ഡൊമിനിക്ക: സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ കൊടുങ്കാറ്റായപ്പോള്‍ ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് നാണംകെട്ടു. 271 റണ്‍സിന്റെ ലീഡ് വഴങ്ങി വീണ്ടും ബാറ്റിങിനു അയക്കപ്പെട്ട വിന്‍ഡീസ് മൂന്നാംദിനം തന്നെ കൂടാരംകയറുകയായിരുന്നു. ഇന്നിങ്‌സിന്റെയും 141 റണ്‍സിന്റെയും വമ്പന്‍ ജയമാണ് രോഹിത് ശര്‍മയും സംഘവും ആഘോഷിച്ചത്.
വിന്‍ഡീസിന്റെ രണ്ടാമിന്നിങ്‌സ് വെറും 130 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ടീ ബ്രേക്കിനു പിരിയുമ്പോള്‍ രണ്ടു വിക്കറ്റുകളാണ് വിന്‍ഡീസ് കൈവിട്ടത്. എന്നാല്‍ അവസാന ഇന്നിങ്‌സില്‍ അവര്‍ ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നു. ശേഷിച്ച എട്ടു വിക്കറ്റുകളും കൈവിട്ട വിന്‍ഡീസ് 130 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.

ഏഴു വിക്കറ്റുകളുമായി അശ്വിന്‍ വിന്‍ഡീസിനു മേല്‍ കത്തിക്കയറുകയായിരുന്നു. 21.3 ഓവറില്‍ ഏഴു മെയ്ഡനടക്കം 71 റണ്‍സ് വിട്ടുകൊടുത്തായിരുന്നു ഇത്. രവീന്ദ്ര ജഡേജ രണ്ടു വിക്കറ്റുകള്‍ നേടി. വിന്‍ഡീസ് നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത് അലിക്ക് അതാന്‍സെയും (28) ജേസണ്‍ ഹോള്‍ഡറുമായിരുന്നു (20).
ആദ്യ ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റുകള്‍ പിഴുത അശ്വിന്‍ രണ്ടിന്നിങ്‌സുകളിലായി സ്വന്തമാക്കിയത് 12 വിക്കറ്റുകളാണ്. ഇന്ത്യക്കു വേണ്ടി ആദ്യ ഇന്നിങ്‌സില്‍ കിടിലന്‍ സെഞ്ച്വറി കുറിച്ച അരങ്ങേറ്റക്കാരന്‍ യശസ്വി ജയ്സ്വാളാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ഈ ജയത്തോടെ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തിയിരിക്കുകയാണ്. സ്‌കോര്‍: വെസ്റ്റ് ഇന്‍ഡീസ് 150, 130. ഇന്ത്യ അഞ്ചിന് 421 ഡിക്ലയേര്‍ഡ്.
നേരത്തേ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ ലഞ്ച് ബ്രേക്കിനു പിന്നാലെ അഞ്ചു വിക്കറ്റിനു 421 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. അരങ്ങേറ്റക്കാരന്‍ യശസ്വി ജയ്‌സ്വാള്‍ ഡബിള്‍ സെഞ്ച്വറി കുറിക്കുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അദ്ദേഹം 171ന് പുറത്താവുതകയായിരുന്നു. 387 ബോളുകള്‍ നേരിട്ട ജയ്‌സ്വാള്‍ 16 ഫോറും ഒരു സിക്‌സറുമടിച്ചു.

മുന്‍ നായകന്‍ വിരാട് കോലിയാണ് (76) മൂന്നാംദിനത്തിലെ മറ്റൊരു പ്രധാന ഇന്ത്യന്‍ സ്‌കോറര്‍. 182 ബോളുകള്‍ നേരിട്ട അദ്ദേഹം അഞ്ചു ബൗണ്ടറികള്‍ നേടി. രവീന്ദ്ര ജഡേജയാണ് (37*) മറ്റൊരു പ്രധാന സ്‌കോറര്‍. ഒരു റണ്ണോടെ ഇഷാന്‍ കിഷന്‍ പുറത്താവാതെ നിന്നു. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കു മടങ്ങിയെത്തിയ ശേഷം ആദ്യ മല്‍സരം കളിച്ച അജിങ്ക്യ രഹാനെ (3) ബാറ്റിങില്‍ ഫ്‌ളോപ്പായി മാറി. ഒമ്പതു ബൗളര്‍മാരാണ് വിന്‍ഡീസിനായി പന്തെറിഞ്ഞത്. ഇതില്‍ അഞ്ചു പേര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.
മൂന്നാം വിക്കറ്റില്‍ ജയ്‌സ്വാള്‍- കോലി സഖ്യം സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയതോടെയാണ് ഇന്ത്യന്‍ ടോട്ടല്‍ 400 കടന്നത്. ടീം സ്‌കോര്‍ 240ല്‍ക്കെ ക്രീസില്‍ ഒന്നിച്ച ഇരുവരും 100 റണ്‍സാണ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്. ഇതോടെ ഇന്ത്യന്‍ ടോട്ടല്‍ 350ലെത്തുകയും ചെയ്തു.
ജയ്‌സ്വാള്‍ മടങ്ങിയതിനു ശേഷം ഇന്ത്യ റണ്ണെടുക്കാന്‍ നന്നായി വിഷമിക്കുന്നതാണ് കണ്ടത്. മാത്രമല്ല തുടരെ വിക്കറ്റുകള്‍ നഷ്ടമാവുകയും ചെയ്തു. ഒടുവില്‍ നേരിട്ട 20ാം ബോളില്‍ ഇഷാന്‍ സിംഗിള്‍ നേടിയതിനു പിന്നാലെ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയുമായിരുന്നു.

ജയ്‌സ്വാളിനെക്കൂടാതെ ക്യാപ്റ്റന്‍ രോഹിത്തും (103) രണ്ടാംദിനം സെഞ്ച്വറി കുറിച്ചിരുന്നു. 221 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ 10 ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ജയ്‌സ്വാളിനു വേണ്ടി ഓപ്പണിങ് സ്ഥാനം വിട്ടുകൊടുത്ത് മൂന്നാം നമ്പറിലേക്കു വന്ന ശുഭ്മന്‍ ഗില്ലിനു തിളങ്ങാനായില്ല. 11 ബോളില്‍ ഒരു ഫോറടക്കം ആറു റണ്‍സ് മാത്രമേ താരം നേടിയുള്ളൂ.
ഗംഭീര തുടക്കമായിരുന്നു പുതിയ ഓപ്പണിങ് ജോടികളായ രോഹിത്തും ജയ്‌സ്വാളും ചേര്‍ന്നു ഇന്ത്യക്കു നല്‍കിയത്. വിന്‍ഡീസ് ബൗളിങിനെ അനായാസം നേരിട്ട ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ വാരിക്കൂട്ടിയത് 229 റണ്‍സാണ്.
ഇതോടെ വിന്‍ഡീസിന്റെ കൈയില്‍ നിന്നും കളി വഴുതിപ്പോവുകയും ചെയ്തിരുന്നു. 11 റണ്‍സ് കൂടി നേടുമ്പോഴേക്കും ഗില്ലിനെ മടക്കി വിന്‍ഡീസ് ഒരു തിരിച്ചുവരവ് സ്വപ്‌നം കണ്ടെങ്കിലും ജയ്‌സ്വാള്‍- കോലി ജോടി മികച്ച കൂട്ടുകെട്ടുമായി ആ പ്രതീക്ഷ അവസാനിപ്പിക്കുകയും ചെയ്തു.