അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ സമ്പൂര്‍ണ ആധിപത്യം സ്വന്തമാക്കിയിരിക്കുകയാണ്. 100ന് മുകളില്‍ ലീഡുമായി കുതിക്കുകയാണ് ആതിഥേയര്‍. വിന്‍ഡീസിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 162 റണ്‍സിനു മറുപടിയില്‍ രണ്ടാംദിനം രണ്ടാം സെഷനില്‍ 86 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ നാലു വിക്കറ്റിനു 294 റണ്‍സെടുത്തിട്ടുണ്ട്. 132 റണ്‍സിനു ഇന്ത്യ ഇപ്പോള്‍ ലീഡ് ചെയ്യുകയാണ്.
54 റണ്‍സോടെ ധ്രുവ് ജുറേലും 32 റണ്‍സെടുത്ത രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍. 110 ബോളില്‍ 76 റണ്‍സ് ഇരുവരും ടീം ടോട്ടലിലേക്കു ചേര്‍ത്തുകഴിഞ്ഞു. പരിക്കേറ്റ റിഷഭ് പന്തിന്റെ അഭാവത്തില്‍ ഫസ്റ്റ് ചോയ്‌സ് കീപ്പറായി പ്രൊമോഷന്‍ ലഭിച്ച ജുറേല്‍ ഇതു ശരിക്കും മുതലാക്കിയിരിക്കുകയാണ്. നേത്തേ കീപ്പിങിലും താരം മിന്നിച്ചിരുന്നു.

ഈ മല്‍സരത്തില്‍ ഒരു സമത്തു ഇന്ത്യന്‍ ടീം വലിയ സമ്മര്‍ദ്ദ ഘട്ടത്തില്‍ നില്‍ക്കവെ റിഷഭിന്റെ തന്ത്രം കോപ്പടിയടിച്ചതാണ് ജുറേലിനെ കിടിലന്‍ ഇന്നിങ്‌സ് കളിക്കാന്‍ സഹായിച്ചത്. അതു ബാറ്റിങ് പങ്കാളിയായ രവീന്ദ്ര ജഡേജയ്ക്കും ഗുണം ചെയ്തു. ജുറേല്‍ എങ്ങനെയാണ് ഒറ്റ ഓവറില്‍ മല്‍സരഗതി മാറ്റിയതെന്നു നോക്കാം.
ആ ഓവറില്‍ കളി മാറി
രണ്ടാം ദിനം ലഞ്ച് ബ്രേക്കിനു തൊട്ടുമുമ്പാണ് ഇന്ത്യന്‍ ഓപ്പണര്‍ കെഎല്‍ രാഹുല്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്നത്. 190 ബോളുകളില്‍ നിന്നായിരുന്നു ഇത്. ബ്രേക്ക് കഴിഞ്ഞ് കളി പുനരാരംഭിച്ച് ആദ്യ ഓവറില്‍ തന്നെ വ്യക്തിഗത സ്‌കോറിലേക്കു ഒരു റണ്‍സ് പോലും ചേര്‍ക്കാനാവാതെ രാഹുല്‍ പുറത്ത്. സ്പിന്നര്‍ ജോമെല്‍ വാറിക്കന്റെ ബൗളിങില്‍ ഡ്രൈവിനു ശ്രമിച്ച അദ്ദേഹത്തെ ഷോര്‍ട്ട് എക്‌സ്ട്രാ കവറില്‍ ജസ്റ്റീന്‍ ഗ്രീവ്സ് പിടികൂടി.
14 റണ്‍സോടെ ധ്രുവ് ജുറേലായിരുന്നു അപ്പോള്‍ ക്രീസിന്റെ മറുവശത്ത്. രാഹുലിനു പകരം രവീന്ദ്ര ജഡേജയാണ് പുതുതായി ക്രീസിലെത്തിയത്. വാറിക്കിന്റെ ഈ ഓവറില്‍ വന്നത് ഒരു റണ്‍സ് മാത്രം. ഇതിനിടെരാഹുലിന്റെ വിക്കറ്റും നഷ്ടമായി. അടുത്ത ഓവര്‍ വിന്‍ഡീസ് നായകന്‍ റോസ്റ്റണ്‍ ചേസിനായിരുന്നു.
ഈ ഓവറാവട്ടെ മെയ്ഡനില്‍ കലാശിക്കുകയും ചെയ്തു. ആറു ബോളുകളും നേരിട്ടത് ജഡേജയാണ്. അടുത്ത ഓവറെറിഞ്ഞത് വാറിക്കന്‍. ആദ്യത്തെ അഞ്ചു ബോളിലും റണ്ണില്ല. അവസാന ബോളില്‍ ജുറേല്‍ സിംഗിളെടുത്തു. രാഹുലിനെ പുറത്താക്കിയ ശേഷം ഇന്ത്യയെ വിന്‍ഡീസ് വരിഞ്ഞു മുറുക്കിയ നിമിഷങ്ങള്‍.
ടെസ്റ്റില്‍ ഇന്ത്യ റിഷഭിനെ മിസ്സ് ചെയ്യുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണെന്നു ഓണ്‍ എയറില്‍ കമന്റേറ്റര്‍ രവി ശാസ്ത്രിയുടെ വാക്കുകള്‍. കാരണം ഈ തരത്തില്‍ എതിരാളികള്‍ ബൗളിങില്‍ പിടിമുറുക്കവെ പല തവണ കൗണ്ടര്‍ അറ്റാക്കിങ് ബാറ്റിങിലൂടെ റിഷഭ് കളി മാറ്റിയിട്ടുണ്ട്. ശാസ്ത്രിയുടെ ഈ വാക്കുകള്‍ക്കു പിന്നാലെയാണ് റിഷഭിന്റെ അതേ തന്ത്രം ജുറേല്‍ കോപ്പിയടിച്ചത്.

ചേസെറിഞ്ഞ അടുത്ത ഓവറിലെ ആദ്യ മൂന്നു ബോളിലും റണ്ണില്ല. എന്നാല്‍ നാലാമത്തെ നാലാമത്തെ ബോള്‍ മിഡ് വിക്കറ്റിനു മുകളിലൂടെ സിക്‌സറിലേക്കു പറത്തി ജുറേലിന്റെ കൗണ്ടര്‍ ഷോട്ട്. കളി മാറിയതും ഇതു മുതലാണ്. ഇന്ത്യന്‍ ടീം കടുത്ത സമ്മര്‍ദ്ദത്തിലേക്കു വീഴവെ അതു ഇല്ലാതാക്കാന്‍ അത്തരമൊരു ഷോട്ട് അവിടെ ആവശ്യമായിരുന്നു. ജുറേല്‍ ചെയ്തതും അതു തന്നെ.
ഈ സിക്‌സറില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് തൊട്ടടുത്ത ഓവറില്‍ ജഡേജയും കൗണ്ടര്‍ അറ്റാക്കിങ് ഗെയിമിലേക്കു മാറി. വാറിക്കന്റെ ആദ്യ ബോള്‍ ക്രീസിനു പുറത്തക്കിറങ്ങി വന്ന് അദ്ദേഹം ലോങ്ഓണിനു മുകളിലൂടെ ഗാലയറിയിലേക്കു പറത്തി. അതുകൊണ്ടും ജഡ്ഡു നിര്‍ത്തിയില്ല.
ഓവറിലെ അഞ്ചാമത്തെ ബോളില്‍ വീണ്ടും ക്രീസിനു പുറത്തേക്കിറങ്ങി മറ്റൊരു വമ്പന്‍ സിക്‌സര്‍. ഇത്തവണ മിഡ്ഓണിനു മുകളിലൂടെയായിരുന്നു ഷോട്ട്. ഈ ഓവര്‍ കഴിഞ്ഞതോടെ കളി വിന്‍ഡീസില്‍ നിന്നും അയഞ്ഞുപോവുകയും ഇന്ത്യ പിടിമുറുക്കുകയും ചെയ്തു. തുടര്‍ന്നങ്ങോട്ട് ജുറേലും ജഡ്ഡുവും ചേര്‍ന്ന് അനായാസം ഷോട്ടുകള്‍ കളിച്ച് ടീമിനെ ശക്തമായ നിലയിലേക്കു നയിച്ചു.