ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ നാല് റണ്‍സിന് തോറ്റ ഇന്ത്യ രണ്ടാം മത്സരത്തില്‍ രണ്ട് വിക്കറ്റിന്റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഇതോടെ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 2-0ന് പിന്നിലാവുകയും ചെയ്തു. രണ്ട് മത്സരത്തിലും ഇന്ത്യയുടെ ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് ടീമിനെ തളര്‍ത്തിയത്. മികച്ച യുവ ബാറ്റ്‌സ്മാന്‍മാര്‍ ഒപ്പമുണ്ടായിട്ടും ഇന്ത്യക്ക് പ്രതീക്ഷിച്ച നിലവാരത്തില്‍ കളിക്കാനാവുന്നില്ല.
ഇപ്പോഴിതാ രണ്ടാം മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കെതിരേ വിമര്‍ശനം ഉയര്‍ത്തുകയാണ് ആരാധകര്‍. ഹാര്‍ദിക്കിന്റെ മോശം ക്യാപ്റ്റന്‍സി ഇന്ത്യയുടെ തോല്‍വിക്ക് കാരണമായെന്നാണ് ആരാധകരുടെ വിമര്‍ശനം. ബാറ്റിങ്ങിനിറങ്ങി 18 പന്ത് നേരിട്ട് രണ്ട് സിക്‌സ് ഉള്‍പ്പെടെ 24 റണ്‍സും ബൗളിങ്ങിനിറങ്ങിയപ്പോള്‍ നാല് ഓവറില്‍ 35 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റും ഹാര്‍ദിക് നേടി. എന്നാല്‍ ക്യാപ്റ്റന്‍സി നിരാശപ്പെടുത്തി.
ഇന്ത്യയുടെ മുഖ്യ സ്പിന്നറായ യുസ് വേന്ദ്ര ചഹാലിന് നാല് ഓവര്‍ പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കാത്തതാണ് ആരാധകരെ കൂടുതല്‍ ചൊടിപ്പിക്കുന്നത്. 3 ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് ചഹാല്‍ വീഴ്ത്തിയത്. ഒരു വിക്കറ്റ് പോലും നേടാത്ത രവി ബിഷ്‌നോയ് നാല് ഓവര്‍ പന്തെറിഞ്ഞു. എന്നാല്‍ മികച്ച ഫോമിലുണ്ടായിട്ടും ചഹാലിന് ഒരോവര്‍ ബാക്കി. ഇന്ത്യയുടെ പ്രധാന സ്പിന്നറാണ് ചഹാല്‍. അവനെ വേണ്ടവിധം ഉപയോഗിക്കാന്‍ ഹാര്‍ദിക്കിനായില്ല.
ഇന്ത്യയുടെ ജേഴ്‌സി അണിഞ്ഞ് നായകനായി ഇറങ്ങിയിട്ട് വെസ്റ്റ് ഇന്‍ഡീസിനെ ജയിപ്പിക്കാനുള്ള തന്ത്രമാണ് ഹാര്‍ദിക് കാട്ടുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. എംഎസ് ധോണി ക്യാപ്റ്റന്‍ കൂളാണെങ്കില്‍ ഹാര്‍ദിക് ക്യാപ്റ്റന്‍ ക്ലൗണാണെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. ഏറ്റവും മികച്ച ഫോമില്‍ പന്തെറിയുന്ന ബൗളര്‍ക്ക് നാല് ഓവര്‍ പൂര്‍ത്തിയാക്കാന്‍ പോലും അവസരമൊരുക്കാത്തതിന് പിന്നിലെ കാരണം ഹാര്‍ദിക്കിന് മാത്രം അറിയാവുന്നതാണ്.

ചഹാല്‍ നന്നായി പന്തെറിഞ്ഞ് വരികെയാണ് പെട്ടെന്ന് അവനെ പിന്‍വലിച്ച് മുകേഷ് കുമാറിന് പന്ത് നല്‍കിയത്. ഇതാണ് മത്സരം ഇന്ത്യയുടെ കൈയില്‍ നിന്ന് നഷ്ടപ്പെടുത്തിയത്. ചഹാലിന് ഒരോവര്‍ കൂടി നല്‍കിയിരുന്നെങ്കില്‍ മത്സരഫലം ചിലപ്പോള്‍ മാറുമായിരുന്നു. പിച്ച് സ്പിന്നര്‍മാര്‍ക്ക് അനുകൂലമാണ്. ഇത് മുതലാക്കാന്‍ ചഹാലിനെപ്പോലെയൊരു ബുദ്ധിമാനായ ബൗളര്‍ക്ക് സാധിക്കും. എന്നാല്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ചഹാലില്‍ വിശ്വാസമില്ലെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു.
ഇന്ത്യയുടെ യുവ നിരയുമായി ടി20 പരമ്പര അനായാസം നേടാമെന്നായിരുന്നു ഹാര്‍ദിക്കിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഇന്ത്യക്ക് പുറത്ത് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്ന് ഇപ്പോള്‍ അദ്ദേഹത്തിന് ബോധ്യമായിട്ടുണ്ടാവും. വിരാട് കോലിയും രോഹിത് ശര്‍മയും ഇല്ലാതെ ഇന്ത്യന്‍ ടീം എത്രത്തോളം ദുര്‍ബലമാണെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ പ്രകടനം. ഹാര്‍ദിക്കിന് ടീമിന് ആത്മവിശ്വാസം നല്‍കി മുന്നോട്ട് കൊണ്ടുപോകാനാവുന്നില്ല.
തോറ്റവരുടെ ശരീര ഭാഷയിലാണ് ഇന്ത്യന്‍ താരങ്ങള്‍ കളിക്കുന്നത്. ആത്മവിശ്വാസം കാട്ടുന്നില്ല. വെസ്റ്റ് ഇന്‍ഡീസ് മാനസികമായി ആധിപത്യം നേടുകയാണ്. ഇതിനെ ചെറുക്കാന്‍ നായകനെന്ന നിലയില്‍ ഹാര്‍ദിക്കിന് ഒന്നും ചെയ്യാനാവുന്നില്ലെന്നും ആരാധകര്‍ പറയുന്നു. വെസ്റ്റ് ഇന്‍ഡീസിനോട് പരമ്പര കൈവിട്ടാല്‍ അത് വലിയ നാണക്കേടാവുമെന്നുറപ്പ്. അതുകൊണ്ടുതന്നെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് ജയിക്കേണ്ടത് അഭിമാന പ്രശ്‌നമാണ്.
പക്ഷെ ഹാര്‍ദിക് ഇത്തരത്തില്‍ മണ്ടത്തരം കാട്ടിയാല്‍ ജയം പ്രതീക്ഷിക്കാനാവില്ല. കുല്‍ദീപ് യാദവിനെ ഇന്ത്യ കളിപ്പിക്കാതിരുന്നത് മണ്ടന്‍ തീരുമാനമാണെന്നും യശ്വസി ജയ്‌സ്വാളിന് അടുത്ത മത്സരത്തിലെങ്കിലും അരങ്ങേറ്റത്തിന് അവസരം നല്‍കണമെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. തിലക് വര്‍മയുടെ പ്രകടനം കണ്ട് ടീമിലെ സൂപ്പര്‍ താരങ്ങള്‍ മാതൃകയാക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു. മൂന്നാം ടി20 നായകനെന്ന നിലയില്‍ ഹാര്‍ദിക്കിന് നിര്‍ണ്ണായകമാവുമെന്നുറപ്പ്.