ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടി20യില്‍ അപ്രതീക്ഷിത തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. ആദ്യം ബാറ്റുചെയ്ത വെസ്റ്റ് ഇന്‍ഡീസ് 6 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ബൗളര്‍മാര്‍ മികവുകാട്ടിയെങ്കിലും ബാറ്റ്‌സ്മാന്‍മാരുടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇന്ത്യയെ തളര്‍ത്തിയത്. 150 റണ്‍സ് മാത്രമായിരുന്നു വിജയലക്ഷ്യമെങ്കിലും ഇത് നേടാന്‍ ഇന്ത്യക്ക് സാധിക്കാതെ പോയി.
ഇന്ത്യയുടെ മെല്ലപ്പോക്ക് ബാറ്റിങ് തോല്‍വിയുടെ മുഖ്യ കാരണമായിത്തന്നെ പറയാം. ഇന്ത്യയുടെ പേരുകേട്ട യുവ ബാറ്റിങ് നിരക്ക് വലിയ ക്ഷീണമാവുന്ന തോല്‍വിയാണ് ടീം നേരിട്ടതെന്ന് പറയാം. വിക്കറ്റ് കീപ്പര്‍മാരായി സഞ്ജു സാംസണും ഇഷാന്‍ കിഷനും ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. എന്നാല്‍ വിക്കറ്റിന് പിന്നില്‍ ഇന്ത്യ ഇഷാനാണ് അവസരം നല്‍കിയത്. കീപ്പറെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ ഇഷാനായില്ല. 9 പന്ത് നേരിട്ട് ആറ് റണ്‍സാണ് ഇഷാന്‍ നേടിയത്.

മത്സരത്തില്‍ ഇഷാന്‍ കീപ്പറായി നില്‍ക്കുമ്പോള്‍ കമന്റേറ്ററായ ആകാശ് ചോപ്ര ഇഷാനെ പരിഹസിച്ചു. എംഎസ് ധോണിയാണെന്ന ചിന്ത വേണ്ടെന്ന തരത്തിലുള്ള കമന്റുമായാണ് ആകാശ് ഇഷാനെ ട്രോളിയത്. ഇതിന് ഇഷാന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 'നീ റിവ്യൂവിന് നിര്‍ദേശിക്കുന്നതും സ്റ്റംപിങ് റണ്ണൗട്ട് ചെയ്യുന്നതും വളരെ കുറവാണല്ലോ. നിന്റെ കാല്‍പ്പാട് ഇതുവരെ മൈതാനത്ത് കാണാന്‍ എനിക്ക് സാധിച്ചിട്ടില്ല. നീയും റാഞ്ചിയില്‍ നിന്നാണ് വരുന്നത്.
എന്നാല്‍ നിന്റെ പേര് എംഎസ് ധോണിയെന്ന് അല്ലല്ലോ' എന്നാണ് കമന്ററി പറയവെ ആകാശ് പറഞ്ഞത്. ഇത് വിക്കറ്റിന് പിന്നില്‍ നില്‍ക്കുന്ന ഇഷാന്‍ ശ്രദ്ധിച്ചു. 'ധോണിയെന്നല്ല എന്റേ പേര്, അതുകൊണ്ട് കുഴപ്പമില്ല' എന്നാണ് ഇഷാന്‍ പ്രതികരിച്ചത്. ഇഷാന്റെ മറുപടി സ്റ്റംപ് മൈക്കിലൂടെയാണ് പുറത്തുവന്നത്. 'എത്ര മധുരമുള്ളവനാണ് ഇഷാന്‍. ഞങ്ങള്‍ നിന്നെ ഇഷ്ടപ്പെടുന്നു' എന്നാണ് ഇതിന് മറുപടിയായി ആകാശ് പറഞ്ഞത്. ഇതിന്റെ വീഡിയോ ആകാശ് തന്നെ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ധോണിയുമായി താരതമ്യപ്പെടുത്തി ഇഷാനെ പരിഹസിക്കാനായിരുന്നു ആകാശ് ശ്രമിച്ചത്. എന്നാല്‍ തകര്‍പ്പന്‍ മറുപടിയിലൂടെ ഇഷാന്‍ ആകാശിന്റെ വായടപ്പിക്കുകയും ചെയ്തു. വിക്കറ്റ് കീപ്പറെന്ന നിലയില്‍ ശരാശരി മാത്രമാണ് ഇഷാന്‍ കിഷന്‍. എന്നാല്‍ കെ എല്‍ രാഹുലില്ലാത്ത സാഹചര്യങ്ങളില്‍ ഇന്ത്യ മുഖ്യ വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നത് ഇഷാന്‍ കിഷനെയാണ്. വരാനിരിക്കുന്ന ഏകദിന ലോകകപ്പിലും ഏഷ്യാ കപ്പിലും ഇന്ത്യ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി ഇഷാനെ പരിഗണിക്കാനാണ് സാധ്യത.
സഞ്ജു സാംസണ്‍ ടീമിലുണ്ടായിട്ടും ഇന്ത്യ കീപ്പിങ് ഗ്ലൗസ് ഇഷാനെ ഏല്‍പ്പിച്ചതിലൂടെത്തന്നെ കീപ്പറെന്ന നിലയില്‍ മുഖ്യ പരിഗണന ഇഷാനാണ് നല്‍കുന്നതെന്ന് വ്യക്തം. എന്നാല്‍ സ്റ്റംപിന് പിന്നില്‍ ഇഷാന്‍ ഇനിയുമേറെ മെച്ചപ്പെടേണ്ടതായുണ്ട്. മിന്നല്‍ സ്റ്റംപിങ്ങും അതിവേഗ റണ്ണൗട്ടും നടത്തുന്നതില്‍ ഇഷാന് വലിയ മികവ് അവകാശപ്പെടാനാവില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ മൂന്ന് മത്സരത്തിലും ഫിഫ്റ്റി നേടാന്‍ ഇഷാനായിരുന്നു.
എന്നാല്‍ ആദ്യ ടി20യില്‍ ഇഷാന്‍ തീര്‍ത്തും നിരാശപ്പെടുത്തി. ഓപ്പണറായി ഇറങ്ങി 9 പന്തുകള്‍ നേരിട്ടിട്ടും വെറും 6 റണ്‍സാണ് ഇഷാന്‍ നേടിയത്. ഒരു ബൗണ്ടറി നേടിയത് ഭാഗ്യം കൊണ്ടാണ്. പവര്‍പ്ലേ മുതലാക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിക്കാതെ പോയി.
അരങ്ങേറ്റക്കാരന്‍ തിലക് വര്‍മ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത്. 22 പന്ത് നേരിട്ട് 2 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 39 റണ്‍സാണ് തിലക് നേടിയത്. 172ന് മുകളിലായിരുന്നു സ്‌ട്രൈക്കറേറ്റ്.
മറ്റൊരു ഇന്ത്യന്‍ താരത്തിനും 120ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്ലായിരുന്നു. ശുബ്മാന്‍ ഗില്‍ 9 പന്ത് നേരിട്ട് 3 റണ്‍സെടുത്തപ്പോള്‍ 360 ഡിഗ്രി ബാറ്റ്‌സ്മാനായ സൂര്യകുമാര്‍ 21 പന്ത് നേരിട്ട് 21 റണ്‍സാണ് നേടിയത്. ഹാര്‍ദിക് പാണ്ഡ്യ 19 പന്തില്‍ 19 റണ്‍സും നേടി. സഞ്ജു സാംസണ്‍ ഫിനിഷര്‍ റോളിലാണ് കളിച്ചത്. റണ്ണൗട്ടായാണ് സഞ്ജു പുറത്തായത്.