മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പ്രമുഖരെയെല്ലാം ഉള്‍പ്പെടുത്തി ശക്തമായ ടീമിനെയാണ് ഇന്ത്യ വിന്‍ഡീസിലേക്ക് അയക്കുന്നത്. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ്, മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന, അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസില്‍ കളിക്കുന്നത്. എന്നാല്‍ ടി20ക്കുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടില്ല.
2024ല്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ ടി20 പരമ്പരയ്ക്കും ഇന്ത്യ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് ടി20 ലോകകപ്പ് നടക്കാനിരിക്കുന്നതെന്നതിനാല്‍ ഇന്ത്യക്ക് മികച്ച മുന്നൊരുക്കമായി പരമ്പര മാറും. എന്നാല്‍ ഏകദിന പരമ്പരയിലെ ടീമില്‍ നിന്ന് വലിയ മാറ്റത്തോടെയാവും ഇന്ത്യ ടി20 പരമ്പരക്കിറങ്ങുകയെന്നാണ് വിവരം. അതുകൊണ്ടാണ് ഇപ്പോള്‍ ടി20 ടീമിനെ പ്രഖ്യാപിക്കാത്തത്. കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കാനും സാധ്യതയുണ്ട്.
ഇന്ത്യയുടെ ഏകദിന ടീമില്‍ ഉള്‍പ്പെടുകയും എന്നാല്‍ ടി20 ടീമില്‍ നിന്ന് തഴയപ്പെടാന്‍ സാധ്യതയുള്ളതുമായ നാല് പേര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. രോഹിത് ശര്‍മക്ക് ഇന്ത്യ വിശ്രമം നല്‍കിയേക്കും. ഏകദിനത്തില്‍ രോഹിത്തിന് വിശ്രമം നല്‍കുമെന്നാണ് കരുതിയിരുന്നതെങ്കിലും വിന്‍ഡീസില്‍ ടെസ്റ്റിലും ഏകദിനത്തിലും നയിക്കാന്‍ രോഹിത്തിനെ തന്നെ നിയോഗിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ടി20യില്‍ രോഹിത് പുറത്തിരിക്കും.
ഐപിഎല്‍ മുതല്‍ തുടര്‍ച്ചയായി കളിക്കുന്നതിനാല്‍ വലിയ ഇടവേള രോഹിത്തിന് ലഭിച്ചിട്ടില്ല. ഏഷ്യാ കപ്പും ഏകദിന ലോകകപ്പും വരാനിരിക്കെ രോഹിത്തിന് ടി20 ഫോര്‍മാറ്റില്‍ വിശ്രമം ഉറപ്പാണ്. ഇപ്പോള്‍ ഇന്ത്യയുടെ ടി20 പദ്ധതികളില്‍ രോഹിത്തിന് സ്ഥാനമില്ല. ഫിറ്റ്‌നസ് പ്രശ്‌നം വലക്കുന്ന രോഹിത് ഇനി ഇന്ത്യക്കായി ടി20 കളിക്കാനുള്ള സാധ്യത വിരളമാണ്.

രണ്ടാമത്തെ താരം വിരാട് കോലിയാണ്. തുടര്‍ച്ചയായി മത്സരം കളിക്കുന്നവരിലൊരാളാണ് വിരാട് കോലി. ഐപിഎല്‍ മുതല്‍ എല്ലാ മത്സരങ്ങളും കളിക്കുന്ന കോലി ടെസ്റ്റ്, ഏകദിന പരമ്പരയിലുണ്ട്. അതുകൊണ്ടുതന്നെ ടി20യില്‍ വിശ്രമം അനുവദിച്ചേക്കും. കോലി ഇപ്പോഴും ഇന്ത്യയുടെ ടി20 പദ്ധതികളുടെ ഭാഗമാണ്. കോലിയെപ്പോലൊരു താരത്തിന് ആവശ്യത്തിന് വിശ്രമം നല്‍കി ഫിറ്റ്‌നസ് സംരക്ഷിക്കേണ്ടത് ടീമിന്റെ ഉത്തരവാദിത്തമാണ്.
കോലിക്ക് പരിക്കേറ്റാല്‍ ഏഷ്യാ കപ്പ്, ലോകകപ്പ് മോഹങ്ങള്‍ക്ക് വലിയ തിരിച്ചടിയാവും. അതുകൊണ്ടുതന്നെ കോലിക്ക് ടി20 പരമ്പരയില്‍ വിശ്രമം നല്‍കാനാവും ഇന്ത്യ ആഗ്രഹിക്കുക. അഞ്ച് മത്സരങ്ങളടങ്ങുന്നതാണ് ടി20 പരമ്പരയെന്നതിനാല്‍ മൂന്ന് ഫോര്‍മാറ്റും കളിക്കുന്നത് സൂപ്പര്‍ താരങ്ങളുടെ പരിക്ക് സാധ്യത ഉയര്‍ത്തും. നിലവിലെ സാഹചര്യത്തില്‍ കോലിയുടെ ഫിറ്റ്‌നസില്‍ ഇന്ത്യ സാഹസത്തിന് തയ്യാറായേക്കില്ല.
മറ്റൊരു താരം രവീന്ദ്ര ജഡേജയാണ്. ഇന്ത്യയുടെ വജ്രായുധമായ സ്പിന്‍ ഓള്‍റൗണ്ടറാണ് രവീന്ദ്ര ജഡേജ. ഏകദിനത്തിലും ടെസ്റ്റിലും ടി20യിലും സ്ഥിര സാന്നിധ്യമാണ് അദ്ദേഹം. വിന്‍ഡീസിനെതിരായ ടെസ്റ്റ്, ഏകദിന പരമ്പരയില്‍ ജഡേജക്ക് ഇടമുണ്ട്. ടി20യിലും ഉറച്ച സീറ്റാണ് ജഡേജയുടേത്. എന്നാല്‍ ഇപ്പോള്‍ ജഡേജക്ക് വിശ്രമം നല്‍കിയേക്കും. ഐപിഎല്‍ മുതല്‍ തുടര്‍ച്ചയായി കളിക്കുന്ന ജഡേജ ഇടക്കിടെ പരിക്കേല്‍ക്കുന്ന താരമാണ്.
ഏഷ്യാ കപ്പിലും ലോകകപ്പിലും ജഡേജയെ കേന്ദ്രീകരിച്ച് ഇന്ത്യക്ക് മാസ്റ്റര്‍ പ്ലാനുണ്ടാവും. അതുകൊണ്ടുതന്നെ ജഡേജയുടെ ജോലിഭാരം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ഇക്കാരണത്താല്‍ത്തന്നെ അദ്ദേഹത്തിന് ടി20യില്‍ വിശ്രമം നല്‍കിയേക്കും. ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ നായകന്‍. ഹര്‍ദിക് ഐപിഎല്ലില്‍ എല്ലാ മത്സരവും കളിച്ചെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഉള്‍പ്പെടാത്തതിനാല്‍ ആവശ്യത്തിന് വിശ്രമം ലഭിച്ചിട്ടുണ്ട്.
ടെസ്റ്റ് കളിക്കാത്ത ഹര്‍ദിക് ഏകദിന, ടി20 പരമ്പര കളിക്കുമെന്നുറപ്പാണ്. ശര്‍ദുല്‍ ഠാക്കൂര്‍ ഇന്ത്യയുടെ ഏകദിന ടീമിലും ടെസ്റ്റ് ടീമിലും ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ടി20യില്‍ ശര്‍ദുല്‍ കളിച്ചേക്കില്ല. ഇന്ത്യയുടെ ടി20 പദ്ധതികളില്‍ ശര്‍ദുലിന് സ്ഥാനമില്ല. രവി ബിഷ്‌നോയിയെ ഇന്ത്യ ടി20 ടീമിലേക്ക് തിരിച്ചുവിളിക്കുമെന്നാണ് ലഭിക്കുന്ന സൂചന.