അഹമ്മദാബാദ്: ഇംഗ്ലണ്ട് പര്യടനത്തില്‍ ബാറ്റിങില്‍ കാര്യമായി തിളങ്ങാന്‍ കഴിയാതെ പോയ യുവതാരം സായ് സുദര്‍ശന്‍ ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തിയിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസുമായുള്ള ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ അദ്ദേഹം ഫ്‌ളോപ്പായി മാറി. 19 ബോളില്‍ ഏഴു റണ്‍സ് മാത്രമാണ് സായ് സ്‌കോര്‍ ചെയ്തത്.
കഴിഞ്ഞ ഐപിഎ്ല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം അദ്ദേഹം ഒരുപാട് റണ്‍സ് വാരിക്കൂട്ടിയ വേദികളുലൊന്നാണിത്. അതുകൊണ്ടു തന്നെ മൂര്‍ച്ച കുറഞ്ഞ കരീബിയന്‍ ബൗളിങ് ആക്രമണത്തിനെതിരേ മികച്ച റണ്‍വേട്ട സായ് നടത്തുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു. പക്ഷെ തുടക്കം മുതല്‍ അത്ര ആത്മവിശ്വാസത്തോടെയല്ല താരം കാണപ്പെട്ടത്.

അധികം വൈകാതെ തന്നെ അദ്ദേഹം പുറത്താവുകയും ചെയ്തു. എന്നാല്‍ ഈ വിക്കറ്റിനു വഴിയൊരുക്കിയത് ബാറ്റിങ് പങ്കാളിയായ കെഎല്‍ രാഹുല്‍. അദ്ദേഹത്തിന്റെ ദേഷ്യപ്പെടല്‍ സായിയുടെ ഏകാഗ്രത നഷ്ടപ്പെടുത്തുകയും അതു പുറത്താവലിനു വഴിയൊരുക്കുകയുമായിരുന്നു. എന്താണ് സംഭവിച്ചതെന്നറിയാം.
രാഹുല്‍ വില്ലനായതെങ്ങനെ?
മഴ ബ്രേക്കിനു ശേഷം ജെയ്ഡന്‍ സീല്‍സെറിഞ്ഞ 19ാം ഓവറില്‍ യശസ്വി ജയ്‌സ്വാള്‍ (36) പുറത്തായ ശേഷമാണ് മൂന്നാമനായി സായ് സുദര്‍ശന്‍ ക്രീസിലെത്തിയത്. ഇന്ത്യ അപ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 68 റണ്‍സെന്ന നിലയിലായിരുന്നു.
ജയ്‌സ്വാള്‍- കെഎല്‍ രാഹുല്‍ ജോടി ടീമിനെ മികച്ച രീതിയിലാണ് മുന്നോട്ടു നയിച്ചത്. ബ്രേക്കിനു മുമ്പ് വളലെ സ്ലോ ബാറ്റിങ് കാഴ്ചവച്ച ജയ്‌സ്വാള്‍ കളി പുനരാരഭിച്ച ശേഷം അഗ്രസീവ് ശൈലിയിലേക്കു മാറിയതോടെ ഇന്ത്യയും ട്രാക്കിലായി. എന്നാല്‍ അദ്ദേഹം മടങ്ങ് സായ് വന്നതോടെ വീണ്ടും സ്‌കോറിങ് മന്ദഗതിയിലായി.
വലിയ ഷോട്ടുകള്‍ക്കു പകരം സിംഗിളുകളും ഡബിളുമെടുത്ത് ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോവാനാണ് ഇരുവരും ശ്രമിച്ചത്. ഇതോടെ വല്ലപ്പോഴും മാത്രമാണ് ചില ഫോറുകള്‍ കാണാനായത്. ഖാറി പിയറെ എറിഞ്ഞ 24ാം ഓവറില്‍ വലിയൊരു ആശയക്കുഴപ്പം കാരണം 39 റണ്‍സില്‍ നില്‍ക്കവെ രാഹുല്‍ റണ്ണൗട്ടാവേണ്ടതായിരുന്നു.

ഓവറിലെ ആദ്യ ബോളില്‍ സ്‌ട്രൈക്ക് നേരിട്ടത് സായിയാണ്. ഈ ബോളില്‍ ബൈ ഇനത്തില്‍ ഫ്രീയായി നാലു റണ്‍സും ഇന്ത്യക്കു ലഭിച്ചു. അടുത്ത ബോളില്‍ റണണൊന്നുമില്ല. മൂന്നാമത്തെ ബോള്‍ ബാക്ക്ഫൂട്ടില്‍ ഷോര്‍ട്ട് ലെഗ് ഏരിയയിലേക്കു സായ് ഷോട്ട് കളിച്ചു. തുടര്‍ന്നു സിംഗിളിനായി ഓടുകയും ചെയ്തു. പക്ഷെ അല്‍പ്പം ദൂരം ഓടിയ ശേഷം പൊടുന്നനെ സായ് സിംഗിള്‍ വേണ്ടെന്നു വച്ച് സ്വന്തം ക്രീസിലേക്കു തിരിച്ചോടി.
രാഹുല്‍ അപ്പോഴേക്കും പകുതിയോളം എത്തിക്കഴിഞ്ഞിരുന്നു. സായിയുടെ പൊടുന്നനെയുള്ള പിന്മാറ്റം കണ്ട് ഞെട്ടിയ രാഹുല്‍ ഉടന്‍ തന്നെ തന്റെ ക്രീസിലേക്കും തിരിച്ചോടി. ഫീല്‍ഡല്‍ ഇതിനിടെ നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലേക്കു ത്രോയും ചെയ്തിരുന്നു. പക്ഷെ ആ ത്രോ മോശമായതിനാല്‍ രാഹുലിനു തിരികെ ക്രീസിലെത്താന്‍ സാധിക്കുകയും റണ്ണൗട്ടില്‍ നിന്നും രക്ഷപ്പെടുകയും ചെയ്തു.
കഷ്ടിച്ചു ജീവന്‍ തിരിച്ചുകിട്ടിയ രാഹുല്‍ വളരെ ക്ഷുഭിതനായാണ് കാണപ്പെട്ടത്. സായിക്കു നേരെ ദേഷ്യത്തോടെ നോക്കിയ അദ്ദേഹം എന്തോ പറയുകയും ചെയ്തു. രാഹുലിന്റെ ഈ ദേഷ്യപ്പെടല്‍ സായിയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്കു തള്ളിയിടുകയാണ് ചെയ്തത്. എങ്ങനെയെങ്കിലും ക്രീസില്‍ നിലയുറപ്പിക്കാന്‍ താരം പാടുപെടവെയായിരുന്നു സംഭവം.
ഇതോടെ സായിയുടെ ഏകാഗ്രതയും ആത്മവിശ്വാസവുമെല്ലാം നഷ്ടമാവുകയും തൊട്ടടുത്ത ഓവറില്‍ തന്നെ പുറത്താവുകയും ചെയ്തു. ക്യാപ്റ്റന്‍ റോസ്റ്റണ്‍ ചേസാണ് 25ാം ഓവറിലെ നാലാമത്തെ ബോളില്‍ താരത്തെ വിക്കറ്റിനു മുന്നില്‍ കുരുക്കിയത്.
വേഗം കുറഞ്ഞ ബോളിനെതിരേ പുള്‍ ഷോട്ട് കളിക്കാനായിരുന്നു സായിയുടെ ശ്രമം. പക്ഷെ ടൈമിങ് പാടെ പാളിയപ്പോള്‍ നേരെ പാഡില്‍ പതിക്കുകയായിരുന്നു. വിന്‍ഡീസ് താരങ്ങളുടെ ശക്തമായ അപ്പീലിനു പിന്നാലെ അംപയര്‍ ഔട്ടും വിധിക്കുകയായിരുന്നു.