For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: സ്പിന്‍ കെണിയും, പിന്നെ ഹിറ്റ്മാന്‍ ഷോയും- വിന്‍ഡീസ് തരിപ്പണം

ആറു വിക്കറ്റിനാണ് ഇന്ത്യന്‍ വിജയം

1

അഹമ്മദാബാദ്: ഇന്ത്യന്‍ ഏകദിന ക്രിക്കറ്റില്‍ രോഹിത് ശര്‍മ യുഗത്തിനു തകര്‍പ്പന്‍ വിജയത്തോടെ തുടക്കമായിരിക്കുകയാണ്. ആയിരാമത്തെ ഏകദിനനെന്ന നാഴികക്കല്ലും ഇന്ത്യ വിജയത്തോടെ ഗംഭീരമാക്കി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ കാര്യമായി വിയര്‍ക്കാതെയാണ് ഇന്ത്യന്‍ വിജയം. 22 ഓവറുകള്‍ ബാക്കിനില്‍ക്കെ ആറു വിക്കറ്റിനു ഇന്ത്യ ജയിച്ചുകയറുകയായിരുന്നു. വിന്‍ഡീസ് ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ ഇന്ത്യയുടെ ജയം ഉറപ്പായിരുന്നു. എത്ര ഓവറുകള്‍ വേണ്ടി വരുമെന്ന സംശയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തി. അടുത്ത മല്‍സരം ഒമ്പതിനു ഇതേ വേദിയില്‍ തന്നെ നടക്കും.

177 റണ്‍സിന്റെ വിജയലക്ഷ്യമാണ് കരെണ്‍ പൊള്ളാര്‍ഡ് നയിച്ച വിന്‍ഡീസ് ടീം ഇന്ത്യക്കു നല്‍കിയത്. ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി രോഹിത് (60) മുന്നില്‍ നിന്നു പട നയിച്ചപ്പോള്‍ ഇന്ത്യ 28 ഓവറില്‍ തന്നെ നാലു വിക്കറ്റിനു ലക്ഷ്യത്തിലെത്തി. 51 ബോളില്‍ 10 ബൗണ്ടറികളും ഒരു സിക്‌സറുമടങ്ങിയതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ഇഷാന്‍ കിഷന്‍ 28 റണ്‍സെടുത്തപ്പോള്‍ മുന്‍ നായകന്‍ വിരാട് കോലി (8), റിഷഭ് പന്ത് (11) എന്നിവര്‍ നിരാശപ്പെടുത്തി. സൂര്യകുമാര്‍ യാദവ് (34*), പുതുമുഖം ദീപക് ഹൂഡ (26*) എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യയുടെ വിജയം പൂര്‍ത്തിയാക്കിയത്.

2

ഓപ്പണിങ് വിക്കറ്റില്‍ രോഹിത്- ഇഷാന്‍ ജോടി 84 റണ്‍സ് നേടിയപ്പോള്‍ തന്നെ ഇന്ത്യന്‍ വിജയമുറപ്പായിരുന്നു. എന്നാല്‍ 32 റണ്‍സിനെ നാലു വിക്കറ്റുകള്‍ നഷ്ടമായതോടെ ഇന്ത്യ 84/0 എന്ന നിലയില്‍ നിന്നും നാലിന് 116ലക്കു വീണു. എന്നാല്‍ അപരാജിതമായ അഞ്ചാം വിക്കറ്റില്‍ സൂര്യ- ഹൂഡ സഖ്യം 62 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ വിജയത്തിലെത്തിച്ചു.

ടോസ് നഷ്ടപ്പെട്ടു ബാറ്റിങിന് അയക്കപ്പെട്ട വിന്‍ഡീസ് 43.5 ഓവറില്‍ 176 റണ്‍സിനു പുറത്താവുകയായിരുന്നു. മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ജാസണ്‍ ഹോള്‍ഡറുടെ ഇന്നിങ്‌സാണ് അവരെ വന്‍ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. 71 ബോളില്‍ നാലു സിക്‌സറുകളടക്കം 57 റണ്‍സോടെ ഹോള്‍ഡര്‍ വിന്‍ഡീസ് ഇന്നിങ്‌സിലെ ഹീറോയായി മാറി. ഫാബിയന്‍ അലെനാണ് (29) വിന്‍ഡീസിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. അദ്ദേഹം 43 ബോളില്‍ രണ്ടു ബൗണ്ടറികള്‍ നേടി. മറ്റാരും 20 റണ്‍സ് തികച്ചില്ല. ഷെയ് ഹോപ്പ് (8), ബ്രെന്‍ഡന്‍ കിങ് (13), ഡാരെന്‍ ബ്രാവോ (18), ഷമാറ ബ്രൂക്ക്‌സ് (12), നിക്കോളാസ് പൂരന്‍ (18), നായകന്‍ നിക്കോളാസ് പൂരന്‍ (ഗോള്‍ഡന്‍ ഡെക്ക്), അക്കീല്‍ ഹൊസെയ്ന്‍ (0), അല്‍സാറി ജോസഫ് (13) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍.

3

ഇന്ത്യയുടെ പുതിയ സ്പിന്‍ ജോടികളായ വാഷിങ്ടണ്‍ സുന്ദറും യുസ്വേന്ദ്ര ചാഹലുമാണ് വിന്‍ഡീസിനെ വരിഞ്ഞുകെട്ടിയത്. ഇരുവരും ഏഴു വിക്കറ്റുകള്‍ വീതം പങ്കിട്ടു. ചാഹലിനു നാലും വാഷിങ്ടണിനു മൂന്നും വിക്കറ്റുകള്‍ ലഭിച്ചു. ചാഹലിനു തല്ലും കിട്ടിയപ്പോള്‍ മികച്ച ഇക്കോണമി റേറ്റിലാണ് വാഷിങ്ടണ്‍ ബൗള്‍ ചെയ്തത്. 9.5 ഓവറില്‍ 49 റണ്‍സ് വിട്ടുകൊടുത്താണ് ചാഹല്‍ നാലു പേരെ പുറത്താക്കിയത്. വാഷിങ്ടണ്‍ ഒമ്പതോവറില്‍ ഒരു മെയ്ഡനടക്കം 30 റണ്‍സിനാണ് മൂന്നു വിക്കറ്റുകളെടുത്തത്. പ്രസിദ്ധ് കൃഷ്ണ രണ്ടു വിക്കറ്റും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി. ശര്‍ദ്ദുല്‍ ടാക്കൂറിന് വിക്കറ്റൊന്നും ലഭിച്ചില്ല. ആറാം ബൗളറായി ഓള്‍റൗണ്ടറും പുതുമുഖവുമായ ദീപക് ഹൂഡ ടീമിലുണ്ടായിരുന്നെങ്കിലും രോഹിത് പരീക്ഷിച്ചില്ല.

ഹോപ്പിനെ ബൗള്‍ഡാക്കി സിറാജ് ആദ്യ പവര്‍പ്ലേയില്‍ തന്നെ ഇന്ത്യക്കു ബ്രേക്ക് ത്രൂ നല്‍കിയിരുന്നു. ടീം സ്‌കോര്‍ 13ല്‍ വച്ചാണ് താരത്തിന്റെ മടക്കം. രണ്ടാം വിക്കറ്റില്‍ കിങ്- ബ്രാവോ സഖ്യം 31 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സ്പിന്നര്‍മാരുടെ വരവോടെ വിന്‍ഡീസിനു പാളി. സ്‌കോര്‍ 44ല്‍ വച്ച് കിങിസിനെ വാിങ്ടണിന്റെ ബൗളിങില്‍ സൂര്യ പിടികൂടി. ഒരു റണ്‍സ് കൂടി നേടിയപ്പോഴേക്കും ബ്രാവോയെ വാഷിങ്ടണ്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി. മൂന്നിന് 45. പൂരന്‍- ബ്രൂക്ക്‌സ് ജോടി 26 റണ്‍സിന്റെ കൂട്ടുകെട്ടുമായി ടീമിനെ കരകയറ്റവെ ചഹലിന്റെ ഇരട്ടപ്രഹരം വിന്‍ഡീസിനെ സ്തബ്ധരാക്കി. സ്‌കോര്‍ 71ല്‍ നില്‍ക്കെ പൂരനെയും തൊട്ടടുത്ത ബോളില്‍ പുതുതായി ക്രീസിലെത്തിയ പൊള്ളാര്‍ഡിനെയും ചഹല്‍ പുറത്താക്കി. ക്ലീന്‍ ബൗള്‍ഡായാണ് പൊള്ളാര്‍ഡ് മടങ്ങിയത്.

ബ്രൂക്‌സിനെ ചാഹലും ഹൊസെയ്‌നെ പ്രസിദ്ധും പുറത്താക്കിയതോടെ വിന്‍ഡീസ് ഏഴിന് 79 റണ്‍സിലേക്കു കൂപ്പുകുത്തി. 100 റണ്‍സ് പോലും അവര്‍ തികയ്ക്കില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ എട്ടാം വിക്കറ്റില്‍ ഹോള്‍ഡര്‍- അലെന്‍ ജോടി 78 റണ്‍സിന്റെ കൂട്ടുകെട്ടുമായി വലിയ നാണക്കേടില്‍ നിന്നും അവരെ രക്ഷിച്ചു. ടീം സ്‌കോര്‍ 157ല്‍ വച്ച് അലെനെ സ്വന്തം ബൗളിങില്‍ പിടികൂടിയ വാഷിങ്ടണാണ് ഇന്ത്യക്കു കാത്തിരുന്ന ബ്രേക്ക്ത്രൂ നല്‍കിയത്. വൈകാതെ ശേഷിച്ച രണ്ടു വിക്കറ്റുകള്‍ കൂടി നേടി വിന്‍ഡീസിനെ ഇന്ത്യ 176നു എറിഞ്ഞിടുകയായിരുന്നു. ടോസിനു ശേഷം രോഹിത് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓള്‍റൗണ്ടര്‍ ദീപക് ഹൂഡ ഇന്ത്യക്കു വേണ്ടി അരങ്ങേറി. ആറു ബാറ്റര്‍മാരും അഞ്ചു ബൗളര്‍മാരുമുള്‍പ്പെട്ട ടീം കോമ്പിനേഷനാണ് ഇന്ത്യ പരീക്ഷിച്ചത്.

കൊവിഡ് മഹാമാരി ഇന്ത്യന്‍ ക്യാംപില്‍ ഭീതി പടര്‍ത്തിയതോടെ പരമ്പര മാറ്റിവച്ചേക്കുമെന്നു നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും മുന്‍ നിശ്ചയിച്ച പ്രകാരം പരമ്പരയുമായി മുന്നോട്ടുപോവാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍, റുതുരാജ് ഗെയ്ക്വാദ്, മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ എന്നിവര്‍ക്കായിരുന്നു കൊവിഡ് പിടിപെട്ടത്. ഈ താരങ്ങള്‍ ഏഴു ദിവസത്തെ ഐസൊലേഷനില്‍ കഴിയുകയാണ്. ഇവര്‍ക്കു പകരമായി ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാള്‍, ഇഷാന്‍ കിഷന്‍ എന്നിവരെ ടീമിലുള്‍പ്പെടുത്തുകയായിരുന്നു. താരങ്ങളെക്കൂടാതെ മൂന്നു സപ്പോര്‍ട്ട് സ്റ്റാഫുമാരുടെയും പരിശോധനാഫലം പോസിറ്റീവായിരുന്നു.

സൗത്താഫ്രിക്കയ്‌ക്കെതിരേ നടന്ന തൊട്ടുമുമ്പത്തെ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ തൂത്തുവാരപ്പെട്ടതിന്റെ ക്ഷീണം തീര്‍ക്കാന്‍ വിന്‍ഡീസിനെതിരേ ഇന്ത്യക്കു ആധികാരികമായി തന്നെ വിജയിച്ചേ തീരു. പരിക്കു കാരണം സൗത്താഫ്രിക്കന്‍ പര്യടനം നഷ്ടമായ രോഹിത് തിരിച്ചെത്തിയത് വിന്‍ഡീസിനെതിരേ ഇന്ത്യയുടെ സാധ്യതകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. രോഹിത്തിന്റെ അഭാവത്തില്‍ വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലായിരുന്നു സൗത്താഫ്രിക്കയുമായുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിച്ചത്.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, യുസ്വേന്ദ്ര ചാഹല്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

വെസ്റ്റ് ഇന്‍ഡീസ്- ഷെയ് ഹോപ്പ്, ബ്രെന്‍ഡന്‍ കിങ്, ഷമാറ ബ്രൂക്ക്സ്, ഡാരെന്‍ ബ്രാവോ, നിക്കോളാസ് പൂരന്‍, കരെണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), ജാസണ്‍ ഹോള്‍ഡര്‍, ഫാബിയന്‍ അലെന്‍, അല്‍സാറി ജോസഫ്, കെമര്‍ റോച്ച്, അകീല്‍ ഹൊസെയ്ന്‍.

Story first published: Sunday, February 6, 2022, 21:18 [IST]
Other articles published on Feb 6, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+