വെസ്റ്റ് ഇന്‍ഡീസുമായുള്ള മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ താരം സഞ്ജു സാംസണിന്റെ അഗ്രസീവ് ബാറ്റിങ് സമീപനത്തെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മുന്‍ താരം അഭിഷേക് നായര്‍. നാലാം നമ്പറില്‍ ഇറങ്ങിയ സഞ്ജു ചടുലമായ ഇന്നിങ്‌സായിരുന്നു കാഴ്ചവച്ചത്. ആദ്യ ബോള്‍ മുതല്‍ ബൗളര്‍മാര്‍ക്കു മേല്‍ ആധിപത്യം നേടാനായിരുന്നു അദ്ദേഹം ശ്രമിച്ചത്. ഇതില്‍ വിജയിക്കുകുയും ചെയ്തു.
41 ബോളില്‍ നാലു സിക്‌സറും രണ്ടു ഫോറുമടക്കം 51 റണ്‍സ് അടിച്ചെടുത്താണ് സഞ്ജു ക്രീസ് വിട്ടത്. ഇന്ത്യയെ 351 റണ്‍സെന്ന കൂറ്റന്‍ ടോട്ടലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാവും അദ്ദേഹത്തിനു സാധിച്ചു. പരമ്പരയിലെ ആദ്യ കളിയില്‍ സഞ്ജുവിനു പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. രണ്ടാം ഏകദിനത്തില്‍ വിരാട് കോലിക്കു വിശ്രമം നല്‍കിയതോട മൂന്നാം നമ്പറില്‍ അദ്ദേഹത്തിനു നറുക്കുവീഴുകയായിരുന്നു.

പക്ഷെ ഈ അവസരം സഞ്ജു പാഴാക്കുകയായിരുന്നു. ഫോറോ, സിക്‌സറോയില്ലാതെ ക്രീസില്‍ തട്ടിയും മുട്ടിയും നിന്ന സഞ്ജു ഒമ്പതു റണ്‍സ് മാത്രമെടുത്ത് ക്രീസ് വിടുകയായിരുന്നു. പക്ഷെ ടീം മാനേജ്‌മെന്റ് വീണ്ടുമൊരു അവസരം കൂടി നല്‍കിയപ്പോള്‍ അദ്ദേഹം തന്റെ യഥാര്‍ഥ മികവ് തെളിയിക്കുകയും ചെയ്തു.
ജിയോ സിനിമയുടെ ചര്‍ച്ചയില്‍ ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള മല്‍സരത്തെക്കുറിച്ച് വിശകലനം നടത്തവെയായിരുന്നു സഞ്ജുവിന്റെ നിര്‍ഭയമായ ബാറ്റിങ് ശൈലിയെ അഭിഷേക് പുകഴ്ത്തിയത്. വിന്‍ഡീസ് സ്പിന്നര്‍ യാനിക് കറേയക്കെതിരേ തന്റെ ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ സഞ്ജു രണ്ടു സിക്‌സറുകള്‍ പറത്തിയിരുന്നു.
തൊട്ടുമുമ്പത്തെ കളിയില്‍ അദ്ദേഹത്തിന്റെ വിക്കറ്റെടുത്തത് കറേയയായിരുന്നു. ലെഗ് സ്പിന്നര്‍ക്കെതിരേ സഞ്ജു പലപ്പോഴും പതറാറുണ്ടെന്നത് പലരും ചൂണ്ടിക്കാട്ടുന്നാ കാര്യവുമാണ്. ഇതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിനു മറുപടിയായാണ് സഞ്ജുവിനെ അഭിഷേക് പുകഴ്ത്തിയത്.
സഞ്ജുവില്‍ ഞാന്‍ വളരെയധികം സന്തോഷവാനാണ്. ഒരു യുവതാരം ഒരു മല്‍സരത്തില്‍ സ്പിന്നറുടെ ബൗളിങില്‍ പുറത്തായാല്‍ തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ എങ്ങനെയായിരിക്കും ആ സ്പിന്നറെ നേരിടുകയെന്നു നിങ്ങള്‍ കണ്ടിട്ടുണ്ടാവും. പക്ഷെ സഞ്ജു ഒട്ടും ഭയമില്ലാതെ, അറ്റാക്കിങ് സമീപനമാണ് തന്നെ പുറത്താക്കിയ ബൗളര്‍ക്കെതിരേ സ്വീകരിച്ചത്.
സഞ്ജു വളരെ അഗ്രസീവായി ബാറ്റ് ചെയ്തതില്‍ ഞാന്‍ സന്തോഷവാനാണ്. ഐപിഎല്ലിലും നമ്മള്‍ ഇതു കണ്ടിട്ടുള്ളതാണ്. ലെഗ് സ്പിന്നര്‍ വനിന്ദു ഹസരംഗ പുറത്താക്കിയപ്പോള്‍ അതിനു ശേഷം ആര്‍സിബിക്കെിരേയുള്ള മല്‍സരങ്ങളില്‍ ഹസരംഗയെ സഞ്ജു ആക്രമിച്ചു കളിച്ചതായി നമുക്കു കാണാന്‍ കഴിയുമെന്നും അഭിഷേക് വിലയിരുത്തി.
സഞ്ജുവിന്റെ ഈ മാനസികാവസ്ഥ ഞാന്‍ വളരെയധികം ഇഷ്ടപ്പെടുന്നു. കാരണം നിങ്ങള്‍ ജന്‍മനാതന്നെ എത്ര മാത്രം നിര്‍ഭയനാണെന്നാണ് ഇതു കാണിച്ചു തരുന്നത്. ക്രീസിലെത്തിയതിനു ശേഷം വമ്പന്‍ ഷോട്ട് കളിക്കണമെന്നു നിങ്ങള്‍ സഞ്ജുവിനോടു ഒരിക്കലും ആവശ്യപ്പെടേണ്ട കാര്യമില്ല.
അത്തരം സാഹചര്യങ്ങളില്‍ ആ ബൗളറെ ഞാന്‍ ആക്രമിക്കാന്‍ പോവുകയാണെന്നും, ബൗള്‍ ചെയ്യാന്‍ അനുവദിക്കുകയില്ലെന്നുമുള്ള തീരുമാനം അദ്ദേഹം സ്വയം എടുക്കുകയാണ് ചെയ്യാറുള്ളതെന്നും അഭിഷേക് കൂട്ടിച്ചേര്‍ത്തു.

സഞ്ജുവിനു അവസരങ്ങള്‍ നല്‍കണമെന്നു നിരന്തരം പല കോണുകളില്‍ നിന്നും ആവശ്യമുയരുന്നത് എന്തുകൊണ്ടാണ് എന്നതിന്റെ തെളിവ് കൂടിയായിരുന്നു കഴിഞ്ഞ മല്‍സരത്തിലെ പ്രകടനമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനു തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കൂയെന്നു ആളുകള്‍ പറയുന്നത് ഇതു കൊണ്ടാണ്.
വളരെ ആകര്‍ഷകമായ ഇന്നിങ്‌സ് കളിച്ച് ഗെയിമിന്റെ താളം തന്നെ മാറ്റാന്‍ അദ്ദേഹത്തിനു സാധിക്കുന്നുവെന്നും അഭിഷേക് നിരീക്ഷിച്ചു. സഞ്ജുവിന്റെ ഇന്നിങ്‌സ് കഴിഞ്ഞ മല്‍സരത്തില്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെയും ബാറ്റിങില്‍ സഹായിച്ചിട്ടുണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
സഞ്ജു നേടിയത് 51 റണ്‍സ് മാത്രമാണെങ്കിലും ഈ ഇന്നിങ്‌സിന്റെ ഇംപാക്ട് കാരണം തുടര്‍ന്നു ക്രീസിലെത്തിയ ഹാര്‍ദിക്കിനു ക്രീസില്‍ നിലയുറപ്പിക്കാന്‍ സമയം ലഭിച്ചു. അതാണ് പിന്നീട് അത്തരമൊരു അഗ്രസീവ് ഇന്നിങ്‌സ് കളിക്കാന്‍ അദ്ദേഹത്തെ സഹായിച്ചത്. സഞ്ജു നേടിയ റണ്‍സ് കളിയിലുണ്ടാക്കിയ ഇംപാക്ട് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും അഭിഷേക് കൂട്ടിച്ചേര്‍ത്തു.