വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന്റെ വിജയമാണ് നേടിയെടുത്തത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ആധിപത്യം കാട്ടിയ ഇന്ത്യ ആതിഥേയരെ നാണംകെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. ആദ്യം ബാറ്റുചെയ്ത വെസ്റ്റ് ഇന്‍ഡീസ് 114 റണ്‍സിന് കൂടാരം കയറിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 163 പന്തുകള്‍ ബാക്കിയാക്കി വിജയം നേടിയെന്നതാണ് എടുത്തു പറയേണ്ടത്.
ആദ്യ മത്സരത്തിലെ ഇന്ത്യയുടെ വിജയത്തിന്റെ ആഹ്ലാദത്തിനിടെയിലും സഞ്ജു സാംസണിനോട് കാട്ടുന്ന അവഗണന ആരാധകരെ നിരാശരാക്കിയിരുന്നു. ഇതിനിടെ സൂര്യകുമാര്‍ സഞ്ജു സാംസണിന്റെ ഒമ്പതാം നമ്പര്‍ ജേഴ്‌സി അണിഞ്ഞ് കളിക്കാനിറങ്ങിയതും ആരാധകരുടെ നിരാശ ഉയര്‍ത്തുന്നതായിരുന്നു. സൂര്യകുമാറിന്റെ നടപടിയില്‍ നന്ദി പറഞ്ഞും വിമര്‍ശിച്ചും ആരാധക പ്രതികരണങ്ങളുണ്ടായിരുന്നു.
രണ്ടാം ഏകദിനം ഇന്ന് നടക്കാനിരിക്കെ സഞ്ജു സാംസണിന് പ്ലേയിങ് 11 ഇടമുണ്ടാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇതിനിടെ സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു ആരാധകന്‍ പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്. സഞ്ജു സാംസണെ കളിപ്പിച്ചില്ലെങ്കിലും ആദ്യ മത്സരത്തില്‍ ഇന്ത്യ രാജസ്ഥാന്‍ റോയല്‍സിലെ സഞ്ജുവിന്റെ തന്ത്രങ്ങളാണ് പയറ്റിയതെന്നാണ് ആരാധകന്‍ ചൂണ്ടിക്കാട്ടുന്നത്. രോഹിത് ശര്‍മ പോലും സഞ്ജുവിനെ രഹസ്യമായി കോപ്പിയടിക്കുകയാണ്.
രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജു ബാറ്റിങ് ഓഡറില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ മടികാട്ടിയിരുന്നില്ല. ബൗളര്‍മാരെ ടോപ് ഓഡറില്‍ കളിപ്പിക്കാന്‍ പോലും സഞ്ജു തയ്യാറായിരുന്നു. മികവുള്ള പ്രതിഭകള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കാനും എതിരാളികളെ അപ്രതീക്ഷിത നീക്കത്തിലൂടെ ഞെട്ടിക്കാനുമുള്ള സഞ്ജുവിന്റെ മാസ്റ്റര്‍ ക്ലാസുകളിലൊന്നാണ് ഈ തന്ത്രം. രാജസ്ഥാനില്‍ പല വട്ടം ഇത് സഞ്ജു നടപ്പാക്കിയിട്ടുണ്ട്. കൂടുതല്‍ തവണയും ഈ പദ്ധതി പാളുകയാണുണ്ടായത്.

ഇതിന്റെ പേരില്‍ സഞ്ജുവിനെതിരേ വലിയ വിമര്‍ശനം ഉയരുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് യുവതാരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതും മാച്ച് വിന്നറാവാന്‍ അവസരമൊരുക്കുകയും ചെയ്യുന്ന കാര്യമാണ്. സഞ്ജുവിന്റെ ഇതേ മാതൃകയാണ് രോഹിത് ശര്‍മ ഒന്നാം ഏകദിനത്തില്‍ പിന്തുടര്‍ന്നത്. ഇന്ത്യയുടെ ബാറ്റിങ് ഓഡറില്‍ വലിയ പൊളിച്ചെഴുത്ത് നടത്തിയ രോഹിത് യുവതാരങ്ങള്‍ക്ക് അവസരം നല്‍കി സ്വയം പിന്നോട്ടിറങ്ങി.
വിരാട് കോലിയെ ബാറ്റ് ചെയ്യാന്‍ ഇറക്കിയുമില്ല. യുവതാരങ്ങള്‍ക്ക് മികവ് കാട്ടാന്‍ രോഹിത് വഴിയൊരുക്കുകയാണ് ചെയ്തത്. അപൂര്‍വ്വമായാണ് ഇത്തരമൊരു ബാറ്റിങ് ഓഡറിനെ ഇന്ത്യ പരീക്ഷിച്ചത്. രോഹിത് ഇത് സഞ്ജുവിനെ മാതൃകയാക്കിയതാണെന്നാണ് സഞ്ജു ആരാധകര്‍ പറയുന്നത്. ഇതിന്റെ വസ്തുത എന്തുതന്നെയായാലും രാജസ്ഥാനില്‍ ഇത്തരം നീക്കങ്ങള്‍ സഞ്ജു നിരവധി തവണ നടത്തിയിട്ടുള്ളതാണ്. ബാറ്റിങ് ഓഡറില്‍ വലിയ മാറ്റം വരുത്താന്‍ യാതൊരു മടിയുമില്ലാത്ത നായകനാണ് സഞ്ജു.
സഞ്ജുവിനെ രണ്ടാം ഏകദിനത്തിലും പരിഗണിക്കാതിരുന്നാല്‍ താരത്തിന്റെ ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് ടീമുകളിലിടം എന്ന മോഹത്തിനത് വലിയ തിരിച്ചടിയായി മാറിയേക്കും. 66 ശരാശരിയുള്ള സഞ്ജു സാംസണിനെ പുറത്തിരുത്തിയാണ് ഇന്ത്യ സൂര്യകുമാര്‍ യാദവിന് തുടര്‍ച്ചയായി അവസരം നല്‍കുന്നത്. സൂര്യ ടി20യില്‍ ഗംഭീര റെക്കോഡുള്ള താരമാണെങ്കിലും ഏകദിനത്തില്‍ ശരാശരിയിലും താഴെയാണ് പ്രകടനമുള്ളത്.
എന്നാല്‍ സഞ്ജുവിന്റെ പ്രതിഭയെ മനപ്പൂര്‍വ്വം അവഗണിച്ച് സൂര്യകുമാറിന് അവസരം നല്‍കുകയാണ് ടീം മാനേജ്‌മെന്റ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനെന്ന മുന്‍തൂക്കത്തില്‍ ഇഷാന്‍ കിഷന്‍ പ്ലേയിങ് 11 ഇടം പിടിക്കുന്നതിനെ തെറ്റു പറയാനാവില്ല. എന്നാല്‍ സൂര്യകുമാറിനെ പരിഗണിക്കുന്നതിന് പിന്നില്‍ രോഹിത് ശര്‍മയുടെ മുംബൈ സ്‌നേഹമുണ്ടെന്ന് തന്നെ വിലയിരുത്താം. ടി20 പരമ്പരയിലും സഞ്ജുവിനെ പുറത്തിരുത്തിയാല്‍ ലോകകപ്പില്‍ സീറ്റ് നേടുക പ്രയാസമായി മാറും.
സഞ്ജുവിന് അവസരം നല്‍കുകയും മികവ് കാട്ടുകയും ചെയ്താല്‍ ലോകകപ്പ് ടീമിലേക്കടക്കം പരിഗണിക്കേണ്ടി വരും. മികവ് കാട്ടിയിട്ടും തഴഞ്ഞാല്‍ വലിയ സൈബര്‍ ആക്രമണം നേരിടേണ്ടി വരുമെന്ന് അവര്‍ക്കറിയാം. അതുകൊണ്ടുതന്നെ സഞ്ജുവിനെ കളിപ്പിക്കാതെ പതിയ ടീമില്‍ നിന്ന് പുറത്താക്കാനുള്ള നടപടിയാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.