ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റ് ആവേശകരമായി പുരോഗമിക്കുകയാണ്. ആദ്യ മത്സരത്തില്‍ ഇന്നിങ്‌സ് ജയം നേടിയ ഇന്ത്യക്ക് രണ്ടാം ടെസ്റ്റില്‍ ജയം എളുപ്പമാവില്ല. ശക്തമായ പോരാട്ടമാണ് വിന്‍ഡീസ് കാഴ്ചവെക്കുന്നത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 438 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റിന് 229 റണ്‍സെന്ന ഭേദപ്പെട്ട നിലയിലാണ്. ആദ്യ മത്സരത്തിലെ തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് ആതിഥേയര്‍ കളിക്കുന്നത്.
സമനിലയ്ക്കായാണ് വെസ്റ്റ് ഇന്‍ഡീസ് ശ്രമിക്കുന്നതെന്ന് പറയാം. ഒന്നാം വിക്കറ്റില്‍ 71 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ച വെസ്റ്റ് ഇന്‍ഡീസിനെ പിന്നീട് സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യക്കായി. ഇപ്പോഴിതാ രണ്ടാം ടെസ്റ്റിലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ തന്ത്രങ്ങളെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ദിനേഷ് കാര്‍ത്തിക്. ക്രിക് ബസിനോട് സംസാരിക്കവെയാണ് രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ കാര്‍ത്തിക് പ്രശംസിച്ചത്.
'രഞ്ജി ട്രോഫിയില്‍ നിരവധി തവണ ഡെഡ് പിച്ചുകളില്‍ ബാറ്റ് ചെയ്തിട്ടുള്ളയാളാണ് ഞാന്‍. ട്രിനിഡാഡിലെ പിച്ച് അത്തരത്തിലുള്ളതാണെന്നാണ് കരുതുന്നത്. രോഹിത് ശര്‍മ പേസ് ബൗളര്‍മാരെ നന്നായി കൈകാര്യം ചെയ്തു. കൃത്യമായ സമയത്ത് സ്‌പെല്ലുകള്‍ മാറ്റി. പേസര്‍മാരെ അനുയോജ്യമായ സമയത്ത് തിരിച്ചുവിളിച്ചു. സ്പിന്നര്‍മാരെ കൃത്യമായി ഉപയോഗിക്കാനും രോഹിത്തിനായി.
പന്തിന് നല്ല റിവേഴ്‌സ് സ്വിങ് ലഭിക്കാന്‍ തുടങ്ങിയപ്പോള്‍ മുഹമ്മദ് സിറാജിനെ പന്തേല്‍പ്പിച്ചു. അവന്‍ നന്നായി പന്തെറിയുകയും ചെയ്തു. എന്നാല്‍ പ്രതിരോധിച്ച് കളിക്കണമെന്ന് അടിയുറച്ച് വിശ്വസിച്ച് ബാറ്റുചെയ്യുന്ന താരങ്ങള്‍ക്കെതിരേ വിക്കറ്റ് നേടിയെടുക്കുക പ്രയാസമായിരിക്കുമെന്ന് പറയാം. മത്സരം നടന്നിട്ട് മൂന്ന് ദിവസമേ ആയുള്ളു. അതുകൊണ്ടുതന്നെ ഇന്ത്യ ജയിക്കാന്‍ വളരെ വളരെ സാധ്യതകളുണ്ട്. സമനില സാധ്യതയും തള്ളിക്കളയാനാവില്ല. സമനിലയ്ക്കാണ് വിന്‍ഡീസ് കളിക്കുന്നത്. എന്നാല്‍ ഇന്ത്യ വിജയത്തിനായാണ് പോരടിക്കുന്നത്.

വേഗത്തില്‍ അടുത്ത അഞ്ച് വിക്കറ്റ് വീഴ്ത്താനാണ് ഇന്ത്യ ശ്രമിക്കേണ്ടത്. അടുത്ത 40-45 ഓവറിനുള്ളില്‍ ഇത് സംഭവിക്കേണ്ടതായുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യ ശക്തമായി മത്സരത്തിലേക്ക് തിരിച്ചുവരാനും സാധ്യതയുണ്ട്'- ദിനേഷ് കാര്‍ത്തിക് പറഞ്ഞു. ഇന്ത്യന്‍ ബൗളര്‍മാരില്‍ നിന്ന് അത്ഭുത പ്രകടനമല്ല രണ്ടാം മത്സരത്തില്‍ ഉണ്ടായിരിക്കുന്നത്. രവീന്ദ്ര ജഡേജ രണ്ടും ആര്‍ അശ്വിനും മുകേഷ് കുമാറും മുഹമ്മദ് സിറാജും ഓരോ വിക്കറ്റുകളും വീഴ്ത്തി. ജയദേവ് ഉനദ്ഘട്ടിന് ഒരു വിക്കറ്റ് പോലും നേടാനായിട്ടില്ല.
ഇന്ത്യന്‍ ബൗളര്‍മാരെ തളര്‍ത്തുന്ന തരത്തിലുള്ള പ്രതിരോധമാണ് വെസ്റ്റ് ഇന്‍ഡീസ് കാഴ്ചവെക്കുന്നത്. ആദ്യ മത്സരത്തില്‍ നാണംകെട്ട വെസ്റ്റ് ഇന്‍ഡീസിന് രണ്ടാം മത്സരത്തിലും തോല്‍വി നേരിടേണ്ടി വന്നാല്‍ അത് വലിയ ക്ഷീണമാവും. അതുകൊണ്ടുതന്നെ എന്തുവിലകൊടുത്തും സമനില നേടുകയെന്നതാണ് ആതിഥേയരുടെ ലക്ഷ്യം. അതുകൊണ്ടാണ് അമിത പ്രതിരോധം കാഴ്ചവെക്കുന്നത്. ഇതിനെ മറികടക്കാന്‍ ശക്തമായ ബൗളിങ് പ്രകടനം നാലാം ദിനം ഇന്ത്യക്ക് കാഴ്ചവെക്കേണ്ടതായുണ്ട്.
പിച്ചില്‍ ബൗളിങ്ങിന് വലിയ മുന്‍തൂക്കം നല്‍കാത്ത സാഹചര്യത്തില്‍ ഇന്ത്യക്ക് വിന്‍ഡീസിനെ ഓള്‍ഔട്ടാക്കുക വളരെ പ്രയാസമായിരിക്കുമെന്ന് പറയാം. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് നിര്‍ണ്ണായകമാവുക ശുബ്മാന്‍ ഗില്ലിന്റെയും യശ്വസി ജയ്‌സ്വാളിന്റെയും ബാറ്റിങ്ങാണെന്നാണ് കാര്‍ത്തിക് പറയുന്നത്. 'ശുബ്മാന്റെയും ജയ്‌സ്വാളിന്റെയും ബാറ്റിങ്ങാണ് വളരെ പ്രധാനപ്പെട്ടത്. ആക്രമിച്ച് കളിക്കാന്‍ കഴിവുള്ള താരമാണ് ജയ്‌സ്വാള്‍.
ആക്രമണോത്സകത കാട്ടുമ്പോഴാണ് അവനില്‍ നിന്ന് ബെസ്റ്റ് പ്രകടനം ഉണ്ടാകുന്നത്. നമുക്ക് വിരാട് കോലിയും രോഹിത് ശര്‍മയുമുണ്ടെങ്കിലും ശുബ്മാന്‍ ഗില്ലിലേക്കാണ് എന്റെ കണ്ണ് പോകുന്നത്. അവനില്‍ നിന്ന് പ്രതീക്ഷിച്ച പ്രകടനമല്ല ഇപ്പോള്‍ കാണുന്നത്. എന്നാല്‍ റണ്‍സടിക്കാനുള്ള വാശി അവനുണ്ട്. ഒന്നോ രണ്ടോ മികച്ച ഷോട്ടുകളിലൂടെ അവന്‍ ഫോം കണ്ടെത്തിയേക്കും'- കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.