വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 1-0നു പോക്കറ്റിലാക്കിയിരിക്കുകയാണ്. മഴ രസംകൊല്ലിയായ രണ്ടാം ടെസ്റ്റില്‍ സമനില സമ്മതിക്കേണ്ടി വന്നെങ്കിലും ഡൊമിനിക്കയിലെ ആദ്യ ടെസ്റ്റില്‍ നേടിയ ഇന്നിങ്‌സിന്റെയും 141 റണ്‍സിന്റെയും ജയം ഇന്ത്യക്കു പരമ്പര സമ്മാനിക്കുകയായിരുന്നു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ മൂന്നാം സീസണില്‍ ഇന്ത്യ കളിച്ച ആദ്യത്തെ പരമ്പര കൂടിയായിരുന്നു ഇത്.
തൂത്തുവാരുകയെന്ന മോഹം നടന്നില്ലെങ്കിലും പരമ്പര വിജയത്തോടെ തുടങ്ങാനായതില്‍ രോഹിത് ശര്‍മയ്ക്കും സംഘത്തിനും ആഹ്ലാദിക്കാം. ഡൊമിനിക്കയിലെ ഒന്നാം ടെസ്റ്റില്‍ തികച്ചും ഏകപക്ഷീയമായ വിജയമായിരുന്നു ഇന്ത്യ കൈക്കലാക്കിയത്. വെറും മൂന്നു ദിനം കൊണ്ട് ഇന്ത്യ ജയിച്ചുകയറുകയായിരുന്നു. രണ്ടിന്നിങ്‌സുകളിലും വിന്‍ഡീസിനെ 200 റണ്‍സ് പോലുമെടുക്കാന്‍ ഇന്ത്യ അനുവദിച്ചില്ല.

എന്നാല്‍ രണ്ടാം ടെസ്റ്റില്‍ കുറേക്കൂടി പോരാട്ടവീര്യം പുറത്തെടുക്കാന്‍ വിന്‍ഡീസിനു സാധിച്ചു. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഈ പരമ്പരയിലെ മൂന്നു പോസിറ്റീവ് കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം. യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ അരങ്ങേറ്റമാണ് ആദ്യത്തെ പോസിറ്റീവ്.
ഈ പരമ്പരയ്ക്കു മുമ്പ് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട പേരുകളിലൊന്നായിരുന്നു താരത്തിന്റേത്. പരമ്പര കഴിഞ്ഞപ്പോള്‍ അത് എന്തുകൊണ്ടായിരുന്നുവെന്നു വ്യക്തമാവുകയും ചെയ്തു. വളരെ പെട്ടെന്നാണ് 21 കാരനായ ജയ്‌സ്വാള്‍ അന്താരാഷ്ട്ര ക്രിക്കറ്റുമായി പൊരുത്തപ്പെട്ടത്.
കന്നി ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ 171 റണ്‍സോടെയാണ് ജയ്‌സ്വാള്‍ തന്റെ വരവറിയിച്ചത്. അരങ്ങേറ്റ ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന മൂന്നാമത്തെ സ്‌കോര്‍ കൂടിയായിരുന്നു ഇത്. അതിനു ശേഷമുള്ള രണ്ടു ഇന്നിങ്‌സുകളില്‍ 57, 38 എന്നങ്ങനെയായിരുന്നു ജയ്‌സ്വാളിന്റെ സ്‌കോറുകള്‍.
പേസ്, സ്പിന്‍ ബൗളര്‍മാരെ ഒരുപോലെ നന്നായി നേരിടാന്‍ തനിക്കു സാധിക്കുമെന്നു ഈ പരമ്പരയില്‍ താരം കാണിച്ചുതന്നു. ഭാവിയില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരമായ മാറാനുള്ള ശേഷി തനിക്കുണ്ടെന്നു ഈയൊരു പരമ്പരയിലൂടെ ജയ്‌സ്വാള്‍ തെളിയിച്ചിരിക്കുകയാണ്.
റിഷഭ് പന്തിന്റെ അഭാവം നികത്താന്‍ യോജിച്ചയാള്‍ താനാണെന്നു ഇഷാന്‍ കിഷന്‍ കാണിച്ചുതന്നുവെന്നതാണ് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ രണ്ടാമത്തെ പോസിറ്റീവ്. കെഎസ് ഭരതിനെ ഒഴിവാക്കിയാണ് ഇനിയും ഈ ഫോര്‍മാറ്റില്‍ അരങ്ങറിയിട്ടില്ലാത്ത ഇഷാനെ പരമ്പരയില്‍ ഇന്ത്യ പരീക്ഷിച്ചത്.
ആദ്യ ടെസ്റ്റില്‍ ഇംപാക്ടുണ്ടാക്കിയില്ലെങ്കിലും രണ്ടാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ താരം മറ്റൊരു റിഷഭായി മാറി. വിരാട് കോലിക്കു പകരം നാലാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്യപ്പെട്ട ഇഷാന്‍ കന്നി ഫിഫ്റ്റിയോടെയാണ് ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ കാത്തത്.
ഡൊമിനിക്കയിലെ ആദ്യ ടെസ്റ്റില്‍ അക്കൗണ്ട് തുറക്കാന്‍ 20 ബോളുകള്‍ കളിച്ച ഇഷാന്‍ പക്ഷെ രണ്ടാം ടെസ്റ്റില്‍ ഈ നാണക്കേട് മായ്ച്ചുകളഞ്ഞു. റിഷഭിനെ ഓര്‍മിപ്പിക്കുന്ന വിധത്തില്‍ ഒരു കൈ കൊണ്ടുള്ള സിക്‌സറടക്കം പറത്തിയാണ് ഇഷാന്‍ ഇടിവെട്ട് ഫിഫ്റ്റി കുറിച്ചത്.

34 ബോളില്‍ നിന്നും നാലു ഫോറും രണ്ടു സിക്‌സറുമക്കം താരം പുറത്താവാതെ 52 റണ്‍സോടെ ക്രീസില്‍ നില്‍ക്കുകയായിരുന്നു. റിഷഭ് തിരിച്ചെത്തിയാലും ഇനി ഭരതിനു പകരം ബാക്കപ്പായി ഇഷാന്‍ പരിഗണിക്കപ്പെടാനാണ് കൂടുതല്‍ സാധ്യത.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ട് കൊണ്ടുവന്ന അറ്റാക്കിങ് ബാറ്റിങ് ശൈലിയായ ബാസ് ബോള്‍ ശൈലിയില്‍ കളിക്കാന്‍ തങ്ങള്‍ക്കും സാധിക്കുമെന്നു ഇന്ത്യ തെളിയിച്ചുവെന്നതാണ് മൂന്നാമത്തെ പോസിറ്റീവ്. രണ്ടാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലായിരുന്നു ടി20 ശൈലിയില്‍ ഇന്ത്യ അതിവേഗത്തില്‍ റണ്‍സ് വാരിക്കൂട്ടിയത്.
183 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡിനു ശേഷം നാലാം ദിനം വീണ്ടും ഇറങ്ങിയ ഇന്ത്യ അതിവേഗത്തില്‍ റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. ഒരോവറില്‍ ഏഴിനു മുകളില്‍ റണ്‍റേറ്റിലായിരുന്നു ഇന്ത്യയുടെ ബാറ്റിങ്. ഒടുവില്‍ 26 ഓവറില്‍ രണ്ടു വിക്കറ്റിനു 181 റണ്‍സെടുത്ത് ഇന്നിങ്‌സും ഡിക്ലയര്‍ ചെയ്യുകയായിരുന്നു. വിന്‍ഡീസിനു 365 റണ്‍സിന്റെ വിജയലക്ഷ്യം നല്‍കാനും നാലാംദിനം തന്നെ അവരെ വീണ്ടും ബാറ്റിങിന് അയക്കാനും ഇന്ത്യയെ സഹായിച്ചതും ബാസ് ബോള്‍ ശൈലിയിലുള്ള അഗ്രസീവ് ബാറ്റിങായിരുന്നു.