വെസ്റ്റ് ഇന്‍ഡീസുമായി ഗയാനയില്‍ നടന്ന മൂന്നാം ടി20 മല്‍സരത്തില്‍ യുവതാരം തിലക് വര്‍മയ്ക്കു ഫിഫ്റ്റി നിഷേധിച്ചതിന്റെ പേരില്‍ പ്രതിക്കൂട്ടിലായ ഹാര്‍ദിക് പാണ്ഡ്യയെ 'പിന്തുണച്ച്' പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ. രൂക്ഷമായ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരില്‍ നിന്നും ഹാര്‍ദിക്കിനു ഏറ്റുവാങ്ങേണ്ടി വന്നത്. റണ്‍ചേസില്‍ ഇന്ത്യക്കു ജയിക്കാന്‍ ജയിക്കാന്‍ 14 ബോളില്‍ വേണ്ടിയിരുന്നത് രണ്ടു റണ്‍സായിരുന്നു. ഹാര്‍ദിക് സ്‌ട്രൈക്ക് നേരിടവെ ക്രീസിന്റെ മറുഭാഗത്ത് 49 റണ്‍സുമായി തിലകുണ്ടായിരുന്നു.
ഹാര്‍ദിക് സിംഗിളെടുത്ത് സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുമന്നും അതുവഴി തിലകിനു പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാം ഫിഫ്റ്റി തികയ്ക്കാന്‍ അവസരം നല്‍കുമെന്നായിരുന്നു കരുതപ്പെട്ടത്. പക്ഷെ ഹാര്‍ദിക് സിക്‌സര്‍ പറത്തി ടീമിന്റെ വിജയ റണ്‍സ് കുറിക്കുകയായിരുന്നു. തിലകിനു 49 റണ്‍സോടെ ഇന്നിങ്‌സ് അവസാനിപ്പിക്കേണ്ടി വരികയും ചെയ്തു.

മല്‍സരശേഷം ഹാര്‍ദിക്കിനെതിരേ ആരാധകര്‍ ആഞ്ഞടിച്ചപ്പോള്‍ ടീമുമായി ബന്ധപ്പെട്ട ആരും ഇവയോടൊന്നും പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഹാര്‍ദിക്ക് ചെയ്തതില്‍ അത്ര വലിയ തെറ്റില്ലെന്നും തിലകിനു ഫിഫ്റ്റി നഷ്ടമായത് വലിയ കാര്യമായി എടുക്കേണ്ടതില്ലെന്നുമാണ് ഭോഗ്‌ലെ ചൂണ്ടിക്കാട്ടിയത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭോഗ്‌ലെയുടെ ട്വീറ്റിനോടു സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സും പ്രതികരിച്ചിട്ടുണ്ട്.
തിലക് വര്‍മയ്ക്കു ഫിഫ്റ്റി മിസ്സായതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ കണ്ടപ്പോള്‍ എനിക്കു അമ്പരപ്പാണ് തോന്നിയത്. അതു ഒരു നാഴികക്കല്ലൊന്നും ആയിരുന്നില്ല, സെഞ്ച്വറിയല്ലാതെ (ഇതു വളരെ അപൂര്‍വ്വം) ടി20 ക്രിക്കറ്റില്‍ മറ്റു നാഴികക്കല്ലുകളൊന്നുമില്ല. ഒരു ടീം സ്‌പോര്‍ട്ടിലെ വ്യക്തിഗത നേട്ടങ്ങളില്‍ നമ്മള്‍ വളരെയധികം ശ്രദ്ധാലുക്കളാണ്. ടി20 ക്രിക്കറ്റില്‍ ഫിഫ്റ്റിയെന്നത് വ്യക്തിഗത സ്റ്റാറ്റസില്‍ ഉള്‍പ്പെടുത്തണമെന്നു ഞാന്‍ വിശ്വസിക്കുന്നില്ല.
നിങ്ങള്‍ മതിയായ റണ്‍സ് വേഗത്തില്‍ (ശരാശരി, സ്‌ട്രൈക്ക് റേറ്റ്) നേടിയിട്ടുണ്ടെങ്കില്‍ അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നായിരുന്നു ഹര്‍ഷ ഭോഗ്‌ലെ ട്വിറ്ററില്‍ കുറിച്ചത്. ഈ ട്വീറ്റിനോടു എബി ഡിവില്ലിയേഴ്‌സിന്റെ പ്രതികരണം വൈറലായി മാറുകയും ചെയ്തു. നന്ദി, നന്ദി, നന്ദി. അവസാനം ആരെങ്കിലുമൊരാള്‍ അതു പറഞ്ഞിരിക്കുന്നുവെന്നായിരുന്നു എബിഡി കുറിച്ചത്.

വിന്‍ഡീസുമായുള്ള പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ഏറ്റവും സ്ഥിതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് 20കാരനായ തിലക്. കരിയറിലെ ആദ്യത്തെ അന്താരാഷ്ട്ര പരമ്പരയില്‍ തന്നെ താരം കഴിവ് തെളിയിച്ചിരിക്കുകയാണ്. അരങ്ങേറ്റ മല്‍സരത്തില്‍ 22 ബോളില്‍ നിന്നും 39 റണ്‍സോടെ തിലക് ടോപ്‌സ്‌കോററായിരുന്നു. രണ്ടാമത്തെ കളിയില്‍ കന്നി ഫിഫ്റ്റിയും യുവതാരം നേടി. 41 ബോളില്‍ കുറിച്ചത് 51 റണ്‍സായിരുന്നു.
മൂന്നാം ടി20യിലും തിലക് ഫിഫ്റ്റി നേടുമെന്നു ഉറപ്പിച്ചിരിക്കെയായിരുന്നു 2011ലെ ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരേ സിക്‌സറിലൂടെ വിജയറണ്‍സ് നേടിയ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയെ ഹാര്‍ദിക് അനുകരിച്ചത്. അതിനു മുമ്പ് തിലക് ചില വമ്പന്‍ ഷോട്ടുകള്‍ക്കു ശ്രമിച്ചിരന്നു. പക്ഷെ അവസാനം വരെ ക്രീസില്‍ നില്‍ക്കണമെന്നു തിലകിനെ ഹാര്‍ദിക് ഉപദേശിക്കുന്നത് സ്റ്റംപ് മൈക്കിലൂടെ പുറത്തു വരികയും ചെയ്തിരുന്നു.
പക്ഷെ ടീമിന്റെ വിജയ റണ്‍സിനൊപ്പം തുടര്‍ച്ചയായ രണ്ടാം ഫിഫ്റ്റിയും നേടാനുള്ള അവസരം തിലകിന് ഹാര്‍ദിക് നിഷേധിക്കുകയായിരുന്നു. മല്‍സരത്തില്‍ ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം. ഇതാടെ പരമ്പര 1-2നു ആക്കിയെടുക്കാനും ടീമിനായിരുന്നു. നാലാമത്തെ മല്‍സരം ശനിയാഴ്ച രാത്രി അമേരിക്കയിലെ ഫ്‌ളോറിഡയിലാണ്.