ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലൂടെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തിയ സ്റ്റാര്‍ ബാറ്റര്‍ അജിങ്ക്യ രഹാനെയുടെ സമയവും തെളിഞ്ഞിരിക്കുകയാണ്. അടുത്തതായി ടെസ്റ്റില്‍ ടീമിന്റെ നായകസ്ഥാനമാണ് അദ്ദേഹത്തെ കാത്തിരിക്കുന്നതെന്നാണ് പുറത്തുവരുന്ന സൂചനകള്‍. അടുത്ത മാസം വെസ്റ്റ് ഇന്‍ഡീസിനെതിരേ നടക്കാനിരിക്കുന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ടീം ഇന്ത്യയെ രഹാനെ നയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓസ്‌ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലേറ്റ പരാജയം നായകന്‍ രോഹിത് ശര്‍മയുടെ ഭാവി തുലാസില്‍ ആക്കിയിരിക്കുകയാണ്. അദ്ദേഹത്തെ സെ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍സിയില്‍ നിന്നും മാറ്റാനുള്ള നീക്കം ബിസിസിഐ ആരംഭിച്ചു കഴിഞ്ഞു. 36കാരനായ രോഹിത്തിനു ടെസ്റ്റില്‍ ഇനി അധിക കാലം കളിക്കാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ നായകസ്ഥാനത്തേക്കു മറ്റൊരാളെ കൊണ്ടുവരാനാണ് ബിസിസിഐയുടെ ശ്രമം.

ബാറ്റിങില്‍ രോഹിത് ശര്‍മയുടെ മോശം ഫോമും ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഡബ്ല്യുടിസി ഫൈനലില്‍ രണ്ടിന്നിങ്‌സുകളിലും അദ്ദേഹം വലിയ സ്‌കോറുകള്‍ നേടുന്നതില്‍ നിന്നും പരാജയപ്പെട്ടിരുന്നു. ഭേദപ്പെട്ട തുടക്കം ലഭിച്ച ശേഷം വിക്കറ്റ് വലിച്ചെറിയുകയന്ന പതിവു രീതി ഫൈനലിലും രോഹിത് ആവര്‍ത്തിക്കുകയായിരുന്നു.
ആദ്യ ഇന്നിങ്‌സില്‍ 15ഉം രണ്ടാമിന്നിങ്‌സില്‍ 43ഉം റണ്‍സാണ് അദ്ദേഹത്തിനു സ്‌കോര്‍ ചെയ്യാനായത്. അതിനു മുമ്പുള്ള ഐപിഎല്ലിലും ഹിറ്റ്മാന്‍ ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു. 20.75 ശരാശരിയില്‍ 332 റണ്‍സാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനു നേടാനായത്.
വരാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ രോഹിത് ശര്‍മ ഇന്ത്യക്കു വേണ്ടി കളിക്കുമോയെന്ന കാര്യം ഇനിയും ഉറപ്പായിട്ടില്ല. രണ്ടു ടെസ്റ്റുകള്‍ കൂടാതെ മൂന്ന് ഏകദിനങ്ങളും അഞ്ചു ടി20കളുമാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലുള്ളത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ മൂന്നാം സീസണിലെ ഇന്ത്യയുടെ ആദ്യ പരമ്പര കൂടിയായിയിരിക്കും വിന്‍ഡീസിലേത്. അതുകൊണ്ടു തന്നെ പരമ്പര തൂത്തുവാരി തുടക്കം ഗംഭീരമാക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം.
ഐപിഎല്ലിനിടെയും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലും രോഹിത് ശര്‍മ ക്ഷീണിതനായി കാണപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയോ, വൈറ്റ് ബോള്‍ പരമ്പരകളോ അദ്ദേഹത്തിനു നഷ്ടമായേക്കും. ഇതേക്കുറിച്ച് തീരുമാനമെടുക്കും മുമ്പ് സെലക്ടര്‍മാര്‍ രോഹിത്തിനോടു സംസാരിക്കുമെന്നായിരുന്നു ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചത്.
വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ പങ്കാളിത്തം സംബന്ധിച്ച് രോഹിത് ശര്‍മ വൈകാതെ തന്നെ തീരുമാനമെടുക്കും. നിലവില്‍ ഭാര്യക്കും മകള്‍ക്കുമൊപ്പം വിദേശത്തു അവധിക്കാലം ചെലവഴിക്കുകയാണ് അദ്ദേഹം. ടെസ്റ്റ് പരമ്പരയില്‍ നിന്നും രോഹിത് വിട്ടുനില്‍ക്കുകയാണെങ്കില്‍ ഇന്ത്യക്കു പുതിയൊരു റെഡ് ബോള്‍ ക്യാപ്റ്റനെ തിരഞ്ഞെടുക്കേണ്ടി വരും. അജിങ്ക്യ രഹാനെയ്ക്കായിരിക്കും ഈ റോളിലേക്കു നറുക്കുവീഴുകയെന്നാണ് വ്യക്തമായിരിക്കുന്നത്.

രഹാനെയെ സംബന്ധിച്ച് ക്യാപ്റ്റന്‍സിയെന്നത് പുതിയ കാര്യമല്ല. നേരത്തേ വിരാട് കോലി നായകനും രവി ശാസ്ത്രി കോച്ചുമായിരിക്കെ ദീര്‍ഘകാലം റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു അദ്ദേഹം. കോലിയുടെ അഭാവത്തില്‍ ടീമിനെ നയിച്ച രഹാനെ ഇവയില്‍ വിജയവും കൊയ്തിട്ടുണ്ട്.
ഇതില്‍ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കണ്ടത് 2021ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ടെസ്റ്റ് പരമ്പരയിലായിരുന്നു. ആദ്യ ടെസ്റ്റില്‍ ഇന്ത്യ 10 വിക്കറ്റിന്റെ വന്‍ പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെ ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് കോലി നാട്ടിലേക്കു മടങ്ങിയിരുന്നു. തുടര്‍ന്നു അജിങ്ക്യ രഹാനെയാണ് ശേഷിച്ച മൂന്നു ടെസ്റ്റുകളിലും ഇന്ത്യയെ നയിച്ചത്.
ആദ്യ ടെസ്റ്റിലെ തിരിച്ചടിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് രഹാനെയുടെ ക്യാപ്റ്റന്‍സിയില്‍ ശക്തമായ തിരിച്ചുവരവാണ് ഇന്ത്യ പിന്നീട് നടത്തിയത്. മൂന്നു ടെസ്റ്റുകളില്‍ രണ്ടെണ്ണത്തില്‍ ജയിച്ച ഇന്ത്യ ഒന്നു സമനിലയാക്കുകും ചെയ്ത് 2-1ന്റെ ജയവുമായി ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തുകയായിരുന്നു.
അതേസമയം, ബാറ്റിങിലെ മോശം കാരണം 16 മാസത്തോളം പുറത്തിരുന്ന ശേഷം രഹാനെയുടെ തിരിച്ചുവരവായിരുന്നു കഴിഞ്ഞ ഡബ്ല്യുടിസി ഫൈനലിലേത്. ആദ്യ ഇന്നിങ്‌സില്‍ 89 റണ്‍സുമായി ടീമിന്റെ ടോപ്സ്‌കോററായ അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ 46 റണ്‍സുമെടുത്തിരുന്നു.