വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നും യുവ താരം സര്‍ഫറാസ് ഖാനെ തഴഞ്ഞതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ ടീമിനായി റണ്‍സ് വാരിക്കൂട്ടിയിട്ടും സെലക്ടര്‍മാര്‍ ഒരിക്കല്‍ക്കൂടി സര്‍ഫറാസിനു നേരെ കണ്ണടയ്ക്കുകയായിരുന്നു.
വെറ്ററന്‍ ബാറ്റര്‍ ചേതേശ്വര്‍ പുജാര ടെസ്റ്റ് ടീമില്‍ നിന്നുമൊഴിവാക്കപ്പെട്ടതിനാല്‍ പകരക്കാരനായി സര്‍ഫറാസിനു നറുക്കു വീഴുമെന്നായിരുന്നു എല്ലാവരും ഉറപ്പിച്ചിരുന്നത്. പക്ഷെ ഓപ്പണിങ് ബാറ്റര്‍മാരായ യശസ്വി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക്വാദ് എന്നിവരെ ആദ്യമായി ടെസ്റ്റ് ടീമിലുള്‍പ്പെടുത്തിയ സെലക്ടര്‍മാര്‍ സര്‍ഫറാസിനെ പരിഗണിക്കാന്‍ തയ്യാറായില്ല.

യഥാര്‍ഥത്തില്‍ എന്താണ് സര്‍ഫറാസിനു ഇന്ത്യന്‍ ടീമിലേക്കുള്ള പ്രവേശനം നിഷേധിക്കുന്നത്? മുന്‍ താരങ്ങളും ആരാധകരുമെല്ലാം ചോദിച്ചു കൊണ്ടിരിക്കുന്ന കാര്യമാണിത്. സര്‍ഫറാസിന്റെ അമിതവണ്ണത്തെ നേരത്തേ തന്നെ പലരും വിമര്‍ശിച്ചിട്ടുണ്ട്. ഒരു കായിക താരത്തിനു ചേര്‍ന്ന ശരീരമല്ല അദ്ദേഹത്തിന്റേതെന്നും മതിയായ ഫിറ്റ്‌നസില്ലാത്തതു കൊണ്ടാവാം സെലക്ടര്‍മാര്‍ തഴയുന്നതുമെല്ലാം ആരാധകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നിലവില്‍ കളിക്കാരുടെ ഫിറ്റ്‌നസ് നിലവാരം അളക്കാന്‍ യോ- യോ ടെസ്റ്റാണ് ബിസിസിഐ ഉപയോഗിക്കുന്നത്. ഈ ടെസ്റ്റില്‍ ഒരു നിശ്ചിത സ്കോറിനു മുകളില്‍ ലഭിക്കുന്നവരെ മാത്രമേ ടീം സെലക്ഷനു പരിഗണിക്കാറുള്ളൂ. യോ- യോ ടെസ്റ്റില്‍ പരാജയപ്പെടുന്നവര്‍ ഇന്ത്യന്‍ ടീം സെലക്ഷനു അര്‍ഹരുമല്ല.
യോ- യോ ടെസ്റ്റില്‍ പരാജയപ്പെടുന്നതു കാരണമായിരിക്കാം സര്‍ഫറാസിനെ ഇത്രയും മികച്ച ഫോമിലായിട്ടും വീണ്ടും വീണ്ടും തഴയുന്നതെന്നു പലരും അഭിപ്രായപ്പെട്ടിരുന്നു. യഥാര്‍ഥത്തില്‍ ഇതില്‍ കഴമ്പുണ്ടോ? വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കും മുമ്പുള്ള ഫിറ്റ്‌നസ് ടെസ്റ്റില്‍ സര്‍ഫറാസിന്റെ സ്‌കോര്‍ എത്ര ആയിരുന്നെന്നു അറിയാം.
ഇന്ത്യന്‍ ടെസ്റ്റ് ടീം പ്രഖ്യാപനത്തിനു മുമ്പ് സംഘടിപ്പിച്ച യോ- യോ ടെസ്റ്റില്‍ സര്‍ഫറാസ് ജയം നേടിയിരിന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. യോ-യോ ടെസ്റ്റില്‍ താരത്തിനു ലഭിച്ചിരിക്കുന്ന സ്‌കോര്‍ 16.5 ആണെന്നു പിടിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സ്‌കോര്‍ ലഭിക്കുന്ന താരം ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിച്ചതായിട്ടാണ് പരിഗണിക്കുക.

അതുകൊണ്ട് തന്നെ ഫിറ്റ്‌നസില്ലാത്തതു കാരണമല്ല സര്‍ഫറാസിനെ വിന്‍ഡീസ് പര്യടനത്തില്‍ നിന്നും ഒഴിവാക്കിയതെന്നും വ്യക്തമായിരിക്കുകയാണ്. ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ യോ- യോ ടെസ്റ്റ് ബിസിസിഐ വീണ്ടും നിര്‍ബന്ധമാക്കുകയായിരുന്നു. അതോടൊപ്പം ഡെക്‌സ ടെസ്റ്റും പുതുതായി അവതരിപ്പിച്ചിരുന്നു.
അതേസമയം, സര്‍ഫറാസിനെ ടെസ്റ്റ് ടീമില്‍ നിന്നും തഴഞ്ഞതിനെതിരേ മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കറുള്‍പ്പെടെയുള്ളവര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 100നടുത്ത് ശരാശരിയിലാണ് സര്‍ഫറാസ് സ്‌കോര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ അവന്‍ ഇനി എന്താണ് ചെയ്യേണ്ടത്?
പ്ലെയിങ് ഇലവനില്‍ ഇടം നേടിയില്ലെങ്കിലും സര്‍ഫറാസിനെ ടെസ്റ്റ് സ്‌ക്വാഡില്‍ ഇന്ത്യ ഉള്‍പ്പെടുത്തുക തന്നെ വേണം. അവന്റെ പ്രകടനങ്ങള്‍ അംഗീകരിക്കപ്പെട്ടിരിക്കുകയാണെന്നു പറയണം. അല്ലെങ്കില്‍ രഞ്ജി ട്രോഫിയില്‍ കളിക്കുന്നത് സര്‍ഫറാസ് അവസാനിപ്പിക്കണം. അതുകൊണ്ടു ഉപയോഗമില്ലെന്നു പറയുകയും വേണം. ഐപിഎല്ലില്‍ മാത്രം കളിച്ചതിനു ശേഷം റെഡ് ബോള്‍ ഗെയിമിലും കളിക്കാന്‍ നിങ്ങള്‍ യോഗ്യനാണെന്നു കരുതുകയും വേണമെന്നും ഗവാസ്‌കര്‍ വ്യക്തമാക്കിയിരുന്നു.