ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ മൂന്നാമത്തെ എഡിഷനില്‍ ഇന്ത്യ ആദ്യ പരമ്പരയ്‌ക്കൊരുങ്ങവെ സര്‍പ്രൈസ് നീക്കത്തിന് ബിസിസിഐ തയ്യാറെടുക്കുന്നു. നിലവില്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മാത്രം പൂര്‍ണമായി ശ്രദ്ധ കേന്ദ്രീകരിച്ച സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ടെസ്റ്റ് ടീമിലേക്കു തിരിച്ചുവിളിക്കാനാണ് ബിസിസിഐ ഒരുങ്ങുന്നത്. താരം ഇതിനു തയ്യാറായാല്‍ അതു ടീമിനെ സംബന്ധിച്ച് വലിയ മുതല്‍ക്കൂട്ടായി മാറുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അടുത്ത മാസം വെസ്റ്റ് ഇന്‍ഡീസുമായി ഇന്ത്യ രണ്ടു ടെസ്റ്റുകളുടെ പരമ്പര കളിക്കാനിറങ്ങുകയാണ്. സമാപിച്ച ഡബ്ല്യുടിസി ഫൈനലില്‍ ഓസ്‌ട്രേലിയയോടേറ്റ വന്‍ പരാജയത്തിന്റെ ക്ഷീണം വിന്‍ഡീസിനെതിരേ തീര്‍ക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോലിയുമടങ്ങുന്ന സീനിയര്‍ കളിക്കാര്‍ ഈ പരമ്പരയിലുണ്ടാവും. എന്നാല്‍ ഇവര്‍ക്കൊപ്പം ചില യുവ താരങ്ങളെയും ഇന്ത്യ പരീക്ഷിച്ചേക്കും.
അടുത്തയാഴ്ച വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമെന്നാണ് വിവരം. അതിനു മുന്നോടിയായാണ് ഹാര്‍ദിക് പാണ്ഡ്യയെ തിരികെ വിളിക്കുന്നതിനെക്കുറിച്ച് ബിസിസിഐ ആലോചിക്കുന്നത്. പുറംഭാഗത്തിനേറ്റ പരിക്കുകള്‍ കാരണമാണ് ഹാര്‍ദിക് പാണ്ഡ്യ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു അനിശ്ചിതമായി വിട്ടുനില്‍ക്കുന്നത്.
2018ലെ ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്കുശേഷം താരം റെഡ് ബോള്‍ ക്രിക്കറ്റില്‍ കളിച്ചിട്ടില്ല. ദീര്‍ഘകാലം ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ വലച്ചിരുന്നു. തുടര്‍ന്നു ബൗളിങില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2022ലെ ഐപിഎല്ലിനു മുമ്പ് പഴയ ഫിറ്റ്‌നസിലേക്കു മടങ്ങിയെത്തിയ ഹാര്‍ദിക് ബൗളിങ് പുനരാരംഭിക്കുകയായിരുന്നു. അതിനാല്‍ തന്നെയാണ് ടെസ്റ്റ് ഭാവിയെക്കുറിച്ച് അദ്ദേഹവുമായി ബിസിസിഐ കൂടിയാലോചിക്കുന്നത്.

ടെസ്റ്റില്‍ ഇന്ത്യയെ സംബന്ധിച്ച് ഹാര്‍ദിക് പാണ്ഡ്യ തീര്‍ച്ചയായും ഒരു ഓപ്ഷന്‍ തന്നെയാണ്. എന്നാല്‍ ടെസ്റ്റിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ചുള്ള അന്തിമ തീരുമാനം അദ്ദേഹത്തിന്റെ കൈകളില്‍ തന്നെയാണ്. സെലക്ടര്‍മാര്‍ ഹാര്‍ദിക്കിനെ ഇന്ത്യയുടെ വെള്ള ജഴ്‌സിയില്‍ വീണ്ടും കാണാന്‍ ആഗ്രഹിക്കുന്നു.
പക്ഷെ മൂന്നു ഫോര്‍മാറ്റുകളിലും കളിക്കാനുള്ള പൊസിഷനിലാണോ അദ്ദേഹമെന്നതാണ് ചോദ്യം. പ്രത്യേകിച്ചും ഏകദിനത്തില്‍ ടീമിന്റെ പ്രധാന താരമാണെന്നതില്‍ ഇതേക്കുറിച്ചുള്ള തീരുമാനമെടുക്കേണ്ടത് ഹാര്‍ദിക്കാണെന്നും മുതിര്‍ന്ന ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.
ടെസ്റ്റ് ടീമിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ഹാര്‍ദിക് പാണ്ഡ്യ സമ്മതം മൂളിയാല്‍ അതു താരത്തിനു പുതിയ റോള്‍ ലഭിക്കാനും വഴിയൊരുക്കിയേക്കും. കാരണം നിലവില്‍ രോഹിത് ശര്‍മയ്ക്കു ശേഷം ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമിന്റെ നായകസ്ഥാനം അദ്ദേഹം ഉറപ്പിച്ചു കഴിഞ്ഞു. വരാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസുമായുള്ള പരമ്പരയ്ക്കു ശേഷം രോഹിത്തിനെ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്തു നിന്നും നീക്കുമെന്നാണ് സൂചനകള്‍.
രോഹിത്തിനു പകരം ആരെ ക്യാപ്റ്റനാക്കുമെന്ന ആശങ്ക ഇപ്പോള്‍ ബിസിസിഐയ്ക്കുണ്ട്. എന്നാല്‍ ഹാര്‍ദിക് ടെസ്റ്റ് ടീമിലേക്കു മടങ്ങിയെത്തിയാല്‍ ബിസിസിഐയ്ക്കു രണ്ടാമതൊന്നു ആലോചിക്കാതെ ക്യാപ്റ്റന്‍സിയും അദ്ദേഹത്തെ ഏല്‍പ്പിക്കാം. ഈ കാരണങ്ങളാല്‍ തന്നെയാണ് ഹാര്‍ദിക്കിന്റെ ടെസ്റ്റിലേക്കുള്ള മടങ്ങിവരവിനായി ബിസിസിഐ കരുക്കള്‍ നീക്കുന്നത്.
അതേസമയം ടെസ്റ്റിലേക്കുള്ള മടങ്ങിവരവുമായി ബന്ധപ്പെട്ട് ഹാര്‍ദിക് പാണ്ഡ്യ നേരത്തേ പ്രതികരിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലേക്കു മടങ്ങി വരണമെന്നു ഞാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ കഠിനാധ്വാനത്തിലൂടെ അതു നേടിയെടുക്കും. ഈ കാരണത്താല്‍ തന്നെ സത്യസന്ധമായി പറയുകയാണെങ്കില്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഞാന്‍ കളിക്കില്ല. ടെസ്റ്റ് ടീമിലെ സ്ഥാനം ഞാന്‍ സ്വയം നേടിയെടുത്തതാണെന്നു തോന്നുന്നതു വരെ ഭാവിയിലെ ടെസ്റ്റുകളില്‍ കളിക്കാന്‍ തയ്യാറല്ലെന്നും ഹാര്‍ദിക് വ്യക്തമാക്കിയിരുന്നു.