Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ഇഷാനോളം ഭാഗ്യമുള്ള മറ്റാരുണ്ട്? ഒന്നും ചെയ്യാതെ തന്നെ ടെസ്റ്റ് കളിച്ചു!

വൈറ്റ് ബോള്‍ ഫോര്‍മാറ്റുകള്‍ക്കു പിന്നാലെ ഇന്ത്യക്കു വേണ്ടി ടെസ്റ്റ് ക്രിക്കറ്റിലും അരങ്ങേറ്റം നടത്തിയിരിക്കുകയാണ് യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍. വെസ്റ്റ് ഇന്‍ഡീസിനെതിരേ ഡൊമിനിക്കയില്‍ നടക്കുന്ന ഒന്നാം ടെസ്റ്റിലൂടെയാണ് ഇഷാന്‍ റെഡ് ബോളിലും തന്റെ സാന്നിധ്യമറിയിച്ചത്. ഈ മല്‍സരത്തിലൂടെ അദ്ദേഹം അരങ്ങേറുമെന്നു നേരത്തേ സൂചനകളൊന്നും തന്നെയില്ലായിരുന്നു.

ചില മുന്‍ താരങ്ങള്‍ കെഎസ് ഭരതിനു പകരം ഇഷാനെ വിക്കറ്റ് കീപ്പറായി പരീക്ഷിക്കണമെന്നു നേരത്തേ നിര്‍ദേശിച്ചിരുന്നു. പക്ഷെ ഭരതില്‍ തന്നെ ടീം മാനേജ്‌മെന്റ് വിശ്വാസമര്‍പ്പിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. ഭരത് വെറും അഞ്ചു ടെസ്റ്റുകള്‍ മാത്രമേ ഇന്ത്യക്കായി കളിച്ചിട്ടുള്ളൂ. ഇവയെല്ലാം കരുത്തരായ ഓസ്‌ട്രേലിയക്കെതിരേയായിരുന്നു. ഈ വര്‍ഷം നാട്ടില്‍ നടന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം.

ISHAN KISHAN

അതിനു ശേഷം കഴിഞ്ഞ മാസം ഓസ്‌ട്രേലിയക്കെതിരേ തന്നെ ഡബ്ല്യുടിസി ഫൈനലിലും താരം കളിച്ചു. വിക്കറ്റ് കീപ്പിങില്‍ തിളങ്ങിയെങ്കിലും ബാറ്റിങില്‍ കാര്യമായ ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിക്കുന്നില്ലെന്ന കാരണത്താലാണ് ഭരതിനെ വിന്‍ഡീസിനെതിരേ ഇന്ത്യ തഴഞ്ഞതെന്നാണ് സൂചന. പക്ഷെ കരുത്തരായ ഓസീസുമായുള്ള ടെസ്റ്റുകളിലെ പ്രകടനം കൊണ്ടു മാത്രം അദ്ദേഹത്തെ എഴുതിത്തള്ളി പകരം ഇഷാനെ ടീമിലേക്കു കൊണ്ടു വന്നതിനെതിരേ വിമര്‍ശനം ശക്തമാണ്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു പ്രിയപ്പെട്ട താരമാണ് ഇഷാനെന്നു എല്ലാവര്‍ക്കുമറിയാം. ഐപിഎല്ലില്‍ ദീര്‍ഘകാലമായി മുംബൈ ഇന്ത്യന്‍സില്‍ ഒരുമിച്ച് കളിക്കുന്നതിനാല്‍ തന്നെ ഇവര്‍ തമ്മില്‍ അടുത്ത സുഹൃദ്ബന്ധമുണ്ട്. ഈ കാരണത്താല്‍ തന്നെയാണ് അര്‍ഹതയില്ലാതിരുന്നിട്ടും പലപ്പോഴും ഇഷാന് ടീമില്‍ കൂടുതല്‍ പരിഗണന ലഭിക്കുന്നതെന്നു വിമര്‍ശകര്‍ നേരത്തേ തന്നെ ചൂണ്ടിക്കാണിക്കുന്ന കാര്യമാണ്. വിന്‍ഡീസുമായുള്ള ഒന്നാം ടെസ്റ്റില്‍ ഭരതിനെ പുറത്താക്കി ഇഷാനെ കൊണ്ടുവന്ന നീക്കം ഇതു അടിവരയിടുകയും ചെയ്തിരുന്നു.

റെഡ് ബോള്‍ ഫോര്‍മാറ്റില്‍ അടുത്ത കാലത്തൊന്നും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാതിരുന്നിട്ടും ഇഷാന് എങ്ങനെ വിന്‍ഡീസിനെതിരേ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി നറുക്കുവീണുവെന്നത് ആശ്ചര്യം തന്നെയാണ്. രഞ്ജി ട്രോഫിയില്‍ തന്റെ ടീമായ ജാര്‍ഖണ്ഡിനായി അടുത്ത കാലത്തൊന്നും കളിക്കുകയോ, വിക്കറ്റ് കാക്കുകയോ ഇഷാന്‍ ചെയ്തിട്ടില്ല.

കൂടാതെ ഏറ്റവും അവസാനമായി ദുലീപ് ട്രോഫി റെഡ് ബോള്‍ ടൂര്‍ണമെന്റിലും താരം കളിച്ചിട്ടില്ല. ടൂര്‍ണമെന്റില്‍ കളിക്കാന്‍ ഇഷാന് ക്ഷണമുണ്ടായിരുന്നെങ്കിലും താരം അതു നിരസിക്കുകയായിരുന്നു. പക്ഷെ ഇതൊന്നും പരിഗണിക്കാതെയാണ് വിന്‍ഡീസിനെതിരേ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി ഇഷാനെ ടീം മാനേജ്‌മെന്റ് ഇലവനിലുള്‍പ്പെടുത്തിയത്.

ISHAN KISHAN

വിന്‍ഡീസിനെതിരേ ആദ്യദിനം വിക്കറ്റിനു പിന്നില്‍ ഒരു ക്യാച്ച് നഷ്ടപ്പെടുത്തിയെങ്കിലും ഭേദപ്പെട്ട പ്രകടനമാണ് ഇഷാന്‍ കാഴ്ചവച്ചത്. പക്ഷെ അദ്ദേഹത്തിന്റെ ബാറ്റിങാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ബാറ്റിങില്‍ മികച്ചൊരു സ്‌കോര്‍ നേടാനായില്ലെങ്കില്‍ അതു ഇഷാന് തിരിച്ചടിയാവും.

രോഹിത്തിനും ദ്രാവിഡിനും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരികയും ചെയ്യും. ടെസ്റ്റില്‍ റിഷഭ് പന്തിനെപ്പോലെ അതിവേഗ ഇന്നിങ്‌സുകള്‍ കളിക്കാന്‍ ശേഷിയുള്ള താരമെന്ന പേരിലാണ് ഇഷാന് അവസരം നല്‍കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ വലിയ സമ്മര്‍ദ്ദത്തോടെയായിരിക്കും താരം ഇന്ത്യക്കായി ബാറ്റ് ചെയ്യാന്‍ ഇറങ്ങുകയെന്നതുറപ്പാണ്.

സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ഭാഗത്തു നിന്നും വലിയ വിമര്‍ശനങ്ങളാണ് ഇഷാനെ ആദ്യ ടെസ്റ്റില്‍ കളിപ്പിച്ചതിനെതിരേ ഉയരുന്നത്. മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായതു കൊണ്ടു മാത്രമാണ് താരത്തിനു കൂടുതല്‍ പരിഗണന ടീം മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും ലഭിക്കുന്നതെന്നു പലരും തുറന്നടിക്കുകയും ചെയ്തു.

Story first published: Thursday, July 13, 2023, 11:37 [IST]
Other articles published on Jul 13, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+