വെസ്റ്റ് ഇന്‍ഡീസുമായുള്ള ആദ്യ ടി20 മല്‍സരത്തില്‍ ഇന്ത്യക്കേറ്റ പരാജയത്തിന്റെ കാരണങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ. ട്രിനിഡാഡില്‍ നടന്ന ചെറിയ സ്‌കോര്‍ പിറന്ന കളിയില്‍ നാലു റണ്‍സിനായിരുന്നു ഇന്ത്യയെ വിന്‍ഡീസ് വീഴ്ത്തിയത്. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ വിന്‍ഡീസ് 1-0നു മുന്നിലെത്തുകയും ചെയ്തു. 150 റണ്‍സെന്ന ചെറിയ വിജയലക്ഷ്യമായിരുന്നു ഇന്ത്യക്കു വിന്‍ഡീസ് നല്‍കിയത്.
എന്നാല്‍ ബാറ്റിങ് നിര ഫ്‌ളോപ്പായതോടെ ഒമ്പതു വിക്കറ്റിനു 145 റണ്‍സിനു ഇന്ത്യ കീഴടങ്ങുകയായിരുന്നു. റണ്‍ചേസില്‍ ഞങ്ങള്‍ നന്നായിട്ടു തന്നെയായിരുന്നു പോയ്‌ക്കൊണ്ടിരുന്നത്. ഒരു ഘട്ടത്തില്‍ ലക്ഷ്യത്തിലെത്തുമെന്നും പ്രതീക്ഷിച്ചു. പക്ഷെ ഞങ്ങള്‍ ചില പിഴവുകള്‍ വരുത്തി, അതു മല്‍സരം നഷ്ടമാക്കാന്‍ ഇടയാക്കുകയും ചെയ്തു.

അതില്‍ കുഴപ്പമില്ല. ഒരു യുവ ടീം തെറ്റുകള്‍ വരുത്തും, ഞങ്ങള്‍ ഒരുമിച്ച് വളരും. മല്‍സരത്തിലുടനീളം ഞങ്ങള്‍ക്കു നിയന്ത്രണമുണ്ടായിരുന്നു. ഈ ഗെയിമിലെ പോസിറ്റീവും ഇതാണ്. നാലു മികച്ച മല്‍സരങ്ങള്‍ മുന്നിലുണ്ടെന്നും ഹാര്‍ദിക് വ്യക്തമാക്കി.
ടി20 ക്രിക്കറ്റില്‍ നിങ്ങള്‍ക്കു വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നാല്‍ ഏതു സ്‌കോറും ചേസ് ചെയ്യുക ബുദ്ധിമുട്ടായി തീരും. അതു തന്നെയാണ് യഥാര്‍ഥത്തില്‍ ഈ മല്‍സരത്തില്‍ ഞങ്ങള്‍ക്കും സംഭവിച്ചത്. ഒന്നോ, രണ്ടോ വലിയ ഷോട്ടുകള്‍ കളിയിലെ താളം നിങ്ങളുടെ ഭാഗത്തേക്കു കൊണ്ടു വരികയും ചെയ്യും. ഞങ്ങള്‍ക്കു തുടക്കത്തില്‍ കുറച്ചു വിക്കറ്റുകള്‍ നഷ്ടമായത് റണ്‍ചേസിനെ തടസപ്പെടുത്തിയതായും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു.
റണ്‍ചേസില്‍ 15ാം ഓവര്‍ വരെ ഇന്ത്യക്കു വിജയപ്രതീക്ഷയുണ്ടായിരുന്നു. കാരണം ആറു വിക്കറ്റ് ശേഷിക്കെ അവസാനത്തെ 30 ബോളില്‍ 37 റണ്‍സായിരുന്നു ഇന്ത്യക്കു വേണ്ടിയിരുന്നത്. ഹാര്‍ദിക്കിനോടൊപ്പം സഞ്ജു സാംസണായിരുന്നു ക്രീസില്‍. പക്ഷെ ജേസണ്‍ ഹോള്‍ഡര്‍ എറിഞ്ഞ ആദ്യ ബോളില്‍ ഹാര്‍ദിക്കും മൂന്നാമത്തെ ബോളില്‍ സഞ്ജുവും പുറത്തായതോടെ മല്‍സരം വിന്‍ഡീസിന്റെ വരുതിയിലാവുകയായിരുന്നു.
അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഫിയര്‍ലെസ് ബാറ്റിങ് കാഴ്ചവച്ച യുവതാരം തിലക് വര്‍മയെ ഹാര്‍ദിക് പ്രശംസിച്ചു. പേസര്‍ അല്‍സാറി ജോസഫിനെതിരേ ആദ്യത്തെ രണ്ടു ബോളിലും സിക്‌സറടിച്ചു കൊണ്ടാണ് തിലക് ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറിയത്.

ടീമിലെ മറ്റുള്ളവരെല്ലാം റണ്ണെടുക്കാന്‍ പാടുപെടവെ തിലക് വളരെ അനായാസമാണ് റണ്‍സ് വാരിക്കൂട്ടിയത്. 22 ബോളില്‍ നിന്നും മൂന്നു സിക്‌സറും രണ്ടു ഫോറുമടക്കം 39 റണ്‍സോടെ താരം ഇന്ത്യയുടെ ടോപ്‌സ്‌കോററാവുകയും ചെയ്തു.
തിലക് തന്റെ ഇന്നിങ്‌സ് തുടങ്ങിയ രീതി കണ്ടപ്പോള്‍ വളരെയധികം സന്തോഷം തോന്നി. സിക്‌സറുകളോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിങ്ങള്‍ തുടങ്ങുകയെന്നത് ഒരു മോശം വഴിയല്ല. നല്ല ആത്മവിശ്വാസവും ഭയമില്ലായ്മയും അവനില്‍ കാണാം. ഇന്ത്യക്കു വേണ്ടി അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു.
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത വിന്‍ഡീസ് ആറു വിക്കറ്റ് നഷ്ടത്തിലാണ് 149 റണ്‍സ് നേടിയത്. ക്യാപ്റ്റന്റെ കളി കെട്ടഴിച്ച റോമെന്‍ പവലായിരുന്നു വിന്‍ഡീസിന്റെ ടോപ്‌സ്‌കോറര്‍. 32 ബോളുകള്‍ നേരിട്ട അദ്ദേഹം മൂന്നു വീതം ഫോറും സിക്‌സറുമടക്കം 48 റണ്‍സ് നേടി.
നിക്കോളാസ് പൂരന്‍ (41), ബ്രെന്‍ഡന്‍ കിങ് (28) എന്നിവരാണ് വിന്‍ഡീസിന്റെ മറ്റു സ്‌കോറര്‍മാര്‍. ഇന്ത്യക്കു വേണ്ടി അര്‍ഷ്ദീപ് സിങും യുസ്വേന്ദ്ര ചഹലും രണ്ടു വീതം വിക്കറ്റുകളെടുത്തു. മറുപടിയില്‍ തിലകിന്റെ (39) പ്രകടനം മാറ്റി നിര്‍ത്തിയാല്‍ സൂര്യകുമാര്‍ യാദവ് (21) മാത്രമാണ് 20ന് മുകളില്‍ നേടിയ ഇന്ത്യയുടെ ഏക താരം.