ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള രണ്ടാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ ക്ലൈമാക്‌സിലേക്കു നീങ്ങുകയാണ്. നിലവില്‍ ടെസ്റ്റില്‍ ആര്‍ക്കും തന്നെ മുന്‍തൂക്കം അവകാശപ്പെടാനില്ലെന്നു കാണാം. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 438 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയിരുന്നു. ഇതോടെ മല്‍സരം ഇന്ത്യ വരുതിയിലാക്കിയെന്നു എല്ലാവരും ഉറപ്പിക്കുകയും ചെയ്തു. പക്ഷെ വിന്‍ഡീസ് ശക്തമായ മറുപടിയാണ് ഇന്ത്യക്കു നല്‍കിയത്.
ജയിക്കാനായില്ലെങ്കിലും മല്‍സരം സമനിലയിലെങ്കിലും അവസാനിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് അവര്‍. അഞ്ചു വിക്കറ്റിനു 229 റണ്‍സെന്ന നിലയിലാണ് മൂന്നാംദിനം വിന്‍ഡീസ് കളി അവസാനിപ്പിച്ചത്. ഇന്ത്യക്കൊപ്പമെത്താന്‍ ഇനിയും 209 റണ്‍സ് അവര്‍ക്കു വേണം. മൂന്നാംദിനം വെറും നാലു വിക്കറ്റുകള്‍ മാത്രമേ ഇന്ത്യക്കു വീഴ്ത്താനായുള്ളൂ. ശേഷിച്ച ഒരു വിക്കറ്റ് രണ്ടാംദിനം അവസാനത്തെ സെഷനില്‍ വീണിരുന്നു.

അതിനിടെ മൂന്നാംദിനം രണ്ടാം സെഷനില്‍ രണ്ടു വിലപ്പെട്ട റിവ്യുകളാണ് ഇന്ത്യക്കു അടുത്തടുത്ത ഓവറുകളില്‍ നഷ്ടമായത്. ഇതില്‍ ആദ്യത്തേത് 80ാം ഓവറിലായിരുന്നു. ഈ റിവ്യു പാഴാവാനുള്ള പ്രധാന കാരണം മുന്‍ നായകന്‍ കൂടിയായ വിരാട് കോലിക്കു സംഭവിച്ച അബദ്ധമായിരുന്നു. റിവ്യു എടുക്കാന്‍ നായകന്‍ രോഹിത് ശര്‍മ മടിച്ചുനിന്നപ്പോള്‍ കോലി അദ്ദേഹത്തെ ഇതിനായി പ്രേരിപ്പിക്കുകയായിരുന്നു.
രവീന്ദ്ര ജഡേജയെറിഞ്ഞ 80ാമത്തെ ഓവറിലായിരുന്നു സംഭവം. വിന്‍ഡീസ് അപ്പോള്‍ മൂന്നു വിക്കറ്റിനു 169 റണ്‍സെന്ന നിലയിലായിരുന്നു. സ്‌ട്രൈക്ക് നേരിട്ടത് വിന്‍ഡീസിന്റെ വലംകൈയന്‍ ബാറ്റര്‍ ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡായിരുന്നു. ആദ്യത്തെ നാലു ബോളുകളിലും ബ്ലാക്ക്‌വുഡിനു റണ്ണൊന്നും നേടാനായില്ല. അഞ്ചാമത്തെ ബോള്‍ താരത്തിന്റെ ലെഗ് സൈഡിലൂടെയാണ് പോയത്.
ബാറ്റിലും പാഡിലും ഉരസിയ ശേഷമാണ് വിക്കറ്റിനു പിന്നില്‍ ക്യാച്ചെടുത്തതെന്ന് ഇന്ത്യ ഉറപ്പിക്കുകയും തുടര്‍ന്നു അപ്പീല്‍ ചെയ്യുകയുമായിരുന്നു. പക്ഷെ നോട്ടൗട്ടെന്നായിരുന്നു അംപയറുടെ തീരുമാനം. എന്നാല്‍ അപ്പീല്‍ ചെയ്ത ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും ആവേശം കാണിച്ചത് കോലിയായിരുന്നു. ബൗള്‍ ചെയ്ത ജഡേജയ്ക്കു പോലും ബാറ്റില്‍ എഡ്ജുണ്ടോയെന്നു സംശയമായിരുന്നു.

രോഹിത്തിനു അരികിലേക്കു വന്ന കോലി അതു എഡ്ജായി ക്യാച്ച് ചെയ്തതാണന്നും ഔട്ടാണെന്നുമെല്ലാം ഉറപ്പിച്ച് പറയുന്നത് കാണാമായിരുന്നു. അതുവരെ സംശയിച്ചു നിന്ന രോഹിത് ഇതോടെ കോലിയുടെ അഭിപ്രായം പരിഗണിച്ച് റിവ്യു എടുക്കുകയും ചെയ്തു. പക്ഷെ കോലിയുടെ നിഗമനം തെറ്റാണെന്നു തേര്‍ഡ് അംപയര്‍ റീപ്ലേ പരിശോധിച്ചതിലൂടെ വ്യക്തമായി.
ബാറ്റില്‍ എഡ്ജില്ലായിരുന്നുവെന്നും ബ്ലാക്ക്‌വുഡിന്റെ ഇടതു കാലിലെ പാഡിലാണ് ബോള്‍ ചെറുതായി ഉരസിയതെന്നും തെളിയുകയായിരുന്നു. ഇതോടെ തേര്‍ഡ് അംപയര്‍ ഇന്ത്യയുടെ റിവ്യു തള്ളുകയും ചെയ്തു.
തൊട്ടടുത്ത ഓവറിലും ഇന്ത്യ മറ്റൊരു റിവ്യു കൂടി പാഴാക്കി. ഇത്തവണ പക്ഷെ കോലിയുടെ ഇടപെടലൊന്നുമില്ലായിരുന്നു. രോഹിത് സ്വയം മോശം കോള്‍ സ്വീകരിക്കുകയായിരുന്നു. ആര്‍ അശ്വിനായിരുന്നു ഈ ഓവര്‍ ബൗള്‍ ചെയ്തത്. ആദ്യത്തെ മൂന്നു ബോളിലും അലിക്ക് അതാനെസിനു റണ്ണൊന്നുമെടുക്കാനായില്ല. നാലാമത്തെ ബോളില്‍ താരം സ്വീപ്പ് ഷോട്ടിനു മുതിരുകയായിരുന്നു.
പക്ഷെ ബോള്‍ കണക്ട് ചെയ്യാനായില്ല. നേരെ പാഡില്‍ പതിക്കുകയും ചെയ്തു. ഇന്ത്യന്‍ താരങ്ങള്‍ ശക്തമായി അപ്പീല്‍ ചെയ്‌തെങ്കിലും നോട്ടൗട്ടെന്നായിരുന്നു അംപയറുടെ തീരുമാനം. ഇതോടെ രോഹിത് റിവ്യു എടുക്കുകയും ചെയ്തു. പക്ഷെ ലെഗ് സ്റ്റംപിനു തൊട്ടുമുകളിലൂടെയാണ് ബോള്‍ പോവുകയെന്നു റീപ്ലേയില്‍ വ്യക്തമായതോടെ ഫീല്‍ഡ് അംപയറുടെ തീരുമാനം തേര്‍ഡ് അംപയറും ശരിവയ്ക്കുകയായിരുന്നു.