Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: അശ്വിനും ജഡ്ഡുവും മാത്രമല്ല, രണ്ടാമങ്കത്തില്‍ അക്ഷറും കളിക്കണം! കാരണങ്ങള്‍

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള രണ്ടാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിനു വ്യാഴാഴ്ചയാണ് തുടക്കമാവുന്നത്. ഡൊമിനിക്കയില്‍ നടന്ന ഒന്നാമങ്കത്തില്‍ വമ്പന്‍ ജയം കൊയ്ത രോഹിത് ശര്‍മയും സംഘവും അടുത്ത ടെസ്റ്റും ജയിച്ച് പരമ്പര തൂത്തുവാരാനായിരിക്കും ശ്രമിക്കുക. അതിനു സാധിച്ചാല്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്താനും ഇന്ത്യക്കു കഴിയും.

ആദ്യ ടെസ്റ്റില്‍ സ്പിന്‍ ജോടികളായ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരുടെ മിന്നുന്ന പ്രകടമായിരുന്നു ഇന്ത്യക്കു അനായാസ വിജയമൊരുക്കിയത്. രണ്ടിന്നിങ്‌സുകളിലായി വീണ 20 വിക്കറ്റുകളില്‍ 17ഉം ഇരുവരും ചേര്‍ന്നു പങ്കിടുകയായിരുന്നു. അശ്വിന്‍ 12 വിക്കറ്റുകള്‍ പോക്കറ്റിലാക്കിയപ്പോള്‍ ജഡ്ഡുവിനു ലഭിച്ചത് അഞ്ചു വിക്കറ്റുകളാണ്.

AXAR PATEL

സ്പിന്‍ ബൗളിങിനെ അകമഴിഞ്ഞ് തുണച്ച സ്ലോ പിച്ചായിരുന്നു ഡൊമിനിക്കയിലേത്. ഇവിടെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ കൂടി ഇന്ത്യ കളിപ്പിച്ചിരുന്നെങ്കില്‍ അതു കൂടുതല്‍ ഇംപാക്ടുണ്ടാക്കുമായിരുന്നു. രണ്ടാം ടെസ്റ്റില്‍ അശ്വിന്‍, ജഡേജ എന്നിവര്‍ക്കൊപ്പം അക്ഷറിനെയും പ്ലെയിങ് ഇലവനിലേക്കു കൊണ്ടുവരാന്‍ ഇന്ത്യ ശ്രമിക്കേണ്ടതുണ്ട്. ഇതിന്റെ പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

രണ്ടാം ടെസ്റ്റിനു വേദിയാവുന്ന ക്വീന്‍സ് പാര്‍ക്ക് ഓവലിലെ പിച്ചും ചരിത്രപരമായി നോക്കിയാല്‍ സ്പിന്നര്‍മാരെ തുണയ്ക്കുന്നത് ആണെന്നതാണ് ആദ്യത്തെ കാരണം. ഇന്ത്യയുടെ മുന്‍ ഇതിഹാസ ഇടംകൈയന്‍ ലെഗ് സ്പിന്നര്‍ ബിഷന്‍ സിങ് ബേദി വിന്‍ഡീസില്‍ ആകെ നേടിയ 33 വിക്കറ്റുകളില്‍ 19ഉം ഈ വേദിയിലാണ്. ഓരോ 28.16 റണ്‍സിനും ഒരു വിക്കറ്റെന്ന രീതിയിലാണ് അദ്ദേഹം ഇവിടെ നേടിയിരിക്കുന്നത്. ബേദിയുടെ ഒരേയൊരു ഫൈഫറും ഇവിടെ തന്നെയാണ്.

ഇന്ത്യയുടെ മറ്റൊരു ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെ ടെസ്റ്റിലെ രണ്ടാം ഫൈഫര്‍ നേടിയതും ഇതേ വേദിയില്‍ തന്നെ. വിന്‍ഡീസില്‍ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റുകളെടുത്ത രണ്ടാമത്തെ സ്പിന്നറായ എസ് വെങ്കട്ടരാഘവന്‍ അദ്ദേഹത്തിന്റെ 39 വിക്കറ്റുകളില്‍ 19ഉം വീഴ്ത്തിയത് ഇതേ ഗ്രൗണ്ടിലാണ്. കൂടാതെ അദ്ദേഹത്തിന്റെ ഏക ഫൈഫറും ഈ വേദിയിലായിരുന്നു.

ഈ തരത്തില്‍ എല്ലാം കൊണ്ടും അക്ഷറിനു കസറാന്‍ പറ്റിയ സാഹചര്യങ്ങളെല്ലാം ക്വീന്‍സ് പാര്‍ക്കില്‍ ഉണ്ടെന്നു കാണാം. അതുകൊണ്ടു തന്നെ അദ്ദേഹത്തെ തഴയുകയാണെങ്കില്‍ അതു ഇന്ത്യ ചെയ്യുന്ന ഏറ്റവും വലിയ മണ്ടത്തരമായിരിക്കും.

ആദ്യ ടെസ്റ്റില്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറിനെ ബൗളിങില്‍ വളരെ കുറച്ചു മാത്രമേ ഇന്ത്യ ഉപയോഗിച്ചിരുന്നുള്ളൂ. ബാറ്റിങിലാവട്ടെ അദ്ദേഹത്തിനു അവസരം ലഭിച്ചതുമില്ല. സ്പിന്‍ അനുകൂല പിച്ചുകളില്‍ ബൗളിങില്‍ വലിയ ഇംപാക്ടുണ്ടാക്കാന്‍ ശര്‍ദ്ദുലിനു കഴിയാറില്ല.

AXAR PATEL

അതിനാല്‍ തന്നെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് തന്ത്രങ്ങളിലും അഴിച്ചുപണികള്‍ നടത്താന്‍ ടീം മാനേജ്‌മെന്റ് തയ്യാറാവണം. ഡൊമിനിക്ക ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ ഏഴോവറുകള്‍ മാത്രമാണ് ശര്‍ദ്ദുല്‍ ബൗള്‍ ചെയ്തത്. രണ്ടാമിന്നിങ്‌സില്‍ ഒരോവര്‍ പോലും അദ്ദേഹത്തെക്കൊണ്ട് നായകന്‍ രോഹിത് ബൗള്‍ ചെയ്യിച്ചതുമില്ല. ഗ്രൗണ്ടില്‍ കൂടുതല്‍ സമയവും ശര്‍ദ്ദുലിന് ഫീല്‍ഡറുടെ റോളായിരുന്നു.

ഇങ്ങനെയൊരാള്‍ക്കു പകരം സ്പിന്‍ അനുകൂല പിച്ചുകളില്‍ എന്തുകൊണ്ടും നല്ലത് അക്ഷര്‍ തന്നെയാണ്. ആദ്യ ടെസ്റ്റിലേതിനു സമാനമായ സാഹചര്യങ്ങള്‍ തന്നെയാണ് രണ്ടാം ടെസ്റ്റിലുമുള്ളത്. അതിനാല്‍ ശര്‍ദ്ദുലിനെക്കൊണ്ട് ടീമിനു കാര്യമായ പ്രയോജനവുമില്ല.

അക്ഷറിന്റെ മിന്നുന്ന ഫോമാണ് അദ്ദേഹത്തെ കളിപ്പിക്കേണ്ടതിന്റെ മറ്റൊരു കാരണം. ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങാന്‍ സാധിക്കുന്നയാളാണ് അദ്ദേഹം. സമീപകാലത്തു നിരവധി തവണ അക്ഷര്‍ ടീമിനായി ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്.

ഓസ്‌ട്രേലിയയുമായുള്ള കഴിഞ്ഞ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഏറ്റവുമധികം റണ്ണെടുത്ത മൂന്നാമത്തെ താരം അക്ഷറായിരുന്നു. 88 ശരാശരിയില്‍ 264 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. പിച്ച് സ്പിന്നിനെ തുണയ്ക്കുന്നതെങ്കില്‍ അക്ഷര്‍ കൂടുതല്‍ അപകടകാരിയായി മാറുമെന്നു മുന്‍ പ്രകടനങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാവും.

Story first published: Monday, July 17, 2023, 7:19 [IST]
Other articles published on Jul 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+