും ഇഷാന്‍ അരങ്ങേറ്റ ടെസ്റ്റ് മത്സരത്തില്‍ കൈയടി നേടി. എന്നാല്‍ അല്‍പ്പം കടന്നുപോയ ചില സ്ലെഡ്ജിങ്ങും ഇഷാന്റെ ഭാഗത്തുനിന്നുണ്ടായി.

മുന്‍ നായകനും ഇതിഹാസവുമായ വിരാട് കോലിക്ക് നിര്‍ദേശം നല്‍കുന്ന ഇഷാന്റെ വീഡിയോ വൈറലായിരുന്നു. യുവതാരം യശ്വസി ജയ്‌സ്വാളിനും ഇഷാന്‍ നിര്‍ദേശം നല്‍കുന്നതും താരം അത് അനുസരിക്കുന്നതും മത്സരത്തിനിടെ കണ്ടു. എന്നാല്‍ ഇന്ത്യയുടെ സീനിയര്‍ താരവും വൈസ് ക്യാപ്റ്റനുമായ അജിന്‍ക്യ രഹാനെയെ ഇഷാന്‍ പരിഹസിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഇഷാന്റെ സംസാരം അല്‍പ്പം അതിരുകടക്കുന്നതാണെന്ന വിമര്‍ശനമാണുയരുന്നത്.

വെസ്റ്റ് ഇന്‍ഡീസിന്റെ രണ്ടാം ഇന്നിങ്‌സിന്റെ അവസാന സമയത്താണ് വിവാദ സംഭവം ഉണ്ടാകുന്നത്. അവസാനക്കാരനായി ക്രീസിലെത്തിയ ജോമല്‍ വാറിക്കാന്‍ അപ്രതീക്ഷിത ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. 18 പന്ത് നേരിട്ട താരം 18 റണ്‍സാണ് നേടിയത്. മൂന്ന് ബൗണ്ടറികള്‍ അദ്ദേഹം നേടി. ആര്‍ അശ്വിനെ റിവേഴ്‌സ് സ്വീപിലൂടെ ബൗണ്ടറിയും കടത്തി. വാറിക്കാന്റെ ബാറ്റിങ് കണ്ടപ്പോഴാണ് രഹാനെയെ ഇഷാന്‍ പരിഹസിച്ചത്.

india, cricket

വാറിക്കാന്റെ ബാറ്റിങ് കണ്ടപ്പോള്‍ 'നിങ്ങള്‍ കളിച്ചതിലും കൂടുതല്‍ പന്തുകള്‍ ഇവന്‍ കളിക്കുന്നുണ്ടല്ലോ അജു (അജിന്‍ക്യ രഹാനെ) സഹോദരാ' എന്നാണ് ഇഷാന്‍ പറഞ്ഞത്. ഇതിന്റെ വീഡിയോ പുറത്തുവരികയും ചെയ്തു. 11 പന്ത് നേരിട്ട് 3 റണ്‍സാണ് രഹാനെ നേടിയത്. കെമാര്‍ റോച്ചിന് വിക്കറ്റ് നല്‍കിയാണ് രഹാനെയുടെ മടക്കം. രഹാനെയുടെ മോശം പ്രകടനത്തെ പരിഹസിക്കുന്ന തരത്തിലാണ് ഇഷാന്‍ സംസാരിച്ചത്. ഇതോടെ ഇഷാനെതിരേ വിമര്‍ശനം ശക്തമാവുകയായിരുന്നു.

രഹാനെ രൂക്ഷമായി ഇഷാനെ നോക്കുന്നതും വീഡിയോയില്‍ കാണാം. രഹാനെ ഇന്ത്യയുടെ സീനിയര്‍ താരവും വൈസ് ക്യാപ്റ്റനുമാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കായി അഭിമാന പ്രകടനം നടത്തിയ താരമാണ് രഹാനെ. ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിത്തന്ന ക്യാപ്റ്റനാണ് രഹാനെ. അങ്ങനെയുള്ള താരത്തെയാണ് യാതൊരു കൂസലുമില്ലാതെ ഇഷാന്‍ പരിഹസിച്ചത്. രഹാനെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാണെന്നത് ഇഷാന്‍ മറന്നതാണോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

സീനിയര്‍ താരങ്ങളോട് പെരുമാറാന്‍ ഇഷാന്‍ പഠിക്കണമെന്നും റിഷഭ് പന്തിന്റെ ശൈലി അനുകരിക്കാന്‍ ശ്രമിക്കുന്നതാണെന്നും ആരാധകര്‍ പറയുന്നു. റിഷഭ് വിക്കറ്റിന് പിന്നില്‍ നിന്ന് നിരന്തരം സംസാരിക്കാറുണ്ട്. എതിരാളികളുടെ ശ്രദ്ധ തിരിക്കാന്‍ റിഷഭിന് അസാധ്യ കഴിവുണ്ട്. സ്ലെഡ്ജ് ചെയ്ത് എതിരാളികളെ പ്രകോപിപ്പിക്കുമ്പോഴും ടീമിലെ സീനിയര്‍ താരങ്ങളെ അനാവശ്യമായി പരിഹസിക്കാന്‍ റിഷഭ് മുതിരാറില്ല. എന്നാല്‍ ഇഷാന് ഇക്കാര്യത്തില്‍ മടിയില്ലെന്നതാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ നാക്കിന് ലൈസന്‍സില്ലാതെയാണ് ഇഷാന്‍ സംസാരിക്കുന്നത്. തമാശക്ക് പറയുമ്പോഴും സീനിയര്‍ താരങ്ങളെ അപമാനിക്കാന്‍ ശ്രമിക്കുന്നത് പ്രോത്സാഹിപ്പിക്കാവുന്ന കാര്യമല്ലെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. വിരാട് കോലി ഫീല്‍ഡിങ്ങിനിടെ കുനിഞ്ഞ് നിന്നപ്പോള്‍ അല്‍പ്പം കൂടി നിവര്‍ന്ന് നില്‍ക്കൂവെന്ന് ഇഷാന്‍ നിര്‍ദേശിച്ചിരുന്നു. ഇതും വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. വിരാട് കോലിയെ കളി പഠിപ്പിക്കാന്‍ ഇഷാനായിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

മത്സരത്തില്‍ 20 പന്ത് നേരിട്ട് 1 റണ്‍സാണ് ഇഷാന്‍ നേടിയത്. മെല്ലപ്പോക്ക് ബാറ്റിങ് നടത്തിയപ്പോള്‍ നിരാശയോടെ ഇഷാനോട് ദേഷ്യപ്പെടുന്ന നായകന്‍ രോഹിത് ശര്‍മയുടെ വീഡിയോയും വൈറലായിരുന്നു. രണ്ടാം ടെസ്റ്റിലും ഇഷാന്‍ പ്ലേയിങ് 11 ഇടം പിടിച്ചേക്കും. റിഷഭ് മടങ്ങിവരുന്നതുവരെ ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ കീപ്പറായി ഇഷാന്‍ തുടരാനാണ് സാധ്യത കൂടുതല്‍.

Story first published: Saturday, July 15, 2023, 22:13 [IST]
Other articles published on Jul 15, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+