
അഹമ്മദാബാദ്: ടി20ക്കു പിറകെ ഏകദിനത്തിലും ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റനായുള്ള തുടക്കം പരമ്പര നേട്ടത്തോടെ രോഹിത് ശര്‍മ ആഘോഷിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ 44 റണ്‍സിന്റെ വിജയവുമായാണ് ഇന്ത്യ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ 2-0ന്റെ അപരാജിത ലീഡ് കൈക്കലാക്കിയത്. ഇനി പരമ്പര തൂത്തുവാരുകയാവും ഹിറ്റ്മാന്റെയും സംഘത്തിന്റെയും ശ്രമം. പരമ്പരയിലെ അവസാന മല്‍സരം വെള്ളിയാഴ്ച ഇതേ വേദിയില്‍ തന്നെ നടക്കും. നേരത്തേ കഴിഞ്ഞ നവംബറില്‍ ന്യൂസിലാന്‍ഡിനെതിരേയായിരുന്നു ടി20 ക്യാപ്റ്റനായ ശേഷം രോഹിത് ആദ്യമായി ഇന്ത്യയെ നയിച്ചത്. മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ തൂത്തുവാരുകയും ചെയ്തിരുന്നു.
രണ്ടാം ഏകദിനത്തിലേക്കു വന്നാല്‍ 238 റണ്‍സിന്റെ വിജയലക്ഷ്യമാണ് വിന്‍ഡീസിനു ഇന്ത്യ നല്‍കിയത്. മോശമല്ലാതെ വിന്‍ഡീസ് തുടങ്ങിയെങ്കിലും ബൗളര്‍മാരുടെ മികവില്‍ തിരിച്ചുവന്ന ഇന്ത്യ വിന്‍ഡീസിനെ 46 ഓവറില്‍ 193 റണ്‍സിനു എറിഞ്ഞൊതുക്കുകയായിരുന്നു. പ്രസിദ്ധ് കൃഷ്ണയുടെ മാജിക്കല്‍ പ്രകടനമാണ് വിന്‍ഡീസിന്റെ കഥ കഴിച്ചത്. ഒമ്പത് ഓവറില്‍ മൂന്നു മെയ്ഡനുകളടക്കം 12 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തി. രണ്ടു വിക്കറ്റുകളെടുത്ത ശര്‍ദ്ദുല്‍ ടാക്കൂര്‍ മികച്ച പിന്തുണയേകി. മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹല്‍, ദീപക് ഹൂഡ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്കു ഓരോ വിക്കറ്റ് വീതം ലഭിച്ചു. ആദ്യ ഏകദിനത്തില്‍ പരീക്ഷിക്കാതിരുന്ന ഹൂഡയെ ഈ കളിയില്‍ രോഹിത് ആറാം ബൗളറായി പന്തെറിയിക്കുകയായിരുന്നു.

44 റണ്‍സെടുത്ത ഷമാറ ബ്രൂക്കാണ് വിന്‍ീസിന്റെ ടോപ്‌സ്‌കോറര്‍. 64 ബോളില്‍ രണ്ടു വീതം ബൗണ്ടറിയും സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. അക്കീല്‍ ഹൊസെയ്ന്‍ (34), ഷെയ് ഹോപ്പ് (27), ഒഡെയ്ന്‍ സ്മിത്ത് (24) എന്നിവരും മോശമല്ലാത്ത സംഭാവനകള്‍ നല്‍കി. റണ്‍ചേസില്‍ ഓപ്പണിങ് ജോടികളായ ഷെയ് ഹോപ്പും ബ്രെന്‍ഡന്‍ കിങും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 32 റണ്‍സെടുത്തിരുന്നു. എന്നാല്‍ അടുത്ത 44 റണ്‍സിനിടെ അഞ്ചു വിക്കറ്റുകളാണ് ഇന്ത്യ കടപുഴക്കിയത്. ഇതോടെ വിന്‍ഡീസ് അഞ്ചിന് 76 റണ്‍സിലേക്കു വീണു. ആറാം വിക്കറ്റില്‍ ഷമാറ ബ്രൂക്കസ്- അക്കീല്‍ ഹൊസെയ്ന്‍ ജോടി 41 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ വിന്‍ഡീസ് തിരിച്ചുവന്നു. ഈ ജോടി ഇന്ത്യക്കു ഭീഷണിയായി മാറവെയാണ് ബ്രൂക്‌സിനെ പുറത്താക്കി ഹൂഡ ഇന്ത്യക്കു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത്. പിന്നീട് അക്കീല്‍ ഹൊസെയ്‌നും ഫാബിയന്‍ അലെനും ചേര്‍ന്ന് മറ്റൊരു മികച്ച കൂട്ടുകെട്ട്. 42 റണ്‍സ് ഈ ജോടി നേടി. അലെനെ പുറത്താക്കി സിറാജാണ് ഈ കൂട്ടുകെട്ട് പിരിച്ചത്.

ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനിയക്കപ്പെട്ട ഇന്ത്യയെ നിക്കോളാസ് പൂരന്‍ നയിച്ച വിന്‍ഡീസ് മികച്ച ബൗളിങിലൂടെ വരിഞ്ഞുകെട്ടുതയായിരുന്നു. ഒമ്പതു വിക്കറ്റിനു 237 റണ്‍സാണ് ഇന്ത്യക്കു നേടാനായത്. ടോപ്പ് ത്രീ ഫ്‌ളോപ്പായ കളിയില്‍ ഇന്ത്യയെ രക്ഷിച്ചത് സൂര്യകുമാര്‍ യാദവും വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലുമാണ്. 64 റണ്‍സുമായി സൂര്യ ഇന്ത്യന്‍ ഇന്നിങ്‌സിലെ നെടുംതൂണായി മാറി. 83 ബോളില്‍ അഞ്ചു ബൗണ്ടറികളുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ടീമിലേക്കു മടങ്ങിവന്ന രാഹുല്‍ 48 ബോളില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 49 റണ്‍സ് നേടി.
ക്യാപ്റ്റന്‍ രോഹിത ശര്‍മ (5), റിഷഭ് പന്ത് (18), വിരാട് കോലി (18), വാഷിങ്ടണ്‍ സുന്ദര്‍ (24)ശര്‍ദ്ദുല്‍ ടാക്കൂര്‍ (8), ദീപക് ഹൂഡ (29), മുഹമ്മദ് സിറാജ് (3), എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഇന്നിങ്‌സ് പൂര്‍ത്തിയാവുമ്പോള്‍ യുസ്വേന്ദ്ര ചാഹലും (11) പ്രസിദ്ധ് കൃഷണയും (0*) പുറത്താവാതെ നിന്നു. വിന്‍ഡീസിനു വേണ്ടി ഒഡയ്ന്‍ സ്മിത്തും അല്‍സാറി ജോസഫും രണ്ടു വിക്കറ്റുകളുമായി തിളങ്ങി. ഒരോവറിലാണ് റിഷഭിനെയും കോലിയെയും അദ്ദേഹം മടക്കിയത്. കെമര്‍ റോച്ച്, ജാസണ്‍ ഹോള്‍ഡര്‍, അക്കീല്‍ ഹൊസെയ്ന്‍, ഫാബിയന്‍ അലെന്‍ എന്നിവര്‍ക്കു ഓരോ വിക്കറ്റ് വീതം ലഭിച്ചു.

എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പുതിയ ഓപ്പണിങ് കോമ്പിനേഷനെയാണ് ഇന്ത്യ ഈ മല്‍സരത്തില്‍ പരീക്ഷിച്ചത്. നായകന്‍ രോഹിത്തിനൊപ്പം ഓപ്പണറായി എത്തിയത് റിഷഭായിരുന്നു. രാഹുലിനെ ഇന്ത്യ നാലാം നമ്പറിലേക്കു മാറ്റുകയായിരുന്നു. ഇഷാന്‍ കിഷനു പകരമാണ് മറ്റൊരു ഇടംകൈന്‍ ബാറ്ററായ റിഷഭ് ഓപ്പണറായെത്തിയത്. പക്ഷെ ഇന്ത്യയുടെ ഈ നീക്കം പ്രതീക്ഷിച്ച ഫലം കണ്ടില്ല. രോഹിത്തിനെ ഇന്ത്യക്കു മൂന്നാം ഓവറില്‍ തന്നെ നഷ്ടമായി. ആദ്യ കളിയില്‍ ഫിഫ്റ്റിയുമായി തിളങ്ങിയ രോഹിത്തിന് ഇത്തവണ കാര്യമായ സംഭാവന നല്‍കാനായില്ല. എട്ടു ബോളില്‍ നിന്നും അഞ്ചു റണ്‍സ് മാത്രമെടുത്ത അദ്ദേഹത്തെ കെമര്‍ റോച്ച് പുറത്താക്കി. എഡ്ജ് ചെയ്ത രോഹിത്തിനെ വിക്കറ്റ് കീപ്പര്‍ ഷെയ് ഹോപ്പ് സിംപിള്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.
റിഷഭും കോലിയും ചേര്‍ന്ന് 30 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടുവരുമെന്നു തോന്നിച്ചെങ്കിലും സ്മിത്തിന്റെ ഇരട്ടപ്രഹരം ഇന്ത്യയെ ഞെട്ടിച്ചു. 12ാം ഓവറിലെ ആദ്യ ബോളില്‍ പുള്‍ ഷോട്ടിനു ശ്രമിച്ച റിഷഭിനെ ജാസണ്‍ ഹോള്‍ഡര്‍ പിടികൂടി. ഇതേ ഓവറിലെ ആറാമത്തെ ബോളില്‍ കോലിയെയും സ്മിത്ത് മടക്കി. നാട്ടിലെ നൂറാം ഏകദിനത്തില്‍ ഇറങ്ങിയ അദ്ദേഹം ബാറ്റില്‍ എഡ്ജായപ്പോള്‍ വിക്കറ്റ് കീപ്പര്‍ ഹോപ്പിന്റെ കൈകളിലൊതുങ്ങി.
ഇതോടെ ഇന്ത്യ മൂന്നിന് 43 റണ്‍സിലേക്കു വീണു. പിന്നീടായിരുന്നു രാഹുല്‍- സൂര്യ ജോടിയുടെ രക്ഷാപ്രവര്‍ത്തനം. 91 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇരുവരും ഇന്ത്യയെ മല്‍സരത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. ഈ ജോടി ക്രീസിലുണ്ടായിരുന്നപ്പോള്‍ ഇന്ത്യ 260-270 റണ്‍സെങ്കിലും നേടുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ടീം സ്‌കോര്‍ 143ല്‍ നില്‍ക്കെ രാഹുലിന്റെ പുറത്താവല്‍ കളിയിലെ ടേണിങ് പോയിന്റായി മാറി. രാഹുലും സൂര്യയും തമ്മിലുള്ള ആശയവിനിമയത്തിലെ പിഴവായിരുന്നു കാരണം. സിംഗിള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇരുവരും ഡബിളിനായി ഓടി. ഡബില്‍ തികയ്ക്കുന്നതിനു മുമ്പ് പിച്ചിന്റെ മധ്യത്തില്‍ വച്ച് രാഹുല്‍ പെട്ടെന്നു സംശയത്തോടെ നില്‍ക്കുകയായിരുന്നു. വീണ്ടും ഓട്ടം പൂര്‍ത്തിയാക്കി ക്രീസില്‍ തിരിച്ചെത്തുമ്പോഴേക്കും ഹുസെയ്‌ന്റെ ത്രോയില്‍ ഹോപ്പ് സ്റ്റംപ് ചെയ്തു കഴിഞ്ഞിരുന്നു. പിന്നീട് മികച്ച കൂട്ടുകെട്ടുകളൊന്നും ഇന്ത്യന്‍ ഇന്നിങ്‌സില്‍ കണ്ടില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. ഒടുവില്‍ ഒമ്പതു വിക്കറ്റിന് 237 റണ്‍സില്‍ ഇന്നിങ്‌സ് അവസാനിക്കുകയും ചെയ്തു.

ടോസിനു ശേഷം വിന്‍ഡീസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കു കാരണം നായകന്‍ കരെണ്‍ പൊള്ളാര്‍ഡ് വിന്‍ഡീസ് നിരയിലില്ല. തുടര്‍ന്നാണ് പൂരന്‍ വിന്‍ഡീസിെ നയിച്ചത്. ആദ്യ മല്‍സരത്തില്‍ ജയിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യയിറങ്ങിയത്. വൈസ് ക്യാപ്റ്റന്‍ കൂടിയായ കെഎല്‍ രാഹുല്‍ പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ ഇഷാന്‍ കിഷനു സ്ഥാനം നഷ്ടമായി. മറുഭാഗത്തു വിന്‍ഡീസ് നിരയില്‍ പൊള്ളാര്‍ഡിനു പകരം ഒഡെയ്ന്‍ സ്മിത്ത് കളിച്ചു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹല്‍, പ്രസിദ്ധ് കൃഷ്ണ.
വെസ്റ്റ് ഇന്‍ഡീസ്- ഷെയ് ഹോപ്പ് (വിക്കറ്റ് കീപ്പര്‍), ബ്രെന്‍ഡന്‍ കിങ്, ഡാരെന്‍ ബ്രാവോ, ഷമാറ ബ്രൂക്സ്, നിക്കോളാസ് പൂരന്‍ (ക്യാപ്റ്റന്‍), ജാസണ്‍ ഹോള്‍ഡര്‍, അക്കീല്‍ ഹൊസെയ്ന്‍, ഫാബിയന്‍ അലെന്‍, അല്‍സാറി ജോസഫ്, കെമര്‍ റോച്ച്, ഒഡെയ്ന്‍ സ്മിത്ത്.