IND vs WI: ഡെക്കായാലും ധവാന്‍ റെക്കോര്‍ഡിടും! കോലിക്കും ധോണിക്കുമൊപ്പമെത്തും
വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യയെ വിജയത്തിലേക്കു നയിക്കാമെന്ന ആത്മവിശ്വാസത്തിലാണ് വെറ്ററന്‍ ഓപ്പണ്‍ ശിഖര്‍ ധവാന്‍. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലാണ് ഇന്ത്യയും വിന്‍ഡീസും കൊമ്പുകോര്‍ക്കുന്നത്. സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കമുള്ള ചില സീനിയര്‍ താരങ്ങളില്ലാതെയാണ് ഇന്ത്യ ഈ പരമ്പയില്‍ ഇറങ്ങുന്നത്.
വിരാട് കോലി, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്കെല്ലാം ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. രണ്ടാം തവണയാണ് സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ധവാനു ഇന്ത്യയെ നയിക്കാന്‍ അവസരം ലഭിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ ശ്രീലങ്കന്‍ പര്യടനത്തിലെ വൈറ്റ് ബോള്‍ പരമ്പരകളിലും അദ്ദേഹമായിരുന്നു ക്യാപ്റ്റന്‍. ഒരു വമ്പന്‍ റെക്കോര്‍ഡിന് കൈയെത്തുംദൂരത്താണ് ഇപ്പോള്‍ ധവാനുള്ളത്. ഈ പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ കളിക്കാനിറങ്ങുന്നതോടെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പം അദ്ദേഹമെത്തും.

വെസ്റ്റ് ഇന്‍ഡീസില്‍ ഏറ്റവുമധികം ഏകദിന മല്‍സരങ്ങളില്‍ കളിച്ച ഇന്ത്യന്‍ താരമെന്ന ഓള്‍ടൈം റെക്കോര്‍ഡാണ് ശിഖര്‍ ധവാനെ കാത്തിരിക്കുന്നത്. നിലവില്‍ ഈ റെക്കോര്‍ഡിന്റെ അവകാശികള്‍ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയും മറ്റൊരു മുന്‍ ക്യാപ്റ്റുനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയുമാണ്. ധോണി ഇതിനകം വിരമിച്ചു കഴിഞ്ഞു. കോലിക്കാവട്ടെ വിന്‍ഡീസിനെതിരേയുള്ള പരമ്പരയില്‍ ഇന്ത്യ വിശ്രമവും നല്‍കിയതിനാല്‍ ധവാനു കാര്യങ്ങള്‍ എളുപ്പമായിരിക്കുകയാണ്.

15 ഏകദിനങ്ങളാണ് ധോണിയും കോലിയും വെസ്റ്റ് ഇന്‍ഡീസില്‍ കളിച്ചിരിക്കുന്നത്. 14 ഏകദിനങ്ങളുമായി ധവാന്‍ തൊട്ടരികിലുണ്ട്. ഇന്നു നടക്കുന്ന ആദ്യ ഏകദിനത്തില്‍ ഇറങ്ങുന്നതോടെ അദ്ദേഹം ധോണിക്കും കോലിക്കുമൊപ്പം റെക്കോര്‍ഡില്‍ പങ്കാളിയാവും. രണ്ടാമത്തെ മല്‍സരത്തില്‍ കളിക്കുന്നതോടെ ഓള്‍ടൈം റെക്കോര്‍ഡ് തകര്‍ത്ത് ധവാന്‍ തലപ്പത്തേക്കു കയറുകയും ചെയ്യും.

വെസ്റ്റ് ഇന്‍ഡീസില്‍ 14 ഏകദിനങ്ങളില്‍ നിന്നും ശിഖര്‍ ധവാന്റെ സമ്പാദ്യം 348 റണ്‍സാണ്. 26.76 ശരാശരിയിലാണിത്. വിന്‍ഡീസില്‍ ഏറ്റവുമധികം റണ്‍സെടുത്ത ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റില്‍ അദ്ദേഹം അഞ്ചാംസ്ഥാനത്താണ്.

വിരാട് കോലിയാണ് ഈ റെക്കോര്‍ഡിന്റെയും അവകാശി. 15 ഏകദിനങ്ങളില്‍ നിന്നും 70ന് മുകളില്‍ ശരാശരിയില്‍ അദ്ദേഹം വാരിക്കൂട്ടിയത് 790 റണ്‍സാണ്. മുന്‍ നായകന്‍ എംഎസ് ധോണി (15 മല്‍സരം, 458 റണ്‍സ്), യുവരാജ് സിങ് (14 മല്‍സരം, 419 റണ്‍സ്), രോഹിത് ശര്‍മ (14 മല്‍സരം, 408 റണ്‍സ്) എന്നിവരാണ് രണ്ടു മുതല്‍ നാലു വരെ സ്ഥാനങ്ങളിലുള്ളത്.

ഇംഗ്ലണ്ടിനെതിര അവസാനമായി കളിച്ച ഏകദിന പരമ്പരയില്‍ ശിഖര്‍ ധവാന്‍ ബാറ്റിങില്‍ തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. മൂന്നു മല്‍സരങ്ങളില്‍ നിന്നും നേടാനായത് വെറും 41 റണ്‍സാണ്. ഇന്ത്യ 10 വിക്കറ്റിന്റെ ഏകപക്ഷീയ വിജയം കൊയ്ത ആദ്യ ഏകദിനത്തില്‍ നേടിയ 31 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. ശേഷിച്ച രണ്ടു കൡകളിലും ധവാന്‍ ഡെക്കായി മാറുകയും ചെയ്തു.
അതുകൊണ്ടു തന്നെ ഏകദിന ടീമില്‍ സ്ഥാനം നിലനിര്‍ത്തി അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ കളിക്കുകയെന്ന മോഹം യാഥാര്‍ഥ്യമാക്കണമെങ്കില്‍ വിന്‍ഡീസിനെതിരേ ധവാനു ബാറ്റിങില്‍ മികച്ച പ്രകടനം നടത്തിയേ തീരൂ.

ഇന്ത്യന്‍ ഏകദിന ടീം
ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഷര്‍ദുല്‍ ടാക്കൂര്‍, യുസ്വേന്ദ്ര ചഹല്‍, അക്ഷര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications