ഫ്‌ളോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര ഇന്ത്യ കൈവിട്ടിരിക്കുകയാണ്. യുവതാരങ്ങളാല്‍ സമ്പന്നമായ ടീമുമായി ഇറങ്ങിയ ഇന്ത്യക്ക് വെസ്റ്റ് ഇന്‍ഡീസിന് മുന്നില്‍ കാലിടറി. ആദ്യ രണ്ട് മത്സരവും തോറ്റ ഇന്ത്യ പിന്നീടുള്ള രണ്ട് മത്സരത്തിലും വിജയിച്ച് പരമ്പരയില്‍ ഒപ്പമെത്തിയെങ്കിലും അഞ്ചാം മത്സരത്തില്‍ പരാജയപ്പെട്ടതോടെ പരമ്പര കൈവിടുകയായിരുന്നു. നായകനെന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് തോല്‍വിയില്‍ വലിയ ഉത്തരവാദിത്തമുണ്ട്.
പരിമിത ഓവറിലെ ഇന്ത്യയുടെ അടുത്ത നായകനെന്ന് വാഴ്ത്തപ്പെടുന്നവനാണ് ഹാര്‍ദിക്കെങ്കിലും ക്യാപ്റ്റന്‍സി മികവുകൊണ്ടും പ്രകടന മികവുകൊണ്ടും അദ്ദേഹത്തിന് പ്രതീക്ഷിച്ച നിലവാരം കാട്ടാനാവുന്നില്ല. അടുത്ത വര്‍ഷം വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. ഇതിന് മുമ്പായി ഹാര്‍ദിക്കിന് മികവ് തെളിയിക്കാനുള്ള അവസരമായിരുന്നു മുന്നിലുണ്ടായിരുന്നത്. എന്നാല്‍ അദ്ദേഹത്തിന് മികച്ച പ്രകടനം നടത്താനായില്ല.
വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ ഇന്ത്യയെ പിന്നോട്ടടിച്ച ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പിഴവുകള്‍ എന്തൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ കാര്യം അനാവശ്യമായ പരീക്ഷണങ്ങളായിരുന്നു. സഞ്ജു സാംസണെ ഉപയോഗിച്ച രീതി ശരിയായില്ല. ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായ സഞ്ജുവിനെ മധ്യനിരയില്‍ പരീക്ഷിച്ചത് മണ്ടത്തരമായി. തിലക് വര്‍മയെ അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ ഉപയോഗിക്കുന്നതായിരുന്നു കൂടുതല്‍ നന്നായിരുന്നത്.
ടീം തിരഞ്ഞെടുപ്പിലെ പാളിച്ചയും എടുത്തു പറയണം. വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റിലും ഏകദിനത്തിലും ദുര്‍ബലരാണെങ്കിലും ടി20യില്‍ കരുത്തരുടെ നിരയാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള മികച്ച താരങ്ങള്‍ വെസ്റ്റ് ഇന്‍ഡീസിനുണ്ട്. അതുകൊണ്ടുതന്നെ മികച്ച ബൗളര്‍മാരെ ഇന്ത്യ ഒപ്പം കൂട്ടണമായിരുന്നു. അര്‍ഷദീപ് സിങ്, മുകേഷ് കുമാര്‍ എന്നിവരെ ഉപയോഗിച്ച് പേസ് നിരയെ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിച്ചത് മണ്ടത്തരമായി.

സ്പിന്നര്‍മാരുടെ മികച്ച പ്രകടനം ഇല്ലായിരുന്നെങ്കില്‍ വലിയ നാണക്കേട് ഇന്ത്യക്ക് നേരിടേണ്ടി വരുമായിരുന്നു. ഇന്ത്യയുടെ ബൗളര്‍മാരെ ഹാര്‍ദിക് പാണ്ഡ്യ ഉപയോഗിച്ച രീതിയും ശരിയായില്ല. ന്യൂബോളില്‍ ഹാര്‍ദിക്ക് പാണ്ഡ്യ ഇന്ത്യക്കായി പന്തെറിയുമ്പോള്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിക്കുന്നില്ല. പവര്‍പ്ലേയിലെ റണ്ണൊഴുക്ക് തടഞ്ഞ് ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിക്കുന്ന പേസര്‍ ഇന്ത്യക്കൊപ്പം ഇല്ലാതെ പോയി എന്നതാണ് വസ്തുത.
മൂന്നാമത്തെ കാര്യം ഹാര്‍ദിക്കിന്റെ മോശം പ്രകടനമാണ്. അവസാന 10 ഇന്നിങ്‌സില്‍ നിന്ന് ഒരു തവണ മാത്രമാണ് 30 പ്ലസ് സ്‌കോര്‍ നേടാന്‍ ഹാര്‍ദിക്കിനായത്. ഒരു കാലത്ത് ഇന്ത്യയുടെ വെടിക്കെട്ട് ഫിനിഷറായിരുന്നു ഹാര്‍ദിക്കെങ്കിലും ഇപ്പോള്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും പഴയ ഇംപാക്ട് ഇല്ല. അതുകൊണ്ടുതന്നെ ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ ഹാര്‍ദിക്കിന് സാധിക്കുന്നില്ല. ഇത് ഇന്ത്യയെ പരമ്പരയിലുടെനീളം ബാധിച്ചു.
പരമ്പര തോല്‍വിയെക്കുറിച്ച് ഹാര്‍ദിക് നടത്തിയ പരാമര്‍ശങ്ങള്‍ ഇതിനോടകം രൂക്ഷ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. 'സാഹചര്യത്തെ മുതലാക്കാന്‍ ഇന്ത്യക്ക് സാധിക്കാതെ പോയി. സ്വയം വിലയിരുത്തല്‍ നടത്തണം. പ്രകടനം മെച്ചപ്പെടുത്താന്‍ ശ്രമിക്കണം. തോല്‍വിയുടെ കാരണങ്ങളെക്കുറിച്ച് ഒരുപാട് വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ടീമിനുള്ളിലെ താരങ്ങള്‍ എങ്ങനെയാണെന്ന് എനിക്കറിയാം. ചില സമയത്ത് തോല്‍വികള്‍ നല്ലതാണ്' എന്നാണ് ഹാര്‍ദിക് പറഞ്ഞത്.
ഇന്ത്യന്‍ ടീമിലേക്കെത്തുന്ന യുവതാരങ്ങളുടെ പ്രകടനത്തെ ഹാര്‍ദിക് പ്രശംസിച്ചു. 'യുവതാരങ്ങളെല്ലാം വ്യത്യസ്തമായി ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്. ഇത് ടീമിന്റെ പദ്ധതികളുടെ ഭാഗമാണ്. ടീമിലേക്കെത്തുന്ന യുവതാരങ്ങളെല്ലാം തങ്ങളുടെ വ്യക്തിത്വം കാട്ടുകയാണ്. യുവതാരങ്ങള്‍ മികവ് കാട്ടുന്നത് കാണുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു. ടി20 ലോകകപ്പ് ഇവിടെയാണ് നടക്കേണ്ടത്. അതുകൊണ്ടുതന്നെ പ്രതീക്ഷകളേറെയാണ്'-ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു.
ഹാര്‍ദിക്കിന് കീഴില്‍ ഇന്ത്യ തോല്‍ക്കുന്ന ആദ്യത്തെ ടി20 പരമ്പരയാണിത്. വിദേശ മൈതാനത്തെ ഹാര്‍ദിക്കിന്റെ പ്രകടനവും ക്യാപ്റ്റന്‍സിയും മികച്ചതല്ല. അതുകൊണ്ടുതന്നെ ഇന്ത്യയുടെ അടുത്ത നായകനായി ഹാര്‍ദിക്കിനെ കൊണ്ടുവരുന്നതിന് മുമ്പ് പുനര്‍ചിന്ത നടത്തുന്നത് നന്നായിരിക്കും.