Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ഫിഫ്റ്റി തുണക്കില്ല? സഞ്ജുവിന് ലോകകപ്പ് സീറ്റ് ഉറപ്പില്ല! പ്രധാന വെല്ലുവിളി ഇതാണ്

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടി ആരാധകരുടെ കൈയടി നേടുകയാണ് സഞ്ജു സാംസണ്‍. രോഹിത് ശര്‍മയും വിരാട് കോലിയും വിശ്രമം തുടര്‍ന്നപ്പോള്‍ നാലാം നമ്പറിലാണ് സഞ്ജുവിന് അവസരം ലഭിച്ചത്. നേരിട്ട ആദ്യ പന്ത് തന്നെ അതിര്‍ത്തി കടത്താനാണ് സഞ്ജു ശ്രമിച്ചത്. ഇത് പരാജയപ്പെട്ടെങ്കിലും രണ്ടാം പന്തില്‍ സഞ്ജു സിക്‌സര്‍ നേടി. പിന്നീടങ്ങോട്ട് ബൗളര്‍മാര്‍ക്ക് മുകളില്‍ സഞ്ജു സര്‍വാധിപത്യം സ്ഥാപിച്ചു.

41 പന്ത് നേരിട്ട് 2 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 51 റണ്‍സുമായാണ് സഞ്ജു പുറത്തായത്. റൊമാരിയോ ഷിപ്പേര്‍ഡിനെ സിക്‌സര്‍ പറത്താനുള്ള സഞ്ജുവിന്റെ ശ്രമം പാളിയതോടെ ഷിംറോന്‍ ഹെറ്റ്‌മെയറിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. ആരാധകരെ സംബന്ധിച്ച് വലിയ ആവേശം നല്‍കുന്ന പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. കരിയറില്‍ ഏറ്റവും അനിവാര്യമായ സമയത്താണ് സഞ്ജുവിന്റെ ഈ അര്‍ധ സെഞ്ച്വറി പ്രകടനം ഉണ്ടാകുന്നത്.

എന്നാല്‍ ഈ അര്‍ധ സെഞ്ച്വറി പ്രകടനത്തോടെ സഞ്ജുവിന്റെ ലോകകപ്പിലെ സീറ്റ് ഉറപ്പിക്കാന്‍ സാധിക്കുമോ? ഇല്ലെന്നതാണ് വസ്തുത. അതിന് ചില കാരണങ്ങളുണ്ട്. ഒന്നാമത്തെ കാരണം ഇഷാന്‍ കിഷന്റെ പ്രകടനമാണ്. ഇഷാന്‍ കിഷന്‍ മൂന്ന് മത്സരത്തിലും അര്‍ധ സെഞ്ച്വറി പ്രകടനം നടത്തിയതോടെ ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും സീറ്റുറപ്പിച്ചിരിക്കുകയാണ്. 184 റണ്‍സാണ് അദ്ദേഹം മൂന്ന് മത്സരത്തില്‍ നിന്ന് നേടിയത്. പരമ്പരയിലെ താരമാകാനും ഇഷാന് സാധിച്ചു.

ഇഷാന്‍ ഇന്ത്യയുടെ ലോകകപ്പ് പദ്ധതികളുടെ ഭാഗമാണെന്ന തരത്തിലുള്ള സൂചനകള്‍ ഇതിനോടകം ടീം മാനേജ്‌മെന്റ് നല്‍കിക്കഴിഞ്ഞു. ഓപ്പണിങ് ബാക്കപ്പായും വിക്കറ്റ് കീപ്പര്‍ ബാക്കപ്പായും ഇഷാനെ ഇന്ത്യ പരിഗണിക്കുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സഞ്ജുവിന് ഇഷാനെ മറികടക്കുന്ന പ്രകടനം നടത്താന്‍ സാധിക്കാത്തതിനാല്‍ വിക്കറ്റ് കീപ്പര്‍ ബാക്കപ്പ് സീറ്റ് സഞ്ജു മോഹിക്കേണ്ട.

sanju samson

സഞ്ജുവിനെ പിന്നെ പ്രതീക്ഷിക്കാവുന്നത് നാലാം നമ്പറാണ്. എന്നാല്‍ ഏഷ്യാ കപ്പിന് മുമ്പ് കെ എല്‍ രാഹുലും ശ്രേയസ് അയ്യരും തിരിച്ചെത്തുമെന്നാണ് വിവരം. അങ്ങനെ വരുമ്പോള്‍ സഞ്ജുവിന് കാര്യങ്ങള്‍ കടുപ്പമാവും. രാഹുലും ശ്രേയസും ഏകദിനത്തിലെ ഇന്ത്യയുടെ നിര്‍ണ്ണായക താരങ്ങളാണ്. ഇരുവരേയും മറികടന്ന് സഞ്ജുവിന് ഇടം നേടാന്‍ ഒരിക്കലും സാധിച്ചേക്കില്ല. അതുകൊണ്ടുതന്നെ ലോകകപ്പ് സീറ്റ് നേടുകയെന്നത് സഞ്ജുവിനെ സംബന്ധിച്ച് വലിയ പ്രയാസമാണ്.

മറ്റൊരു പ്രതീക്ഷ ആറാം നമ്പറില്‍ ഫിനിഷര്‍ റോളിലാണ്. എന്നാല്‍ ഇന്ത്യ സൂര്യകുമാര്‍ യാദവിനാണ് ഈ റോള്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. കുറഞ്ഞ പന്തുകളില്‍ നിന്ന് കൂടുതല്‍ റണ്‍സ് നേടുന്ന സൂര്യക്ക് ഈ റോള്‍ നല്‍കുന്ന കാര്യം കഴിഞ്ഞ ദിവസം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് സൂചിപ്പിച്ചിരുന്നു. ഇതോടെ ഈ റോളിലേക്കും സഞ്ജുവിന് അവസരം ലഭിച്ചേക്കില്ല. ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും 15 അംഗ ടീമില്‍ സഞ്ജു ഇടം പ്രതീക്ഷിച്ചിട്ട് കാര്യമില്ല.

മൂന്നാം ഏകദിനത്തില്‍ ഫിഫ്റ്റി നേടിയത് സെഞ്ച്വറിയാക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ സഞ്ജു പരിഗണിക്കപ്പെടാന്‍ സാധ്യതയുണ്ടായിരുന്നു. നിലവില്‍ സഞ്ജു നോട്ടമിടുന്ന റോളിലെല്ലാം മികച്ച താരങ്ങളുള്ളതിനാല്‍ സഞ്ജു തഴയപ്പെടാനുള്ള സാധ്യതയാണ് കൂടുതല്‍. കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരിലൊരാള്‍ക്ക് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സാധിക്കാതെ പോയാല്‍ സഞ്ജുവിന് വിളിയെത്തും.

അല്ലാത്ത പക്ഷം ബാക്കപ്പ് താരങ്ങളുടെ പട്ടികയിലാവും സഞ്ജു പരിഗണിക്കപ്പെടുക. വെസ്റ്റ് ഇന്‍ഡീസിനെതിരേ അഞ്ച് മത്സര ടി20 പരമ്പര ഇന്ത്യ കളിക്കുന്നുണ്ട്. ഇതില്‍ ഗംഭീര പ്രകടനം നടത്തുകയും പിന്നാലെ അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലും കസറുകയും ചെയ്താല്‍ സഞ്ജുവിന് മുന്നില്‍ ചിലപ്പോള്‍ ലോകകപ്പ് വാതില്‍ തുറന്നേക്കും. നിലവിലെ സാഹചര്യത്തില്‍ സഞ്ജു ഇഷാനെക്കാള്‍ പിന്നിലാണുള്ളത്.

Story first published: Wednesday, August 2, 2023, 12:40 [IST]
Other articles published on Aug 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+