വെസ്റ്റ് ഇന്‍ഡീസുമായുള്ള മൂന്നാം ടി20യില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം കൊയ്തിട്ടും നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കു രൂക്ഷവിമര്‍ശനം. ബാറ്റിങ് പങ്കാളിയും യുവ താരവുമായ തിലക് വര്‍മയ്ക്കു അര്‍ഹിച്ച ഫിഫ്റ്റി നിഷേധിച്ചതാണ് അദ്ദേഹത്തെ പ്രതിക്കൂട്ടിലാക്കിയത്. ഗയാനയില്‍ നടന്ന കളിയില്‍ ഏഴു വിക്കറ്റിന്റെ ഏകപക്ഷീയമായ വിജയമായിരുന്നു ടീം ഇന്ത്യ സ്വന്തമാക്കിയത്.
ജയിക്കാന്‍ അവസാനത്തെ 14 ബോളില്‍ രണ്ടു റണ്‍സ് മാത്രം വേണമെന്നിരിക്കെ ഹാര്‍ദിക് സിക്‌സറിലൂടെ വിജയ റണ്‍സ് കുറിക്കുകയായിരുന്നു. ക്രീസിന്റെ മറുഭാഗത്തു തിലക് 49 റണ്‍സുമായി നില്‍ക്കവെയായിരുന്നു ഹാര്‍ദിക് ഇങ്ങനെയൊരു ഷോട്ടിനു മുതിര്‍ന്നത്.

ക്യാപ്റ്റന്‍ റോവ്‌മെന്‍ പവെലായിരുന്നു 18ാമത്തെ ഓവര്‍ ബൗള്‍ ചെയ്തത്. ഏഴു വിക്കറ്റ് ബാക്കിനില്‍ക്കെ ഈ ഓവറില്‍ ആറു റണ്‍സ് മാത്രമേ ഇന്ത്യക്കു ജയിക്കാന്‍ ആവശ്യമായിരുന്നുള്ളൂ. തിലക് 47ഉം ഹാര്‍ദിക് 12ഉം റണ്‍സായിരുന്നു അപ്പോള്‍ നേടിയത്. ആദ്യ ബോള്‍ നേരിട്ട ഹാര്‍ദിക് വമ്പന്‍ ഷോട്ടിനു മുതിര്‍ന്നെങ്കിലും പ്രതീക്ഷിച്ചതുപോലെ കണക്ടായില്ല. ഷോട്ട് നേരെ എക്‌സ്ട്രാ കവറിലേക്ക്. ലഭിച്ചത് സിംഗിള്‍ മാത്രം. അുടുത്ത ബോള്‍ ഓഫ്‌സൈഡിലേക്കു കളിച്ച് തിലകും സിംഗിളെടുത്തു.
മൂന്നാമത്തെ ബോള്‍ ഹാര്‍ദിക് മിഡ് വിക്കറ്റിലേക്കു പുള്‍ ചെയ്തു. വീണ്ടുമൊരു സിംഗിള്‍. നാലാമത്തെ ബോളില്‍ തിലക് ഒരു ഡ്രൈവിനു ശ്രമിച്ചു. പക്ഷെ ഇന്‍സൈഡ് എഡ്ജായ ബോള്‍ നേരെ ഷോര്‍ട്ട് ഫൈനിലേക്ക്. ഇരുവരും സിംഗിള്‍ നേടി. തിലക് അപ്പോള്‍ 49 റണ്‍സില്‍. ഇന്ത്യക്കു ജയിക്കാന്‍ വേണ്ടത് രണ്ടു റണ്‍സ്. ഓവറില്‍ രണ്ടു ബോളും ബാക്കി.
അടുത്ത ബോളില്‍ സിംഗിളെടുത്ത് ഹാര്‍ദിക്കിന് തിലകിന്റെ ഫിഫ്റ്റിക്കായി അവസരമുണ്ടാക്കി നല്‍കാമായിരുന്നു. പക്ഷെ ലോങ് ഓഫിലൂടെ ബോള്‍ സിക്‌സറിലേക്കു പായിച്ച് ഹാര്‍ദിക് ടീമിന്റെ വിജയറണ്‍സ് കണ്ടെത്തുകയായിരുന്നു. ഇതോടെ ക്രീസിന്റെ മറുഭാഗത്തു 49 റണ്‍സിലുണ്ടായിരുന്ന തിലകിനു നിരാശനായി നില്‍ക്കാനേ കഴിഞ്ഞുള്ളൂ.
പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാമത്തെ ഫിഫ്റ്റി കൂടിയാണ് കരിയറിലെ മൂന്നാമത്തെ മാത്രം മല്‍സരം കളിച്ച താരത്തിനു നഷ്ടമായത്. ഇതേ വേദിയല്‍ നടന്ന കഴിഞ്ഞ മല്‍സരത്തില്‍ തിലക് 51 റണ്‍സോടെ കസറിയിരുന്നു.
ഏഴോവറുകളിലധികം ബാക്കിനില്‍ക്കെ ഇന്ത്യക്കു ജയിക്കാന്‍ 37 റണ്‍സ് വേണമെന്നിരിക്കെയായിരുന്നു ഹാര്‍ദിക് അഞ്ചാമനായി ക്രീസിലെത്തിയത്. ഒരു ഘട്ടത്തില്‍ തിലക് വമ്പന്‍ ഷോട്ടിനു മുതിര്‍ന്നപ്പോള്‍ നീ അവസാനം വരെ നില്‍ക്കണം, കളി ഫിനിഷ് ചെയ്യണമെന്നു തിലകിനോടു ഹാര്‍ദിക് വിളിച്ചുപറയുന്നത് സ്റ്റംപ്‌മൈക്കിലൂടെ കേട്ടിരുന്നു. പക്ഷെ തിലകിനു അര്‍ഹിച്ച ഫിഫ്റ്റി നിഷേധിച്ചതിലൂടെ ആരാധകര്‍ക്കിടയില്‍ വില്ലനായി തീര്‍ന്നിരിക്കുകയാണ് ഹാര്‍ദിക്.

അരങ്ങേറ്റ അന്താരാഷ്ട്ര പരമ്പര കളിക്കുന്ന യുവതാരത്തിനു ഫിഫ്റ്റി നേടാനുള്ള അവരസരമൊരുക്കി അയാളെ പ്രചോദിപ്പിക്കാനാണ് ഒരു ലീഡര്‍ ശ്രമിക്കേണ്ടത്. ഹാര്‍ദിക് പാണ്ഡ്യ വളരെ മോശം. മാത്രമല്ല റണ്‍റ്റേ് നിര്‍ണായകമായ ലോകകപ്പോ, മറ്റു ഏതെങ്കിലും ടൂര്‍ണമെന്റോ അല്ല ഇതെന്നും ആരാധകര്‍ വിമര്‍ശിച്ചു.
ഹാര്‍ദിക് പാണ്ഡ്യയെപ്പോലെയൊരു സ്വാര്‍ഥനായ താരത്തെ ഒരിക്കലും കണ്ടിട്ടില്ല. തിലക് വര്‍മ തന്റെ കരിയറിലെ മൂന്നാമത്തെ മല്‍സരത്തില്‍ 49 റണ്‍സില്‍ നില്‍ക്കെ ഹാര്‍ദിക് സിക്‌സറിലൂടെ കളി അവസാനിപ്പിച്ചിരിക്കുകയാണ്. ഒരു ലീഡര്‍ ഇങ്ങനെയായിരിക്കരുത്. ദയനീയമെന്നും ആരാധകര്‍ ആഞ്ഞടിച്ചു.
ഇതു വരെയയുള്ളതില്‍ വച്ച് ഏറ്റവും സ്വാര്‍ഥനായ ക്രിക്കറ്ററാണ് ഹാര്‍ദിക് പാണ്ഡ്യ. തിലക് വര്‍യ്ക്കു ഒരു സിംഗിളെടുക്കാനും അതു വഴി ഫിഫ്റ്റിക്കും അവസരമൊരുക്കാന്‍ ഹാര്‍ദിക് ശ്രമിക്കണമായിരുന്നു. പക്ഷെ അതു ചെയ്തില്ല. താന്‍ ഫിനിഷറാണെന്നു കാണിക്കാനും മറ്റുളളവര്‍ക്കു മുന്നില്‍ ആളാവാനുമാണ് ആ സിക്‌സറടിച്ചതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.