മുംബൈ: ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ മധ്യനിരയില്‍ നിര്‍ണ്ണായക സ്ഥാനമുണ്ടായിരുന്ന താരമാണ് ഹനുമ വിഹാരി. ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങി ഇന്ത്യന്‍ ടീമിലേക്കെത്തിയ താരം ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലുമെല്ലാം ഇന്ത്യക്കായി കളിച്ചു. ആര്‍ അശ്വിനോടൊപ്പം വിഹാരി നടത്തിയ ചെറുത്തുനില്‍പ്പിനെ വാഴ്ത്താത്ത ഇന്ത്യന്‍ ആരാധകരുണ്ടാവില്ല. ഇന്ത്യന്‍ ടീമിനൊപ്പം വലിയ ഭാവി പ്രതീക്ഷിച്ചിരുന്ന വിഹാരിയെ പതിയെ ഇന്ത്യ തഴഞ്ഞു.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഇടം പ്രതീക്ഷിച്ചിരുന്നെങ്കിലും അവസരം ലഭിച്ചില്ല. ഇപ്പോഴിതാ തഴയപ്പെട്ടതിന്റെ നിരാശ പങ്കുവെച്ച വിഹാരി ആരും തന്നെ വിളിക്കുന്നില്ലെന്നും ഇന്ത്യന്‍ ടീമുമായുള്ള ആശയ വിനിമയം പൂര്‍ണ്ണമായും നഷ്ടപ്പെട്ടുവെന്നുമാണ് തുറന്നുപറഞ്ഞിരിക്കുന്നത്. 'ഇന്ത്യന്‍ ടീമില്‍ നിന്ന് എന്തുകൊണ്ടാണ് പുറത്തുപോയതെന്ന് ഇപ്പോഴുമറിയില്ല. അതിന്റെ കാരണം കണ്ടെത്താനാവുന്നില്ല. എന്നെ അലട്ടുന്ന പ്രശ്‌നവും ഇതാണ്.
എന്തുകൊണ്ടാണ് പുറത്താക്കിയതെന്ന് ആരും പറയുന്നില്ല. ആരും വിളിക്കുന്നില്ല. എന്നാല്‍ കരിയറില്‍ ഉയര്‍ച്ചയും താഴ്ച്ചയുമുണ്ടാവും. അതുകൊണ്ടുതന്നെ ഇത് പ്രശ്‌നമാക്കുന്നില്ല. ഇന്ത്യന്‍ ടീമില്‍ ഇടമില്ലാത്തതിനെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെടാറില്ല. എവിടെ കളിച്ചാലും മികച്ച പ്രകടനം നടത്താനാണ് ആഗ്രഹിക്കുന്നത്'-വിഹാരി പറഞ്ഞു. അജിന്‍ക്യ രഹാനെ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയപ്പോള്‍ വിഹാരി സന്തോഷിച്ചിരുന്നു. 36കാരനായ രഹാനെക്ക് തിരിച്ചുവരാനായതുപോലെ താനും തിരിച്ചെത്തുമെന്നാണ് വിഹാരി പറഞ്ഞത്.
എന്നാല്‍ അതിനുള്ള സാധ്യത വളരെ കുറവാണെന്ന് പറയാം. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്താന്‍ ആഭ്യന്തര ക്രിക്കറ്റില്‍ അസാധ്യ പ്രകടനം വിഹാരി കാഴ്ചവെക്കേണ്ടതായി വരും. നിലവില്‍ ഐപിഎല്ലിലും അവസരമില്ലാത്തതിനാല്‍ വിഹാരിക്ക് തിരിച്ചുവരവ് കടുപ്പമായിരിക്കുമെന്നതാണ് വസ്തുത. പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും നായകന്‍ രോഹിത് ശര്‍മക്കും വിഹാരിയുടെ മികവില്‍ വിശ്വാസമില്ലെന്നതാണ് സത്യം. അതുകൊണ്ടുതന്നെ തിരിച്ചുവരാന്‍ അവസരം ലഭിച്ചേക്കില്ല.

ദ്രാവിഡും രോഹിത്തും മറ്റ് ചില താരങ്ങളെയും ടീമില്‍ നിന്ന് അകറ്റിനിര്‍ത്തിയിരിക്കുകയാണ്. ഇന്ത്യന്‍ മൈതാനത്തില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ള താരമാണ് മായങ്ക് അഗര്‍വാള്‍. ഓപ്പണറായ താരത്തിന്റെ വിദേശ പര്യടനങ്ങളിലെ പ്രകടനം മോശമാണ്. എന്നാല്‍ നാട്ടില്‍ പുലിയാണെന്നത് കണക്കുകളില്‍ നിന്ന് വ്യക്തം. പക്ഷെ അദ്ദേഹം ഏറെ നാളായി ഇന്ത്യന്‍ ടീമിന് പുറത്താണ്. രഞ്ജി ട്രോഫി, വിജയ് ഹസാരെ ട്രോഫി, ദുലീപ് ട്രോഫി, ദിയോദാര്‍ ട്രോഫി തുടങ്ങി ഒട്ടുമിക്ക ആഭ്യന്തര ടൂര്‍ണമെന്റിലും മായങ്ക് കളിക്കുന്നുണ്ട്.
എന്നാല്‍ യാതൊരു പരിഗണനയും അദ്ദേഹത്തിന് ലഭിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. മറ്റൊരു താരം സര്‍ഫറാസ് ഖാനാണ്. മുംബൈക്കൊപ്പം സ്ഥിരതയോടെ മിന്നിച്ചിട്ടും അദ്ദേഹത്തിനും ദേശീയ ടീമിലിടമില്ല. 79ന് മുകളിലാണ് അദ്ദേഹത്തിന്റെ ശരാശരി. ട്രിപ്പിള്‍ സെഞ്ച്വറിയടക്കം നേടി മികവ് തെളിയിച്ചിട്ടുണ്ട്. ഫിറ്റ്‌നസ് പ്രശ്‌നമാണെങ്കിലും അത് ബാധിക്കാത്ത തരത്തിലുള്ള പ്രകടനം സര്‍ഫറാസ് കാഴ്ചവെക്കുന്നു. എന്നിട്ടും ടീമിലേക്ക് പരിഗണിക്കപ്പെടുന്നില്ല.
പൃഥ്വി ഷായോടും ഇന്ത്യന്‍ മാനേജ്‌മെന്റ് ചെയ്യുന്നത് വഞ്ചനയാണ്. വെടിക്കെട്ട് ഓപ്പണറായിരുന്ന താരം ഇന്ത്യക്കായി അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടി. ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട് വിലക്ക് നേരിട്ടപ്പോള്‍ ഇന്ത്യന്‍ മാനേജ്‌മെന്റ് താരത്തെ പിന്തുണച്ചില്ല. മടങ്ങിവരാനും മികവുകാട്ടാനും അവസരം നല്‍കാതെ തഴഞ്ഞു. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടും ദേശീയ ടീമില്‍ ആവശ്യത്തിന് അവസരം ലഭിച്ചില്ല. വിന്‍ഡീസ് പരമ്പരയിലും പൃഥ്വിക്ക് സീറ്റില്ല. 23കാരനായ താരത്തിനും മടങ്ങിവരവ് കടുപ്പം.