IND vs WI: റണ്‍ചേസില്‍ തുണച്ചത് ആവേശിന്റെ ഐഡിയ! വെളിപ്പെടുത്തി അക്ഷര്‍
വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന പരമ്പരയില്‍ തൂത്തുവാരലിനു കച്ചമുറുക്കുകയാണ് ടീം ഇന്ത്യ. രണ്ടാം ഏകദിനത്തില്‍ വമ്പന്‍ റണ്‍ചേസിനൊടുവില്‍ ത്രില്ലിങ് വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ ടീമിന്റെ അപ്രതീക്ഷിത ഹീറോയാവുകയും ചെയ്തിരുന്നു. പുറത്താവാതെ 64 റണ്‍സുമായാണ് താരം ഇന്ത്യയുടെ വിജയശില്‍പ്പിയായി മാറിയത്. വെറും 35 ബോളില്‍ അഞ്ചു സിക്‌സറും മൂന്നു ബൗണ്ടറികളുമുള്‍പ്പെട്ടതായിരുന്നു അക്ഷറിന്റെ ഇന്നിങ്‌സ്.
റണ്‍ചേസിനിടെ തന്റെ ബാറ്റിങ് പങ്കാളിയും ഫാസ്റ്റ് ബൗളറുമായ ആവേശ് ഖാന്‍ നല്‍കിയ ഒരു ഐഡിയ റണ്‍ചേസില്‍ തന്നെ സഹായിച്ചിട്ടുണ്ടെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് അക്ഷര്‍. ആവേശിന്റെ അരങ്ങേറ്റ മല്‍സരം കൂടിയായിരുന്നു ഇത്.

ഇന്ത്യന്‍ ഇന്നിങ്‌സിലെ 47ാമത്തെ ഓവറില്‍ റൊമാരിയോ ഷെഫേര്‍ഡിനെതിരേ അക്ഷര്‍ പട്ടേല്‍ മൂന്നു ബൗണ്ടറികളടക്കം 13 റണ്‍സ് അടിച്ചെടുത്തിരുന്നു. എന്നാല്‍ അതിനു ശേഷമുള്ള ഓവറുകളില്‍ അല്‍ സാറി ജോസഫ്, ജയ്ഡന്‍ സീല്‍സ് എന്നിവര്‍ക്കെതിരേ കൂടുതല്‍ ശ്രദ്ധയോടെയാണ് അക്ഷര്‍ ബാറ്റ് വീശിയത്.
48ാമത്തെ ഓവറില്‍ നാലും 49ാമത്തെ ഓവറില്‍ ഏഴും റണ്‍സ് മാത്രമേ ഇന്ത്യ നേടിയിരുന്നുള്ളൂ. സ്‌കോറിങിന വേഗത കുറച്ചതിനു പിന്നില്‍ ആവേശിന്റെ ഐഡിയ ആണെന്നാണ് അക്ഷര്‍ പറയുന്നത്.

ഞാന്‍ 49ാമത്തെ ഓവറില്‍ ബാറ്റ് ചെയ്യവെയാണ് ആവേശ് എന്നോടു ഒരു ഐഡിയ പറയുന്നത്. വിന്‍ഡീസിന്റെ മൂന്നു പ്രധാനപ്പെട്ട ബൗളര്‍മാരും അവരുടെ 10 ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയിരിക്കുകയാണെന്നായിരുന്നു ആവേശ് ഓര്‍മിപ്പിച്ചത്.

അതുകൊണ്ടു തന്നെ ഞാന്‍ ഈ ഓവര്‍ റിസ്‌കുകളെടുക്കാതെ ബാറ്റ് ചെയ്യുകയും ചെയ്തു. അവസാനത്തെ ഓവര്‍ ബൗള്‍ ചെയ്യുക പാര്‍ട്ട് ടൈം ബൗളറായിരിക്കുമെന്ന് എനിക്കറിയാമായിരുന്നു. അവസാന ഓവര്‍ എറിഞ്ഞ കൈല്‍ മയേഴ്‌സ് തന്റെ ലെങ്ത് മിസ്സ് ചെയ്യുകയും ചെയ്തതോടെ ഞാന്‍ അതു മുതലെടുക്കുകയും ചെയ്തതായി അക്ഷര്‍ പട്ടേല്‍ വിശദമാക്കി.
IPL: രോഹിത്തിനു ശേഷം അടുത്ത മുംബൈ ക്യാപ്റ്റനാര്? ഇവരിലൊരാളെ ഉറപ്പിക്കാം

312 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇന്ത്യ മൂന്നിന് 79 റണ്‍സെന്ന നിലയില്‍ പരുങ്ങലിലായിരുന്നു. നാലാം വിക്കറ്റില്‍ ശ്രേയസ് അയ്യരും സഞ്ജു സാംസണും ചേര്‍ന്നെടുത്ത 99 റണ്‍സ് ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടു വരികയായിരുന്നു. ടീം സ്‌കോര്‍ 178ല്‍ വച്ച് സൂര്യ പുറത്തായി. കന്നി ഫിഫ്റ്റിക്കു ശേഷം സഞ്ജു നിര്‍ഭാഗ്യകരമായ രീതിയില്‍ റണ്ണൗട്ടായതോടെ ഇന്ത്യ അഞ്ചിനു 205 റണ്‍സെന്ന നിലയിലായി. പിന്നീടായിരുന്നു ദീപക് ഹൂഡയുടെയും (33) അക്ഷറിന്റെയും ഇന്നിങ്‌സുകള്‍ ടീമിനു നാടകീയ ജയം സമ്മാനിച്ചത്.

മൂന്നു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ അവസാന ഓവറില്‍ എട്ടു റണ്‍സായിരുന്നു ഇന്ത്യക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യത്തെ മൂന്നു ബോളില്‍ രണ്ടു റണ്‍സ് മാത്രമേ ലഭിച്ചുള്ളൂ. എന്നാല്‍ നാലാമത്തെ ബോളില്‍ സിക്‌സറടിച്ച് അക്ഷര്‍ ടീമിനു നാടകീയ വിജയം സമ്മാനിക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications