മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ഇന്ത്യയുടെ തോല്‍വി എല്ലാവരേയും നിരാശപ്പെടുത്തുന്നതാണ്. ആദ്യ രണ്ട് മത്സരവും തോറ്റ ഇന്ത്യ പിന്നീടുള്ള രണ്ട് മത്സരത്തിലും ഗംഭീര ജയം നേടി ഒപ്പമെത്തി. അവസാന മത്സരത്തില്‍ ജയിക്കുന്നവര്‍ പരമ്പര സ്വന്തമാക്കുമെന്നിരിക്കെ ഇന്ത്യയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച് വെസ്റ്റ് ഇന്‍ഡീസ് 3-2ന് പരമ്പര നേടിയെടുക്കുകയായിരുന്നു. നായകനെന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യക്കും വലിയ നാണക്കേടായി പരമ്പര മാറി.
ഇന്ത്യയുടെ തോല്‍വിയുടെ മുഖ്യ കാരണമായി ഹാര്‍ദിക്കിന്റെ മോശം പ്രകടനത്തേയും ക്യാപ്റ്റന്‍സിയേയുമാണ് ആരാധകര്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഇന്ത്യ പരമ്പര കൈവിട്ടതുമുതല്‍ ഹാര്‍ദിക്കിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഇപ്പോഴിതാ ഹാര്‍ദിക്കിന്റെ പാളിച്ച ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വെങ്കടേഷ് പ്രസാദ്. ഹാര്‍ദിക് ധോണിയെ അനുകരിക്കാന്‍ ശ്രമിക്കുകയാണെന്നും യാതൊരു പദ്ധതിയുമില്ലാതെയാണ് അവനെ മൈതാനത്ത് കണ്ടതെന്നുമാണ് പ്രസാദ് പറയുന്നത്.
'ഇന്ത്യന്‍ താരങ്ങളുടെ പ്രതിഭ ഇനിയും മെച്ചപ്പെടേണ്ടതായുണ്ട്. ക്യാപ്റ്റന്‍ ഉത്തരമില്ലാതെ നില്‍ക്കുന്നതാണ് കണ്ടത്. ബൗളര്‍മാര്‍ക്ക് ബാറ്റ് ചെയ്യാനാകില്ല. ബാറ്റ്‌സ്മാന് പന്തെറിയാനും സാധിക്കില്ല എന്ന അവസ്ഥയാണുള്ളത്. ഇഷ്ട താരങ്ങളെ കണ്ണടച്ച് വിശ്വസിക്കുന്ന രീതിയാണുള്ളത്. ടീം തിരഞ്ഞെടുപ്പിലെ സ്ഥിരത ഇപ്പോള്‍ കാണാനാവുന്നില്ല'- പ്രസാദ് പറഞ്ഞു. ടീമിന്റെ സംതുലിതാവസ്ഥയെക്കുറിച്ചാണ് വെങ്കടേഷ് ചൂണ്ടിക്കാട്ടിയത്.
നിലവിലെ ഇന്ത്യയുടെ ടി20 ടീമിനെ സംതുലിതമായ ടീമെന്ന് പറയാനാവില്ല. ഹാര്‍ദിക് പാണ്ഡ്യക്ക് പ്രകടന മികവുകൊണ്ട് മുന്നില്‍ നിന്ന് നയിക്കാന്‍ സാധിക്കുന്നില്ല. ടീമിലെ മറ്റ് താരങ്ങളുടെ പ്രകടനവും ഇതുപോലെ തന്നെയാണ്. സ്ഥിരതയില്ലെന്നതാണ് വസ്തുത. ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് യുവതാരങ്ങളെ വളര്‍ത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്ന യുവതാരങ്ങള്‍ക്കൊന്നും പ്രതീക്ഷിച്ച പ്രകടനം കാട്ടാനുമാവുന്നില്ല.

തങ്ങളുടേതായ ദിവസം കസറുമെങ്കിലും ഇന്ത്യയുടെ മാച്ച് വിന്നര്‍ റോളില്‍ സ്ഥിരതയോടെ തിളങ്ങാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ മികച്ച പ്ലേയിങ് 11 സൃഷ്ടിക്കുക ഇന്ത്യക്ക് കടുപ്പമായി മാറിയിരിക്കുകയാണ്. നിലവിലെ യുവതാരനിരയുമായി ഇന്ത്യക്ക് ലോകകപ്പ് കളിക്കാനാവില്ലെന്നുറപ്പ്. സീനിയര്‍ താരങ്ങള്‍ തിരിച്ചെത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
സമീപകാലത്തൊന്നും പ്രധാനപ്പെട്ട പരമ്പരകള്‍ നേടാന്‍ ഇന്ത്യക്കായിട്ടില്ല. കളിച്ച പ്രധാന ടൂര്‍ണമെന്റുകളെല്ലാം ഇന്ത്യ പരാജയപ്പെട്ടു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പ് പാളി. മികച്ച പേസര്‍മാരില്ലാതെ വിന്‍ഡീസ് ബാറ്റിങ് നിരയെ നേരിടാനെത്തിയത് തിരിച്ചടിയായി. വിരാട് കോലി, രോഹിത് ശര്‍മ എന്നിവരില്ലാതെ ഇറങ്ങിയാല്‍ ഇന്ത്യയുടെ ടി20 ടീമും ദുര്‍ബലമാവുമെന്ന് വ്യക്തമാക്കുന്നതായിരുന്നു നിലവിലെ പ്രകടനം.
വിരാട് കോലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവരില്ലാതെ ടി20 ലോകകപ്പിന് ഒരുങ്ങുകയെന്നതാണ് ഇന്ത്യയുടെ പദ്ധതി. എന്നാല്‍ ഇനി ആ പദ്ധതി പൊളിച്ചെഴുതാനുള്ള സാധ്യതയാണ് കൂടുതല്‍. യുവതാരങ്ങളെ മാത്രം പരിഗണിച്ച് ടി20 ലോകകപ്പിനിറങ്ങിയാല്‍ ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വന്നേക്കും. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ടി20 ടീമില്‍ ചില നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് ടീം തയ്യാറായേക്കും.
ഹാര്‍ദിക് പാണ്ഡ്യക്ക് ക്യാപ്റ്റന്‍സി നല്‍കുമ്പോള്‍ താരത്തിന്റെ പ്രകടനം മോശമാകുന്നു. ഫിനിഷര്‍ റോളില്‍ തിളങ്ങിയിരുന്ന ഹാര്‍ദിക് ഇപ്പോള്‍ അഞ്ചാം നമ്പറിലും ആറാം നമ്പറിലുമാണ് പ്രധാനമായും ബാറ്റിങ്ങിനിറങ്ങുന്നത്. രണ്ട് പൊസിഷനിലും താരം ഫ്‌ളോപ്പാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനോ മികച്ച സ്‌ട്രൈക്ക് റേറ്റില്‍ പോകാനോ ഹാര്‍ദിക്കിന് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ അധികനാള്‍ നായകനായി മുന്നോട്ട് പോകുവാനായേക്കില്ല.
അവസാന 10 ടി20 ഇന്നിങ്‌സില്‍ നിന്ന് ഒരു തവണ മാത്രമാണ് ഹാര്‍ദിക് 30 പ്ലസ് സ്‌കോര്‍ നേടിയത്. ബൗളിങ്ങിലും വലിയ മിടുക്കുകാട്ടുന്നില്ല. ഈ സാഹചര്യത്തില്‍ താരത്തിന് മുന്നോട്ടുള്ള യാത്ര എളുപ്പമാവില്ലെന്ന കാര്യം ഉറപ്പാണ്.