
ഈ വര്‍ഷം ഇന്ത്യയുടെ ആറാമത്തെ മല്‍സരമായിരുന്നു വെസ്റ്റ് ഇന്‍ഡീസിനെതിരേ കളിച്ചത്. കഴിഞ്ഞ അഞ്ചു മല്‍സരങ്ങളും തൊട്ടുമുമ്പത്തെ സൗത്താഫ്രിക്കന്‍ പര്യടനത്തിലായിരുന്നു. അവിടെ രണ്ടു ടെസ്റ്റുകളിലും മൂന്ന് ഏകദിനങ്ങളിലുമാണ് ഇന്ത്യക്കു തോല്‍വി സമ്മതിക്കേണ്ടി വന്നത്. ടെസ്റ്റ് പരമ്പരയിലെ രണ്ടും മൂന്നും മല്‍സരങ്ങളാണ് ഈ വര്‍ഷമാദ്യം ഇന്ത്യ കളിച്ചത്. ഒന്നില്‍ കെഎല്‍ രാഹുലും മറ്റൊന്നില്‍ വിരാട് കോലിയുമായിരുന്നു ക്യാപ്റ്റന്‍. രണ്ടിലും ഇന്ത്യ പരാജയമേറ്റു വാങ്ങി.

പിന്നീട് മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് ഇന്ത്യയിറങ്ങിയത്. ഇതില്‍ നായകന്‍ രാഹുലായിരുന്നു. ഈ പരമ്പരയില്‍ ഇന്ത്യ തൂത്തുവാരപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് ഇപ്പോള്‍ രോഹിത്തിനു കീഴില്‍ ഇന്ത്യ വിന്‍ഡീസിനെതിരേ പരമ്പരയ്ക്കിറങ്ങിയത്.

ഏകദിനത്തില്‍ ക്യാപ്റ്റനായിരിക്കെ റണ്‍ചേസില്‍ തകര്‍പ്പന്‍ പ്രകടനമാണ് രോഹിത് ശര്‍മ കാഴ്ചവയ്ക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ 60 റണ്‍സുമായി അദ്ദേഹം ഒരിക്കല്‍ക്കൂടി ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. നേരത്തേ ഹിറ്റ്മാനു കീഴില്‍ ഇന്ത്യ അഞ്ചു റണ്‍ചേസുകളാണ് ഏകദിനത്തില്‍ നടത്തിയത്. ഇതില്‍ ഒന്നില്‍ മാത്രമേ അദ്ദേഹം നിരാശപ്പെടുത്തിയിട്ടുള്ളൂ. ഒന്നില്‍ അപരാജിത സെഞ്ച്വറിയടിച്ച രോഹിത് രണ്ടു ഫിഫ്റ്റികളും നേടി. 7, 52, 83*, 111*, 48 എന്നിങ്ങനെയാണ് അഞ്ചു ഇന്നിങ്‌സുകളില്‍ അദ്ദേഹത്തിന്റെ സ്‌കോറുകള്‍

ഏകദിന ക്യാപ്റ്റനായുള്ള ആദ്യത്തെ 11 മല്‍സരങ്ങളെടുത്താല്‍ മുന്‍ നായകന്‍ വിരാട് കോലിയേക്കാള്‍ മികച്ച റെക്കോര്‍ഡാണ് രോഹിത് ശര്‍മയ്ക്കുള്ളത്. 11ല്‍ ഒമ്പതിലും ടീമിനു വിജയം നേടിക്കൊടുക്കാന്‍ ഹിറ്റ്മാനു കഴിഞ്ഞു. രണ്ടെണ്ണത്തില്‍ മാത്രമാണ് ടീം പരാജയപ്പെട്ടത്.
എട്ടു വിജയങ്ങളുമായി കോലി പിറകിലാണ്. മാത്രമല്ല ഏകദിന ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്റെ വിജയശരാശരിയും ഞെട്ടിക്കുന്നതാണ്. 81.81 എന്ന വിജയശരാശരിയാണ് അദ്ദേഹത്തിന്റേത്.

ഏകദിനത്തില്‍ ക്യാപ്റ്റനെന്ന നിലയില്‍ ആദ്യത്തെ 11 മല്‍സരങ്ങളില്‍ നിന്നും കൂടുതല്‍ റണ്‍സെടുത്ത ലോകത്തിലെ അഞ്ചാമത്തെ ക്യാപ്റ്റനായും രോഹിത് ശര്‍മ മാറിയിരിക്കുകയാണ്. ഇന്ത്യയുടെ മറ്റൊരു നായകനും ടോപ്പ് ഫോറില്‍ ഇല്ലെന്നു കാണാം. നേരത്തേ അഞ്ചാംസ്ഥാനത്തുണ്ടായിരുന്ന വിരാട് കോലിയെ പിന്തള്ളിയാണ് രോഹിത് ഈ സ്ഥാനം പിടിച്ചെടുത്തത്. 603 റണ്‍സാണ് 11 ഏകദിനങ്ങളില്‍ നിന്നും ഹിറ്റ്മാന്റെ സമ്പാദ്യം.

ഓസ്‌ട്രേലിയയുടെ ജോര്‍ജ് ബെയ്‌ലി (720 റണ്‍സ്), ന്യൂസിലാന്‍ഡിന്റെ കെയ്ന്‍ വില്ല്യംസണ്‍ (678), പാകിസ്താന്റെ അസ്ഹര്‍ അലി (653), പാകിസ്താന്റെ തന്നെ നിലവിലെ നായകന്‍ ബാബര്‍ ആസം (626, ഒമ്പത് ഇന്നിങ്‌സ്) എന്നിവരാണ് ആദ്യത്തെ നാലു സ്ഥാനങ്ങളില്‍.


Click it and Unblock the Notifications











