മുംബൈ: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ട് മത്സര ടെസ്റ്റ് പരമ്പര 12ന് ആരംഭിക്കാന്‍ പോവുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പുതിയ സീസണിലെ ഇന്ത്യയുടെ ആദ്യത്തെ മത്സരമാണിത്. ദുര്‍ബലരായ വെസ്റ്റ് ഇന്‍ഡീസിനെ തൂത്തുവാരി നിര്‍ണ്ണായക പോയിന്റുകള്‍ സ്വന്തമാക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം. ഇതിനോടകം വെസ്റ്റ് ഇന്‍ഡീസിലെത്തിയ ഇന്ത്യ നിലവില്‍ പരിശീലന മത്സരം കളിക്കുകയാണ്. ചേതേശ്വര്‍ പുജാരയെ ഒഴിവാക്കിയാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസില്‍ ഇറങ്ങുന്നത്.
റുതുരാജ് ഗെയ്ക്‌വാദ്, യശ്വസി ജയ്‌സ്വാള്‍, മുകേഷ് കുമാര്‍ എന്നിവരെല്ലാം ടീമിലേക്കെത്തിയിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിന്റെ സമീപകാല പ്രകടനങ്ങള്‍ മോശമാണെങ്കിലും ശക്തമായ താരനിരയെയാണ് ഇന്ത്യ കളത്തിലിറക്കുന്നത്. ഇന്ത്യ അവസാനമായി വെസ്റ്റ് ഇന്‍ഡീസില്‍ ടെസ്റ്റ് കളിച്ചത് 2019 ആഗസ്റ്റ്-സെപ്തംബര്‍ മാസത്തിലാണ്. ഈ പരമ്പര 2-0ന് ഇന്ത്യ തൂത്തുവാരുകയും ചെയ്തു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായാണ് ഈ പരമ്പര കളിച്ചത്.
കോലിക്ക് കീഴിലാണ് അന്ന് ഇന്ത്യ പരമ്പര കളിച്ചത്. ഇത്തവണ രോഹിത് ശര്‍മക്ക് കീഴിലാണ് ഇന്ത്യ ഇറങ്ങുന്നത്. 2019ലെ ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുകയും ഇപ്പോള്‍ ടീമിന് പുറത്താവുകയും ചെയ്ത ചില താരങ്ങളുണ്ട്. അവര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം ഹനുമ വിഹാരിയാണ്. മധ്യനിരയില്‍ തിളങ്ങാന്‍ ശേഷിയുള്ള വിഹാരി ഓസ്‌ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും ഇംഗ്ലണ്ടിലുമെല്ലാം തിളങ്ങിയിട്ടുണ്ട്.
2019ല്‍ ഇന്ത്യയുടെ പ്ലേയിങ് 11 ഉള്‍പ്പെട്ട വിഹാരി 111 റണ്‍സ് ആദ്യ ഇന്നിങ്‌സില്‍ അടിച്ചെടുത്തു. രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറിയും നേടി. എന്നാല്‍ ഇപ്പോള്‍ താരത്തിന് ടീമില്‍ ഇടമില്ല. അവസരം ലഭിക്കാത്തതിന്റെ നിരാശ കഴിഞ്ഞ ദിവസം വിഹാരി പങ്കുവെക്കുകയും ചെയ്തു. അജിന്‍ക്യ രഹാനെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്തിയതുപോലെ വിഹാരിയും തിരിച്ചുവരവ് പ്രതീക്ഷിക്കുകയാണ്.

രണ്ടാമത്തെ താരം മായങ്ക് അഗര്‍വാളാണ്. ഓപ്പണിങ്ങില്‍ ഇന്ത്യക്കായി തിളങ്ങിയിരുന്ന താരമാണ് മായങ്ക് അഗര്‍വാള്‍. 2019ലെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ കെ എല്‍ രാഹുലിനൊപ്പം മായങ്ക് അഗര്‍വാളാണ് ഓപ്പണിങ്ങില്‍ ഇറങ്ങിയത്. 2022ല്‍ ശ്രീലങ്കയ്‌ക്കെതിരേയാണ് അവസാനമായി മായങ്ക് കളിച്ചത്. ഇതിന് ശേഷം അദ്ദേഹം തഴയപ്പെട്ടു. ഇന്ത്യന്‍ പിച്ചുകളില്‍ മിടുക്കനാണെങ്കിലും വിദേശ പര്യടനങ്ങളില്‍ മായങ്കിന്റെ പ്രകടനം മോശമാണ്.
അതുകൊണ്ടുതന്നെ ഇപ്പോള്‍ അദ്ദേഹത്തിന് ഇന്ത്യന്‍ ടീമിലിടമില്ല. രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലുമാണ് നിലവില്‍ ടെസ്റ്റിലെ ഇന്ത്യയുടെ ഓപ്പണര്‍മാര്‍. മൂന്നാമത്തെ താരം വൃദ്ധിമാന്‍ സാഹയാണ്. ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി അന്ന് ടീമിലുണ്ടായിരുന്നത് സാഹയാണ്. എംഎസ് ധോണി വിരമിച്ച ശേഷം ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ് കീപ്പറായി സാഹയായിരുന്നു ഏറെ നാളുണ്ടായിരുന്നത്. എന്നാല്‍ റിഷഭ് പന്ത് വളര്‍ന്നതോടെ സാഹയുടെ ചീട്ടുകീറി.
ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ സാഹക്ക് സ്ഥാനമില്ല. ഇത്തവണ ഇഷാന്‍ കിഷനും കെ എസ് ഭരത്തുമാണ് വിക്കറ്റ് കീപ്പര്‍മാര്‍. സാഹയുടെ കീപ്പിങ് മികച്ചതാണെങ്കിലും ബാറ്റിങ്ങില്‍ അത്ര മികവില്ല. ഇതോടെ യുവതാരങ്ങള്‍ വളര്‍ന്നുവന്നപ്പോള്‍ സാഹക്ക് വഴിമാറിക്കൊടുക്കേണ്ടി വന്നു. ഇഷാന്ത് ശര്‍മയാണ് നാലാമത്തെ താരം. സീനിയര്‍ പേസറായ ഇഷാന്ത് ശര്‍മ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായിട്ട് നാളുകളേറെയായി. 2021ല്‍ ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് അവസാനമായി ഇഷാന്ത് കളിച്ചത്.
ഇതിനുശേഷം ഇന്ത്യക്കായി കളിക്കാനായിട്ടില്ല. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം കളിക്കുന്നുണ്ടെങ്കിലും ഇഷാന്തിന് ഇനിയൊരു തിരിച്ചുവരവ് സാധിച്ചേക്കില്ല. ഇന്ത്യക്കായി വിദേശ മൈതാനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള താരമാണ് ഇഷാന്ത് ശര്‍മ. പക്ഷെ ഇനി തിരിച്ചുവരവ് അവസരം ലഭിച്ചേക്കില്ല.