IND vs WI: സഞ്ജു കണ്ടുപഠിക്കണം, ജിതേഷിന്റെ കഠിനാധ്വാനം ഗംഭീരം! മുന്നൊരുക്കം ഇങ്ങനെ
മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് പിന്നാലെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനൊരുങ്ങുകയാണ് ഇന്ത്യ. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിനവും അഞ്ച് മത്സരങ്ങളടങ്ങിയ ടി20യും രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റുമാണ് ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ കളിക്കുന്നത്. ലോകകപ്പ് മുന്നില്‍ക്കണ്ട് വലിയ മുന്നൊരുക്കത്തിലാണ് ഇന്ത്യ. വിന്‍ഡീസ് പരമ്പരയിലേക്ക് യുവതാരങ്ങളെയടക്കം പരിഗണിക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്.
ഇതിലൊരാളാണ് ജിതേഷ് ശര്‍മ. പഞ്ചാബ് കിങ്‌സിനൊപ്പം തകര്‍പ്പന്‍ പ്രകടനം നടത്തുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ ഭാവി മുന്നില്‍ക്കണ്ട് വളര്‍ത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഫിനിഷര്‍ റോളില്‍ മികവുകാട്ടുന്ന ജിതേഷ് ഡെത്തോവറുകളില്‍ കത്തിക്കയറുന്ന ബാറ്റ്‌സ്മാനാണ്. നിലവില്‍ ഇന്ത്യ വിക്കറ്റ് കീപ്പര്‍മാരായി സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍ എന്നിവരെയെല്ലാമാണ് പരിഗണിക്കപ്പെടുന്നത്. ഈ പട്ടികയിലേക്കാണ് ജിതേഷ് ശര്‍മയെത്തുന്നത്.
വിന്‍ഡീസ് പരമ്പരയിലേക്ക് ജിതേഷിന് വിളിയെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്. ഇപ്പോഴിതാ പരമ്പരയിലേക്ക് വിളിയെത്തുമെന്ന റിപ്പോര്‍ട്ടിന് പിന്നാലെ തന്റെ കഠിനാധ്വാനത്തെക്കുറിച്ചും മുന്നൊരുക്കത്തെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് ജിതേഷ് ശര്‍മ. റെഡ്ഡിഫ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് ജിതേഷ് തന്റെ പദ്ധതികളെക്കുറിച്ചും മുന്നൊരുക്കത്തെക്കുറിച്ചും മനസ് തുറന്നത്.
' എല്ലാ വര്‍ഷവും എന്റെ ഷോട്ടുകള്‍ മെച്ചപ്പെടുത്താനുള്ള ശ്രമം നടത്താറുണ്ട്. എല്ലാ ഷോട്ടുകളെക്കുറിച്ചും പഠിക്കാന്‍ ശ്രമിക്കാറുണ്ട്. ആ ഷോട്ടുകളെല്ലാം കളിച്ച് നോക്കുകയും അതിന്റെ വീഡിയോ പരിശോധിച്ച് ദൗര്‍ബല്യങ്ങള്‍ മനസിലാക്കുകയും ചെയ്യാറുണ്ട്. എന്റെ മത്സരത്തെ മെച്ചപ്പെടുത്തണമെന്നാണ് ആഗ്രഹിക്കുന്നത്. പരിശീലനത്തില്‍ വിട്ടുവീഴ്ച ചെയ്യാറില്ല. ഒരു ദിവസം 400 സിക്‌സെങ്കിലും നേടും. 40 പന്തുകളുള്ള പന്ത് സെക്ഷനായാണ് പരിശീലനം നടത്തുന്നത്.
ഓരോ സെക്ഷന് ശേഷവും അര മണിക്കൂറോ ഒരു മണിക്കൂറോ ഇടവേളയെടുക്കും. രണ്ട് ദിവസം ഇടവേളയെടുത്താണ് പരിശീലനം നടത്തുന്നത്. അല്ലെങ്കില്‍ മസിലിന് പ്രശ്‌നങ്ങളുണ്ടാവും'- ജിതേഷ് പറഞ്ഞു. ശ്രീലങ്കന്‍ പരമ്പരയില്‍ സഞ്ജു സാംസണിന് പരിക്കേറ്റപ്പോള്‍ പകരക്കാരന്റെ റോളില്‍ ജിതേഷിന് വിളിയെത്തിയിരുന്നു. എന്നാല്‍ കളിക്കാന്‍ അവസരം ലഭിച്ചില്ല. ഇതിനെക്കുറിച്ച് ജിതേഷ് പ്രതികരിച്ചു.

'വളരെ മികച്ച അനുഭവമായിരുന്നു ഇത്. ആ നീലക്കളര്‍ ജഴ്‌സി വ്യത്യമായ അനുഭവമാണ്. ഐപിഎല്ലിലും മികച്ച പോരാട്ടവീര്യത്തോടെയാണ് ടീമുകള്‍ കളിക്കുന്നത്. രാഹുല്‍ ദ്രാവിഡ് സാറുമായി സംസാരിച്ചു. തന്റെ ശക്തി തിരിച്ചറിഞ്ഞ് അതില്‍ വിശ്വാസം അര്‍പ്പിക്കുകയും കൂടുതല്‍ ശ്രദ്ധ നല്‍കുകയും ചെയ്യാനാണ് ദ്രാവിഡ് പറഞ്ഞത്. ടി20 ക്രിക്കറ്റില്‍ സാങ്കേതികതയെക്കാള്‍ മാനസികമായ കരുത്തിനാണ് പ്രാധാന്യം. കളത്തില്‍ എപ്പോഴും ആക്രമണോത്സകത കാട്ടാന്‍ ഇഷ്ടപ്പെടുന്നവരിലൊരാളാണ് ഞാന്‍.
എന്റെ സ്വഭാവവുമായി വളരെയധികം പൊരുത്തപ്പെട്ട് പോകുന്നതാണ് ടി20'-ജിതേഷ് പറഞ്ഞു. തന്റെ കരിയറില്‍ ലഭിക്കുന്ന വലിയ പിന്തുണയെക്കുറിച്ചും ജിതേഷ് തുറന്നുപറഞ്ഞു. 'പിതാവാണ് ഏറ്റവും വലിയ പ്രചോദനം. എല്ലാത്തിനെക്കുറിച്ചും കൃത്യമായ കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ട്. നീ 10ാം ക്ലാസില്‍ തോറ്റാലും പ്രശ്‌നമില്ല. എന്നാല്‍ സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അടിസ്ഥാനപരമായ വിവരം വേണം. എനിക്ക് എല്ലാ സ്വാതന്ത്ര്യവും അദ്ദേഹം നല്‍കിയിട്ടുണ്ട്'-ജിതേഷ് പറഞ്ഞു.
ക്രിക്കറ്റ് താരമായില്ലായിരുന്നെങ്കില്‍ പട്ടാളക്കാരന്‍ ആകാനാണ് ആഗ്രഹം. എന്റെ മുത്തച്ഛന്‍ പട്ടാളക്കാരനായിരുന്നു. അദ്ദേഹത്തിന്റെ കഥകള്‍ കേട്ട് പട്ടാളക്കാരനാവാന്‍ ആഗ്രഹിച്ചിരുന്നു. സത്യത്തില്‍ കായിക താരമായാല്‍ പട്ടാളത്തിലേക്കെത്താന്‍ നാല് മാര്‍ക്ക് അധികം ലഭിക്കുമെന്ന് കേട്ടിരുന്നു. അതുകൊണ്ടാണ് ക്രിക്കറ്റ് കളിക്കാന്‍ തീരുമാനിച്ചത്. പഞ്ചാബ് കിങ്‌സിലെത്തിയപ്പോഴാണ് ശ്രദ്ധ നേടാനായത്.
വസി ജാഫര്‍ സാറിന്റെ നിര്‍ദേശങ്ങള്‍ സഹായിച്ചു. അദ്ദേഹത്തെ നേരത്തെ പരിചയമുണ്ടായിരുന്നു. അദ്ദേഹം നല്‍കിയ പിന്തുണയും സ്വാതന്ത്ര്യവും ആത്മവിശ്വാസം ഉയര്‍ത്തുകയും പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്തു'-ജിതേഷ് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications